പുഷ്പ രണ്ടിന് 100 കോടി, ദേവരയ്ക്ക് അതിന് മുകളില്‍; നെറ്റ്ഫ്‌ളിക്‌സ് മുടക്കിയത് ഇത്ര
തെലുങ്ക് സിനിമയ്ക്കായി കോടികള്‍ വാരിയെറിഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്. അല്ലു അര്‍ജുന്റെ പുഷ്പ 2, ദേവര എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പം തന്നെ നിരവധി മെഗാ ബജറ്റ് ചിത്രങ്ങളുടെ സ്ട്രീമിംഗ് അവകാശങ്ങളാണ് അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് പണ്ടക എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ അവര്‍ തുടങ്ങി കഴിഞ്ഞു. പണ്ടക എന്നാണ് ആഘോഷം എന്നതിനുള്ള തെലുങ്ക് വാക്കാണ്. സിനിമകളുടെ ആഘോഷം എന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ്, അല്ലു അര്‍ജുന്‍, വിജയ് ദേവരകൊണ്ട, എന്നിവരുടെ വമ്പന്‍ റിലീസുകളാണ് വരാനുള്ളത്. ഈ വര്‍ഷം മാത്രം പന്ത്രണ്ട് തെലുങ്ക് ചിത്രങ്ങളാണ് അവര്‍ റിലീസ് ചെയ്യുന്നത്. അതേസമയം തെലുങ്ക് സിനിമയിലെ ഈ വമ്പന്‍ റിലീസുകള്‍ക്കായി നെറ്റ്ഫ്‌ളിക്‌സ് മുടക്കിയിരിക്കുന്നത് 700 കോടി രൂപയാണ്.

മറ്റേത് ഭാഷയേക്കാളും കൂടുതലാണിത്. റിലീസ് ചെയ്ത് 28 ദിവസം കഴിഞ്ഞാണ് ഇവയുടെ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സില്‍ ആരംഭിക്കുക. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ടാണ് ഇത്തരമൊരു സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് ആരംഭിക്കുന്നത്. ഹിന്ദിയിലും മലയാളത്തിലും അടക്കം തെലുങ്ക് സിനിമയ്ക്ക് ശക്തമായ മാര്‍ക്കറ്റ് ഇപ്പോഴുണ്ട്.
പുഷ്പ, ബാഹുബലി, ഹനുമാന്‍, ആര്‍ആര്‍ആര്‍, തുടങ്ങിയ വിജയിക്കുന്ന വമ്പന്‍ ചിത്രങ്ങളെല്ലാം തെലുങ്കില്‍ നിന്നുള്ളതാണ്. അതാണ് 700 കോടി നെറ്റ്ഫ്‌ളിക്‌സ് ചെലവിടാന്‍ കാരണം. അടുത്തിടെയാണ് അവര്‍ ആഗോള ഹിറ്റായ സലാറിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം തെലുങ്ക്, തമിഴ്, മലയാളം കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.
ആഗോള തലത്തില്‍ തന്നെ സലാര്‍ ട്രെന്‍ഡിംഗില്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. 162 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. അതേസമയം പുഷ്പ 2 സ്ട്രീമിംഗിനായി നെറ്റ്ഫ്‌ളിക്‌സ് മുടക്കിയത് നൂറ് കോടി രൂപയാണ് ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ജൂനിയര്‍ എന്‍ടിആറിന്റെ ദേവര ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതില്‍ വരും. പുഷ്പയേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇതിന് ലഭിച്ചിരിക്കുന്നത്. എല്ലാ ഭാഷകളിലെയും സ്ട്രീമിംഗിനായി 150 കോടിയാണ് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരിക്കുന്നത്.
അതേസമയം ഹിന്ദിയില്‍ നിന്ന് അടുത്തിടെ ആനിമലിന്റെ ഒടിടി അവകാശവും നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരുന്നു. നൂറ് കോടി രൂപയാണ് അതിനായി മുടക്കിയത്. നാനിയുടെ ഹായ് നാന 37 കോടി രൂപയ്ക്കാണ് ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്.
നെറ്റ്ഫ്‌ളിക്‌സിന്റെ സൗത്ത് കണ്ടന്റില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതാണ് കൂടുതല്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ എടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനെ പ്രേരിപ്പിക്കുന്നത്. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരവും വൈകാതെ തന്നെ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുക.












Click it and Unblock the Notifications