'ഇനി നീ കെട്ടിപ്പിടിച്ചോ, ഉമ്മ വച്ചോ അഭിനയിക്കുന്നത് കണ്ടാൽ...'; അന്ന് വിനീത് നൽകിയ താക്കീതിനെ കുറിച്ച് ശിവദ
മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് ശിവദാ. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മികച്ച അഭിനയപ്രകടനം കാഴ്‌ച വച്ച താരം തമിഴിൽ ഉൾപ്പെടെ സജീവമാണ്. എന്നാൽ സിനിമയിൽ എത്തും മുൻപ് തന്നെ ശിവദ പ്രശസ്‌തയായത് ഒരു മലയാളം ആൾബലത്തിലൂടെയാണ്. പ്രമുഖ നടൻ വിനീത് കുമാർ സംവിധാനം ചെയ്‌ത 'മഴ' എന്ന ആൽബം മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ഒന്നാണ്.
ഈ ആൽബത്തിലൂടെയായിരുന്നു ശിവദയുടെ അരങ്ങേറ്റം. എന്നാൽ ഇതിന്റെ ഷൂട്ടിനിടയിൽ ഉണ്ടായ രസകരമായ സംഭവം ഓർത്തെടുക്കുകയാണ് താരമിപ്പോൾ. സംവിധായകൻ കൂടിയായ വിനീത് കുമാർ ഷൂട്ടിംഗ് സെറ്റിൽ വച്ച് തനിക്ക് നൽകിയ താക്കീതും, പിന്നീട് അതോർക്കുമ്പോൾ ഇപ്പോഴത്തെ തന്റെ മാനസികാവസ്ഥയും ഒക്കെയാണ് താരം തുറന്നുപറയുന്നത്.

ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് മഴ എന്ന ആല്‍ബത്തില്‍ അഭിനയിച്ചതിനെ കുറിച്ചും നടൻ വിനീത് കുമാറിനെ കുറിച്ചും ഒക്കെ ശിവദ സംസാരിച്ചത്. എന്റേ ആദ്യത്തെ സംവിധായകനാണ് വിനീതേട്ടന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ശിവദ തന്റെ അഭിനയ അനുഭവവും അതുമായി ബന്ധപ്പെട്ടുണ്ടായ രസകരമായ സംഭവ വികാസങ്ങളും വിവരിച്ചത്.
'മഴ എന്ന ആല്‍ബത്തില്‍ നായകന്‍ തോളില്‍ ചായുന്നതും, മടിയില്‍ കിടക്കുന്നതായും, മാറില്‍ ചായുന്നതും ഒക്കെയുള്ള രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള രംഗങ്ങളില്‍ ഞാന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞു. അഭിനയമാണ്, ഇങ്ങനെയൊക്കെയാണ് എന്ന് വിനീതേട്ടന്‍ പറഞ്ഞിട്ടും ഞാന്‍ സമ്മതിച്ചില്ല.' ശിവദ ഓർത്തെടുത്തു.
'ഈ ആല്‍ബം പുറത്തിറങ്ങി, നിനക്ക് വല്ല സിനിമയിലും അവസരം കിട്ടി, നാളെ വലിയ നടിയായാല്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ, ഉമ്മയ്ക്കുന്നതോ എങ്ങാനും ഞാന്‍ കണ്ടാല്‍, ബാക്കി അപ്പോള്‍ പറയാം' എന്നായിരുന്നു വിനീതേട്ടൻ സെറ്റിൽ വെച്ച് എന്നോട് പറഞ്ഞത്. ചിരിച്ചുകൊണ്ടായിരുന്നു താരം ഈ സംഭവം വെളിപ്പെടുത്തിയത്.
പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും, അതിൽ പലതിലും കെട്ടിപ്പിടിച്ച് അഭിനയിക്കേണ്ടി വരികയും ഒക്കെ ചെയ്‌തിട്ടുണ്ട്. അഭിനയവും സിനിമയും ഒക്കെ മനസിലാക്കി തുടങ്ങിയത് പിന്നീടാണ്. പക്ഷേ, അന്ന് വിനീതേട്ടൻ പറഞ്ഞത് ഓർക്കുമ്പോൾ ഇന്നും ചിരി വരാറുണ്ടെന്നും ശിവദ മനസ് തുറന്നു.
അതേസമയം, മഴ എന്ന ആല്‍ബത്തിലൂടെ സംവിധാന ലോകത്തേക്ക് ഇറങ്ങിയ വിനീത് ഫഹദിനെ നായകനാക്കി 'അയാള്‍ ഞാനല്ല' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്‌തത്. അതിന് ശേഷം ഡിയര്‍ ഫ്രണ്ട് എന്ന സിനിമയും ചെയ്‌തിരുന്നു. ഇപ്പോഴിതാ സൂപ്പർതാരം ദിലീപിനെ നായകനാക്കി 'പവി കെയര്‍ ടേക്കര്‍' എന്ന സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണ് വിനീത് കുമാര്‍.












Click it and Unblock the Notifications