'പൃഥ്വിയും ഞാനും സംസാരിക്കുമ്പോൾ സുപ്രിയ ഇടപെട്ടു, അലംകൃത തിരുത്തി'; മല്ലികാ സുകുമാരൻ പറയുന്നു
മക്കളായ ഇന്ദ്രിജിത്തിനേയും പൃഥ്വിരാജിനേയും കുറിച്ച് സംസാരിക്കാത്ത മല്ലിക്കാ സുകുമാരന്റെ ഒരു അഭിമുഖം പോലും കാണില്ല. പൊതുവെ പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും കുടുംബ വിശേഷങ്ങളെല്ലാം തന്നെ അമ്മ മല്ലികയിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിതാ കൊച്ചുമക്കളോടുള്ള അടുപ്പവും അവരോടുള്ള അടുപ്പത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുകയാണ് മല്ലിക. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക പേരക്കുട്ടികളെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം സംസാരിച്ചത്.
'മക്കൾ എന്നെ നന്നായി നോക്കുന്നുണ്ട്. മരുമക്കൾക്ക് അവരുടേതായ ലോകം ഉണ്ട്. അത് അറിഞ്ഞ് നിൽക്കുകയെന്നതാണ് അമ്മായിഅമ്മയുടെ കടമ. കൊച്ചുമക്കളായ പ്രാർത്ഥനയും നക്ഷത്രയുമൊക്കെ നന്നായി പഠിക്കും. നക്ഷത്രയാണ് ശരിക്കും എന്റെ മോളെന്ന് പറയുന്നത്. നല്ല നിരീക്ഷണങ്ങളൊക്കെ നടത്തി അച്ഛനെന്നോ അമ്മയെന്നോ നോക്കാതെ കൃത്യമായി കാര്യം പറയും. എന്റെ കൂടെ വന്ന് നിൽക്കും. അലംകൃതയെ പിന്നെ സുപ്രിയ അങ്ങനെ വിട്ടിട്ടില്ല. വരും കളിച്ച് പോകും. സമ്മാനമൊക്കെ കൊണ്ടുകൊടുക്കുമ്പോൾ താങ്ക്യു അച്ചമ്മ എന്നൊക്കെ പറയും. ഇവിടെ വരുമ്പോൾ അവൾക്ക് വേണ്ടി തയ്യാറാക്കി വെക്കുന്ന കാര്യങ്ങളുണ്ട്. പഴുത്ത മാങ്ങ വളരെ ഇഷ്ടമാണ്. അതുകാണുമ്പോൾ അമ്മയോട് പറയും കണ്ടോ അച്ഛമ്മ ഇതൊക്കെ റെഡിയാക്കി വെയ്ക്കുമെന്ന് എനിക്ക് അറിയാം എന്ന്.

അലംകൃത പൃഥ്വിയെ പോലെയാണ്. വളരെ അധികം ആലോചിച്ചേ സംസാരിക്കുകയുള്ളൂ. ഇടയ്ക്ക് ഞാനും പൃഥ്വിയും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സുപ്രിയ അവളോട് പറഞ്ഞു അച്ഛമ്മയും അച്ഛനും സംസാരിക്കുമ്പോൾ അനാവശ്യമായി ഇടപെട്ട് സംസാരിക്കരുതെന്ന്. അതുകഴിഞ്ഞപ്പോൾ രാജുവും ഞാനും സംസാരിക്കുമ്പോൾ സുപ്രിയ സംസാരിച്ചു. അപ്പോൾ തന്നെ ആലി പറഞ്ഞു എന്നോട് ഇടപെടരുതെന്ന് പറഞ്ഞിട്ട് അമ്മയെന്താണ് ഇപ്പോൾ കാണിച്ചതെന്ന്. ഇത് കേൾക്കുമ്പോൾ കുഞ്ഞ് ആള് കൊള്ളാമല്ലോയെന്ന് തോന്നും.
പ്രാർത്ഥന നന്നായി പിയാനോയും ഗിറ്റാറുമൊക്കെ വായിക്കും. വെസ്റ്റേൺ മ്യൂസിക് ആണ് അവൾക്കിഷ്ടം. ജസ്റ്റിൻ ബീബർ എന്ന് പറഞ്ഞ് തുടങ്ങിയതാണ്. ചെറുപ്പത്തിലെ അവൾക്ക് പഠിക്കുന്ന കാര്യത്തിൽ നല്ല പ്ലാനിങ് ഉണ്ടായിരുന്നു. ലണ്ടനിലെ ഡിഗ്രി കഴിഞ്ഞാൽ ഇനി അമേരിക്കയിലേക്ക് പോകാൻ പ്ലാനുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നോട്. കല്ല്യാണം കഴിഞ്ഞൊക്കെ പോയാമതിയെന്നൊക്കെ ഞാൻ പറയാറുണ്ട്. അമ്മമ്മയല്ലേ, അങ്ങനെയൊക്കെ പറയുമല്ലോ നമ്മൾ.
പാത്തുവാണ് ആദ്യ കൊച്ചുമകൾ. അവളുടെ ഫോട്ടോയാണ് എന്റെ കൂടെ കൂടുതൽ ഉള്ളത്. പാത്തുവിനെ പ്രസവിക്കുമ്പോഴൊക്കെ ഞാൻ കൂടെയുണ്ട്. ഒരു വെള്ളിയാഴ്ചയാണ് കുഞ്ഞുണ്ടാകുന്നത്. ചോറ്റാനിരിക്കരയില ദേവിയെയൊക്കെ പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. ദേവിയുടെ നക്ഷത്രത്തിൽ വൈകുന്നേരം ദീപാരാധന സമയത്താണ് ജനിച്ചത്. അന്നേ പ്രാർത്ഥിച്ചു ദേവി മിടുക്കയായി തരണം, പെൺകുട്ടിയല്ലേ. പാത്തുവും നക്ഷത്രയും ചെറുപ്പത്തിൽ എനിക്കൊപ്പം വന്ന് നിൽക്കുമായിരുന്നു. പിന്നെ നക്ഷത്ര വലുതാവാൻ തുടങ്ങിയതോടെ പാത്തുവിനെ അവൾ ഓവർ ടേക്ക് ചെയ്യാൻ തുടങ്ങി. അച്ഛമ്മയുടെ മകൾ അവളാണെന്ന് സ്ഥാപിച്ചെടുത്തു.
പൃഥ്വിരാജും ഇന്ദ്രജിത്തും ഇങ്ങനെയൊക്കെയായിരുന്നു. രാജു ഉണ്ടാകുമ്പോൾ ഇന്ദ്രന് 3 വയസാണ്. പക്ഷെ അവനുണ്ടായപ്പോഴേക്കും ഇന്ദ്രൻ കാരണവരായി. രാജുവിനെ ആരും വഴക്ക് പറയാൻ പാടില്ല എന്നൊക്കെയായി. ഞാനും ഇന്ദ്രനും ഒരുപോലെയാണ്. പൃഥ്വിരാജൻ അച്ഛനെ പോലെയാണ്. ആരെങ്കിലും വീട്ടിൽ വന്നാൽ ഞങ്ങൾ പെട്ടെന്ന് സംസാരിക്കുകയൊക്കെ ചെയ്യും. പൃഥ്വിക്ക് ഒരു സ്റ്റാർട്ടിങ് ട്രെബിൾ ഒക്കെയുണ്ട്.












Click it and Unblock the Notifications