ഒരു കമന്റ് കണ്ടു: ആദ്യം എന്താ ഇങ്ങനെയെന്ന് ആലോചിച്ചു, പക്ഷെ അതാണ് സത്യം: അജു വർഗ്ഗീസ്
2010 ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന വന്ന ഒരുപിടി താരങ്ങളില്‍ ഒരാളാണ് അജു വർഗ്ഗീസ്. തുടക്കക്കാലത്ത് അധികവും ചെയ്തത് കോമഡി വേഷങ്ങളായിരുന്നെങ്കില്‍ പിന്നീട് സിരീയസ് വേഷങ്ങളിലേക്കും നായക കഥാപാത്രങ്ങളിലേക്കും താരം കടന്നു. കൂട്ടുകാർക്കൊപ്പം ചേർന്നും അല്ലാതേയും നിർമ്മാണ മേഖലയിലും അജുവർഗ്ഗീസ് കൈവെച്ചിട്ടുണ്ട്.
ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായും അദ്ദേഹം പ്രവർത്തിച്ചു. ഫീനിക്സാണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഹൊറർ ത്രില്ലർ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അജു വർഗ്ഗീസ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്.

'സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് മാത്രം സിനിമയില്‍ നിലനില്‍ക്കുന്ന നടനാണ് അജു വർഗീസ്' എന്നൊരു കമന്റ് ഞാന്‍ ഓണ്‍ലൈനില്‍ കണ്ടിരുന്നു. അത് ഒരു സത്യമാണ്. ആദ്യം കണ്ടപ്പോള്‍ ഇവർ എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ അത് സത്യമാണ്. മലർവാടി മുതല്‍ ഫീനിക്സ് മുതലുള്ള പല ചിത്രങ്ങളും സുഹൃത്തുക്കള്‍ കാരണമാണ് എനിക്ക് ലഭിച്ചതെന്നും അജു വർഗ്ഗീസ് പറയുന്നു.
ഈ വർഷം ഇറങ്ങിയ എല്ലാ സിനിമകളും ഇനി വരാന്‍ പോകുന്ന സിനിമകളും സുഹൃത്തുക്കളുടേതാണ്. ഒരുമിച്ച് വളരുക എന്നുള്ളത് തന്നെയായിരിക്കുമല്ലോ? നമുക്ക് ആരേയും വളർത്താന്‍ സാധിക്കില്ല. അതിന് കഴിവ് വേണം. അയാള്‍ വളർന്നാല്‍ നമുക്കും വളരാം. അതാണ് ലളിതമായ ചിന്തയെന്നും അഭിമുഖത്തില്‍ അജു വർഗീസ് പറയുന്നു.
ഓം ശാന്തി ഒശാന, ആട്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹ്യൂമർ വർക്ക് ചെയ്യിപ്പിക്കാനായിരുന്നു മിഥുന്‍ ശ്രമിച്ചത്. കോവിഡ് സമയത്ത് മിഥുന്‍ തന്നെ സംവിധാനം ചെയ്ത അർധരാത്രിയിലെ കുട എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ആ സമയത്താണ് വിഷ്ണു ഈ ത്രെഡ്ഡുമായി മിഥുനെ സമീപിക്കുന്നത്. മിഥുനും വിനീതും ചെയ്യുന്നതാണ് യഥാർത്ഥത്തിലുള്ള അപ്ബ്രിങ്ങിങ്, എന്റേത് സെല്‍ഫിഷ് താല്‍പര്യമാണ്.
സ്വന്തം അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഷോർട്സ് ഫിലിം മിഥുന്‍ നിർമ്മിച്ചിട്ടുണ്ട്. ഇവിടെ വിഷ്ണു സംവിധാനം ചെയ്യാന്‍ പോകുമ്പോഴും മിഥുനാണ് തിരക്കഥാകൃത്തും നിർമ്മാതാക്കളിലും ഒരാളാണ്. വിനീത് ഹെലനും ആനന്ദവും ചെയ്തു. ഭാവന സ്റ്റുഡിയോസും അങ്ങനെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെയ്യുന്നത് കാണാറുണ്ട്. കംഫർട്ട് എന്ന് പറയുന്നത് വളരെ പ്രധാനാണ്. അതുകൊണ്ട് തന്നെ സുഹൃത്തുക്കളുടെ സിനിമയില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.
പ്രധാനപ്പെട്ട റീസണ്‍ എന്ന് പറയുന്നത് തെറ്റിപ്പോയാല്‍ വഴക്ക് പറയില്ല എന്നത് തന്നെയാണ്. ഇരുപത് ടേക്ക് ആയാലും നമുക്ക് പ്രശ്നമില്ല. വേറെ ആളുകളാണെങ്കില്‍ ദൈവമേ ഇങ്ങേർ എന്ത് വിചാരിക്കുമോയെന്ന ചിന്തയാവും. ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മളുടെ പിടിയും പോകും. അവർക്കും ചിലപ്പോള്‍ അത്ര ക്ഷമയുണ്ടാകില്ല. സുഹൃത്തുക്കള്‍ അല്ലാത്തവരുടെ കൂടെ കുറച്ച് മാത്രം വർക്ക് ചെയ്ത വ്യക്തിയാണ് ഞാനെന്നും അജു വർഗ്ഗീസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications