ബിഗ് ബോസ് വിറപ്പിക്കാൻ അഖിൽ മാരാരും കൂട്ടരും എത്തുന്നു; ഇനി കളിമാറും, 'റേറ്റിങ് കൂട്ടാൻ വേറെ വഴിയില്ല'
ബിഗ് ബോസ് മലയാളം ഏഴാം സീസൺ പുരോഗമിക്കുകയാണ്. മത്സരാർത്ഥികൾ എല്ലാവരും കടുത്ത വാശിയോടെയാണ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാൽ അഞ്ചാം ആഴ്‌ചയിൽ ചിലരുടെ പുറത്താകൽ ബിഗ് ബോസ് ഹൗസിനെ ഒന്നാകെ ഉലച്ചിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് അനുമോൾക്ക് എതിരെ കളിച്ചിരുന്ന ബുള്ളിയിങ് ഗ്യാങ് എന്ന വിളിപ്പേരുള്ള ഗ്രൂപ്പിന്റെ സ്വയംപ്രഖ്യാപിത തലവനായ അപ്പാനി ശരത്തിന്റെ പുറത്താകൽ.
ഗ്രാൻഡ് ഫിനാലെ വരെ എത്തുമെന്നും, അവസാന അഞ്ചിൽ ഉണ്ടാവുമെന്നും ഒക്കെ കരുതിയിരുന്ന സ്ഥാനത്താണ് അപ്പാനി പുറത്തായത്. ഒരു മാസം പിന്നിട്ടപ്പോഴേക്കും അപ്പാനിക്ക് ബിഗ് ബോസിൽ നിന്ന് വിടപറയേണ്ടി വന്നുവെന്ന് പറയുന്നത് ആരാധകരും ഒട്ടും പ്രതീക്ഷിച്ചതല്ല. എന്നാൽ അതിനൊപ്പം തന്നെ രേണു സുധിയും ശൈത്യയും കൂടി ഈ വീക്കിൽ പുറത്തേക്ക് പോയ മത്സരാർത്ഥികളിൽ ഉൾപ്പെടുന്നുണ്ട് എന്നതാണ് പ്രധാനം.

ഇവരെല്ലാം അനുമോൾക്ക് എതിരെ കളിച്ചിരുന്നവരാണ്. അക്ബർ ഉൾപ്പെടെയുന്ന ഗ്രൂപ്പിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ് എന്നതാണ് പ്രധാന കാര്യം. എന്തായാലും കഴിഞ്ഞ ആഴ്‌ചകളിൽ നിന്ന് വ്യത്യസ്‌തമായി ബിഗ് ബോസിൽ റേറ്റിങ് കാര്യമായി ഇടിഞ്ഞുവെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ അലയൊലികൾ ബിഗ് ബോസ് അണിയറ പ്രവർത്തകർക്ക് ഇടയിലും പ്രകടമാണ് എന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോഴിതാ ഏഷ്യാനെറ്റ് പങ്കുവച്ച ഏറ്റവും പുതിയ പ്രമോ വീഡിയോയാണ് ചർച്ചയാവുന്നത്. ബിഗ് ബോസിൽ മുൻ വിജയിയും സോഷ്യൽ മീഡിയയിലെ മിന്നും താരവുമായ അഖിൽ മാരാർ ആണ് ബിഗ് ബോസ് ഏഴാം സീസണിലേക്ക് കടന്നുവരുന്നത്. അഖിൽ മാരാർ താൽക്കാലികമായി ബിഗ് ബോസിലേക്ക് വരുന്നതാണോ അല്ലെങ്കിൽ വൈൽഡ് കാർഡ് പോലെ കൊണ്ട് വരുന്നതാണോ എന്നൊക്കെയുള്ള സംശയങ്ങൾ സ്വാഭാവികമായി പ്രേക്ഷകർ ഉയർത്തി തുടങ്ങിയിട്ടുണ്ട്.
എന്നാൽ അഖിൽ മാരാർ മാത്രമല്ല ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ സെറീനയും ഒപ്പം അഭിഷേകും അഖിൽ മാരാർക്ക് ഒപ്പം എത്തുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ഇവരെല്ലാം വരുന്നത് ഏഴിന്റെ പണിയുമായി ആണോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. നിലവിലെ ബിഗ് ബോസ് മത്സരാർത്ഥികളെ ഒന്ന് ഉണർത്താൻ കൊണ്ട് വരുന്നതാണോ ഇവരെയെന്നും ചിലർ ചോദിക്കുന്നു.
എന്നാൽ പ്രമോയിൽ കാര്യങ്ങൾ ബിഗ് ബോസ് അണിയറ പ്രവത്തകരോ ഏഷ്യാനെറ്റോ വ്യക്തമാക്കിയിട്ടില്ല എന്ന് കാണാം. പക്ഷേ, അഖിൽ മാരാർ നായകനായി അഭിനയിക്കുന്ന മുൻ ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി ആയ സെറീന പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമായ മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലിയുടെ പ്രമോഷന് വേണ്ടിയാണ് ഇവർ വീട്ടിലേക്ക് എത്തുന്നത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
കാരണം ഈ ചിത്രത്തിൽ ബിഗ് ബോസ് ഏഴാം സീസണിലെ വൈൽഡ് കാർഡ് ആയ വേദ ലക്ഷ്‌മിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പ്രമോഷന് വേണ്ടിയാണോ അവരുടെ വരവെന്ന് വ്യക്തമല്ല. എങ്കിലും ബിഗ് ബോസ് വീടിനെ ഒന്ന് ഉണർത്താൻ അഖിൽ മാരാരുടെ വരവ് കൊണ്ട് ഉറപ്പായും സാധിക്കുമെന്നും പോയ റേറ്റിങ് തിരിച്ചുപിടിക്കാൻ അവർക്ക് കഴിയുമെന്നും തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം.
മറ്റൊരു വിഭാഗം പ്രേക്ഷകർ അഖിൽ മാരാരുടെ വരവിനെ പരിഹസിക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലെ സ്ഥിരത ഇല്ലായ്‌മയാണ്. നേരത്തെ ബിഗ് ബോസിൽ വരുന്നതിലും നല്ലത് നാലാളുടെ മുന്നിൽ മുണ്ട് പൊക്കി കാണിക്കുന്നതാണ് എന്ന് അഖിൽ മാരാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മാരാർ അതിൽ പങ്കെടുത്തു വിജയിച്ചു. പിന്നാലെ ബിഗ് ബോസിനെ വീണ്ടും കുറ്റം പറഞ്ഞെന്നും ഇപ്പോൾ അവിടേക്ക് തന്നെ തിരിച്ചുപോവുകയാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications