"അന്ന് വിക്രമിന്റെ കാല് മുറിച്ചുമാറ്റണമെന്ന് പറഞ്ഞു, 23 സർജറി നടത്തി, ജീവിക്കാൻ സീരിയലിൽ അഭിനയിച്ചു'"
മലയാളിയല്ലെങ്കിലും നമുക്ക് ഏറെ പ്രിയങ്കരനായ താരമാണ് ചിയാൻ വിക്രം. കരിയറിന്റെ തുടക്കത്തിൽ ഒട്ടേറെ മലയാള സിനിമകളിൽ അദ്ദേഹം വേഷമിട്ടിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾക്ക് അദ്ദേഹത്തോട് ഒരു പ്രത്യേക സ്നേഹമുണ്ട് താനും. ഒരു കഥാപാത്രം നന്നാവാൻ ഏതറ്റം വരെയും പോവുന്ന വിക്രമിന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.
അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രതികരണം. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌ത ശേഷമാണ് വിക്രം ഈ നിലയിൽ എത്തിയതെന്നും കരിയർ ഒട്ടേറെ തിരിച്ചടികൾ നേരിട്ടെങ്കിലും അതിനെയൊക്കെയും അദ്ദേഹം നേരിട്ടുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. സിനിമയിൽ വിക്രമിന് ഉണ്ടായ പരാജയങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറക്കുകയുണ്ടായി.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ചിയാൻ വിക്രം എന്ന നടൻ മലയാളത്തിന്റെ പ്രിയ മരുമകൻ മാത്രമല്ല ഒരു പാഠപുസ്‌തകം കൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതം വായിക്കുമ്പോൾ ഉത്തേജനമാണ്. പരാജയപ്പെട്ട് ജീവിതം മടുത്തവർക്ക് അവരുടെ ലക്ഷ്യത്തിൽ എത്താൻ അത് സഹായകരമാവും. അഭിനയ മോഹം വേണ്ടത്ര വിജയകരമായി മാറാതെ പോയ ഒരു പിതാവിന്റെ മകനാണ് കെന്നഡി ജോൺ വിക്‌ടർ എന്ന വിക്രം.
ഒരുപാട് കഠിന പരിശ്രമത്തിന്റെയും കഷ്‌ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും കഥയുണ്ട് വിക്രമിന്റെ വിജയത്തിന് പിന്നിൽ. തന്റെ കോളേജ് പഠന കാലത്ത് നാടക അഭിനയത്തിന്റെ ഏറ്റവും നല്ല നടനുള്ള ട്രോഫിയും കരസ്ഥമാക്കി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി സംഭവിച്ച അപകടം അദ്ദേഹത്തിന്റെ കാലിന് ഗുരുതര പരിക്കേൽപ്പിച്ചു. അത് അദ്ദേഹത്തിന്റെ കാലുകളിലെ എല്ലിനെ താറുമാറാക്കി.
ഡോക്‌ടർമാർ വിധിയെഴുതിയത് കാലുകൾ മുറിച്ചു മാറ്റണമെന്നാണ്. ഒത്തിരി മോഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം അതോടെ പ്രതിസന്ധിയിലാകുമായിരുന്നു. എന്നാൽ വിക്രമിന്റെ അമ്മ അതിന് സമ്മതിച്ചില്ല. അവർ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ധൈര്യമുള്ള ഒരു ആളായിരുന്നു എന്നതാണ് അതിന്റെ കാരണം. അമ്മയാണ് വിക്രമിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. നാല് വർഷത്തോളം വിക്രം പിന്നെ കിടക്കയിലായിരുന്നു.
അവിടെ ആശുപത്രിയിൽ വച്ചാണ് വിക്രം ശൈലജ ബാലകൃഷ്‌ണനെ കണ്ടത്. അവിടെ സൈക്കോളജിസ്‌റ്റ് ആയിരുന്നു. അന്ന് വിക്രമിന് ധൈര്യം മാത്രമല്ല സ്നേഹവും ഹൃദയവും അവർ കൈമാറി. 1992ൽ ഗുരുവായൂരിൽ വച്ച് ഹിന്ദു മതാചാര പ്രകാരവും ചെന്നൈയിൽ വച്ച് ക്രിസ്ത്യൻ ആചാര പ്രകാരവും ഇവരുടെ വിവാഹം നടന്നു, ഇവർക്ക് അക്ഷിത, ധ്രുവ് എന്നീ രണ്ട് മക്കളാണ് ഉള്ളത്.
മലയാളത്തെ ധ്രുവത്തിൽ തുടങ്ങിയ വിക്രമിന്റെ അഭിനയ ജീവിതം ഒരു പിടി ചിത്രങ്ങളിലേക്ക് നീണ്ടെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. പിന്നീട് തമിഴിലാവട്ടെ 1990 മുതൽ 98 വരെ അഭിനയിച്ച ഒരു ചിത്രം പോലും വിക്രമിന്റെതായി ഹിറ്റ് ആയിരുന്നില്ല. അത്രയധികം കാലം പരാജയം അറിഞ്ഞിട്ടും വിക്രം പിന്മാറാൻ തയ്യാറായില്ല, മറ്റാരെങ്കിലും ആണെങ്കിൽ ഇത് ഉപേക്ഷിച്ചേനെ.












Click it and Unblock the Notifications