കോടികൾ വാരി 'മല്ലു അർജുൻ'; പ്രതിഫലം 300 കോടി, സ്വന്തമായി പ്രൈവറ്റ് ജെറ്റും ഹമ്മറും, ആകെ ആസ്‌തി എത്ര?
മൂന്ന് വർഷങ്ങൾക്ക് മുൻപ് വരെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാത്രം കണക്കാക്കപ്പെട്ടിരുന്ന നടനാണ് അല്ലു അർജുൻ. എന്നാൽ സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ എന്ന ചിത്രം അല്ലു അർജുന്റെ കരിയർ തന്നെ മാറ്റിമറിച്ചു. ഈ ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം അല്ലുവിനെ പാൻ ഇന്ത്യൻ ലെവലിലേക്ക് കൈപിടിച്ചുയർത്തി. അവിടെ നിന്ന് പുഷ്‌പ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ അല്ലു താരപദവി കൊണ്ടും സമ്പത്ത് കൊണ്ടും മറ്റൊരാളായി മാറിയിരുന്നു.
ഇന്നാണ് അല്ലുവിന്റെ ഇന്ത്യ മുഴുവൻ കാത്തിരുന്ന ചിത്രമായ പുഷ്‌പ രണ്ടാം ഭാഗം റിലീസ് ചെയ്‌തത്. ഒട്ടേറെ ചിത്രങ്ങൾ ത്യജിച്ചുകൊണ്ട് അല്ലു കാത്തിരുന്ന സിനിമയാണ് പുഷ്‌പ 2. താരത്തിന്റെ കരിയറിൽ വലിയൊരു നാഴികക്കല്ല് ആവുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി തിയറ്ററുകളിൽ നിറഞ്ഞാടുകയാണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ അല്ലു അർജുന്റെ കരിയറിനെ രണ്ട് ഘട്ടമായി തരംതിരിക്കാം, പുഷ്‌പയ്ക്ക് മുൻപും അതിന് ശേഷവും. തെലുഗു സിനിമയിലെ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ച അല്ലു അർജുൻ തന്റെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന ഉയരങ്ങൾ കീഴടക്കിയത്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ അന്യഭാഷകളിൽ, പ്രത്യേകിച്ച് മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത ഇന്നും പല നടൻമാർക്കും അന്യമാണ്.
താരത്തിന്റെ സമ്പാദ്യത്തിലും ഇക്കാലയളവിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ വന്ന ചില റിപ്പോർട്ടുകൾ പ്രകാരം പുഷ്‌പ രണ്ടാം ഭാഗത്തിന് വേണ്ടി 300 കോടി രൂപയോളമാണ് അല്ലു അർജുൻ പ്രതിഫലമായി കൈപ്പറ്റിയത്. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമെന്ന റെക്കോർഡാണ് മലയാളികൾ സ്നേഹത്തോടെ മല്ലു അർജുൻ എന്ന് വിളിക്കുന്ന താരം സ്വന്തം പേരിലാക്കിയത്.
ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി 275 കോടി രൂപ കൈപ്പറ്റിയ നടൻ വിജയുടെ റെക്കോർഡാണ് ഇതോടെ അല്ലു മറികടന്നത്. ഇതോടെ ചിത്രത്തിന്റെ ബജറ്റിലും കുതിച്ചു ചാട്ടമുണ്ടായി. ഏകദേശം 500 കോടി രൂപയോളമാണ് പുഷ്‌പ രണ്ടാംഭാഗത്തിന് ചിലവായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത കാലത്തായി ഇറങ്ങിയ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായി ഇതോടെ പുഷ്‌പ മാറി.
സിനിമാ പ്രതിഫലത്തിന് പുറമേ അല്ലു അർജുന് ഒരു ജനപ്രിയ അമേരിക്കൻ സ്‌പോർട്‌സ് ബാറും റെസ്‌റ്റോറന്റും ഹൈദരാബാദിൽ സ്വന്തമായുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനവും താരത്തിന്റെ ആസ്‌തി ഉയർത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ ആസ്‌തി 460 കോടി രൂപയാണ്.
പരസ്യങ്ങളിൽ അഭിനയിക്കാൻ കുറഞ്ഞത് 7 കോടി വരെയാണ് അല്ലു ഈടാക്കുന്നത്. താരത്തിന്റെ പേരിൽ ഒരു പ്രൈവറ്റ് ജെറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്‌റ്റേറ്റ് പ്രോപ്പർട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിന് വളരെ വലിയ കാർ കളക്ഷൻ തന്നെ ഗ്യാരേജിലുണ്ട്. റോൾസ് റോയ്‌സ് കുള്ളിനൻ, ഹമ്മർ, ജാഗ്വാർ, റേഞ്ച് റോവർ, വോൾവോ എന്നിങ്ങനെ മുൻനിര ബ്രാൻഡുകളുടെ കാറുകൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്.












Click it and Unblock the Notifications