അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു; ആനന്ദ് അംബാനിയുടെ വിവാഹത്തിന് കില്ലാഡി എത്തില്ല
മുംബൈ: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ഇന്ന് മുംബൈയില്‍ നടക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് അംബാനി കുടുംബം പ്ലാന്‍ ചെയ്തിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അക്ഷയ് കുമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതാണ് അക്ഷയ് കുമാറിന്റെ ശീലം. ഈ തിരക്കിനിടയിലും താരം ആനന്ദിന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ താരത്തിന്റെ ആരോഗ്യ നില അത്ര തൃപ്തികരമായിരുന്നില്ല. പരിശോധനയില്‍ താരം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പുതിയ ചിത്രമായ സര്‍ഫിരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യാത്രകളിലായിരുന്നു അക്ഷയ് കുമാര്‍. കഴിഞ്ഞ രണ്ട് ദിവസം അക്ഷയിക്ക് ശാരീരിക അവശതകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലും അക്ഷയ് സ്വീകരിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സര്‍ഫിരയുടെ അവസാന ഘട്ട പ്രമോഷനും താരത്തിന് നഷ്ടമായിരുന്നു. അതേസമയം ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, രാംചരണ്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ പോലുള്ള പ്രമുഖ താരങ്ങള്‍ ചടങ്ങിനെത്തും.
മൂന്ന് ദിവസത്തെ വമ്പന്‍ പരിപാടികളാണ് വിവാഹ ചടങ്ങുകളുടെ ഭാഗമായിട്ടുള്ളത്. ജൂലായ് പന്ത്രണ്ടിന് ശുഭ് വിവാഹ് ചടങ്ങുകളാണ് ഉള്ളത്. ജൂലായ് പതിമൂന്നിന് ശുഭ് ആശീര്‍വാദ് ചടങ്ങുകളും നടക്കുക. ജൂലായ് പതിനാലിന് വമ്പന്‍ വിവാഹ റിസപ്ഷനും ഉണ്ടായിരിക്കും. തൊട്ടടുത്ത ദിവസമായ ജൂലായ് പതിനഞ്ചിനും മറ്റൊരു റിസപ്ഷന്‍ ഉണ്ടായിരിക്കും.
ആഗോള സെലിബ്രിറ്റികളെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ജോണ്‍ സീന, മൈക്ക് ടൈസണ്‍, ജീന്‍ ക്ലോഡ് വാന്‍ഡം, പോലുള്ള സെലിബ്രിറ്റികളില്‍ ഇതിലുണ്ട്. പ്രമുഖ അവതാരകയും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയാനും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ നിന്ന് ബോറിസ് ജോണ്‍സന്‍, ടോണി ബ്ലെയര്‍, ജോണ്‍ കെറി പോലുള്ളവരും എത്തുന്നുണ്ട്.
അതേസമയം വിവാഹത്തിന് മുമ്പ് റിലയന്‍സിലെ ജീവനക്കാര്‍ക്കെല്ലാം വലിയ സമ്മാനപൊതികളും ലഭിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ഗിഫ്റ്റ് ബോക്‌സുകളാണ് ഇത്. ഹല്‍ദിറാമിന്റെ സ്‌നാക്‌സ്, മധുരപലഹാരങ്ങള്‍ അടങ്ങിയ പൊതി, വെള്ളി നാണയം എന്നിവയാണ് ഉള്ളത്.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ആശംസകളും ഇതിലുണ്ട്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജീവനക്കാര്‍ക്ക് ജൂലായ് പതിനഞ്ച് വരെ വര്‍ക്ക് ഫ്രം ഹോമിലൂടെ ജോലി ചെയ്യാം. ഗതാഗത നിയന്ത്രണത്തെ തുടര്‍ന്നാണ് ഈ തീരുമാനം. യോഗി ആദിത്യനാഥ് അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications