അനീഷ് നമ്പർ വൺ മൈൻഡ് ഗെയിമർ, ബിഗ് ബോസിനെ പോലും മറുപടി പറയാതെ ഞെട്ടിച്ചു; ഇക്കുറി കപ്പ് തൂക്കുമോ?
ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് കോമണർ അനീഷ്. ഇതുവരെ ബിഗ് ബോസ് സീസണുകൾ കണ്ട ഏറ്റവും ശക്തനായ കോമൺ മത്സരാർത്ഥി എന്ന വിശേഷണം അനീഷിന് ആദ്യ ആഴ്‌ചകളിൽ തന്നെ സ്വന്തമായിരുന്നു. അതിനൊത്ത പ്രകടനമായിരുന്നു അനീഷ് കാഴ്‌ചവച്ചത്. അവിടെ നിന്ന് അങ്ങോട്ട് അനീഷ് തന്റേതായ പാത വെട്ടിത്തെളിച്ചു കൊണ്ടാണ് ബിഗ് ബോസിൽ പ്രവർത്തിക്കുന്നത്.
മൂന്നാം വാരത്തിൽ എത്തി നിൽക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്‌തമല്ല. ഈ ആഴ്‌ച ആദ്യം മുതൽ തന്നെ അനുമോൾ ആയിരുന്നു ശ്രദ്ധാകേന്ദ്രം ആയി തോന്നിയത്. മിക്ക വീട്ടുകാരും അനുമോളെ ടാർഗറ്റ് ചെയ്‌തു കളിക്കുന്നത് പോലെ ആയിരുന്നു ആദ്യമൊക്കെ. ഇതിൽ മുൻ പന്തിയിൽ ഉണ്ടായിരുന്നത് ആവട്ടെ അനീഷ്, അക്ബർ സഖ്യമായിരുന്നു. ഇവർ പലപ്പോഴും അനുമോളെ പ്രകോപിപ്പിക്കുകയും മറ്റും ചെയ്യുന്നത് പതിവായിരുന്നു.

എന്നാൽ ഇതിനെയൊക്കെ മാറ്റി മറിച്ചു കൊണ്ടാണ് ഇപ്പോൾ അനീഷ് വീണ്ടും ട്രാക്കിലേക്ക് കയറിയിരിക്കുന്നത്. മറ്റ് മത്സരാർത്ഥികളിൽ നിന്നെല്ലാം വ്യത്യസ്‌തമായി അനീഷ് കൃത്യമായ മൈൻഡ് ഗെയിം കളിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വേണ്ടപ്പോൾ നിശബ്‌ദനായി ഇരിക്കാനും ശബ്‌ദിക്കേണ്ടിടത്ത് അത് ചെയ്യാനും ഒക്കെ അനീഷിന് അറിയാമെന്ന് പല പ്രേക്ഷകരും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.
അനീഷിന്റെ മത്സര ബുദ്ധിയുടെ ഏറ്റവും വലിയ തെളിവ് കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ത്യാഗസന്നദ്ധരായ ഒരാളെ ആക്റ്റിവിറ്റി ഏരിയയിലേക്ക് വിടാൻ ബിഗ് ബോസ് അറിയിച്ചിരുന്നു. തുടർന്ന് നറുക്കെടുത്തപ്പോൾ അദിലയ്ക്കും നൂറയ്ക്കും നറുക്ക് വീഴുകയായിരുന്നു. എന്നാൽ ഇവിടെ ഉണ്ടായ സംഭവ വികാസം എന്തെന്നാൽ പണിപ്പുരയിലെ 750 പോയിന്റിന് പകരം അവർ കുടുംബത്തെ കൊണ്ട് വരാനുള്ള തീരുമാനം കൈക്കൊണ്ടത്.
അടുത്ത ടാസ്‌കിൽ ആയിരുന്നു ഏറ്റവും മികച്ച നിമിഷങ്ങൾ ഉണ്ടായത്. ഈ ഒരു ടാസ്‌കിനായി മൂന്ന് ധൈര്യശാലികളെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആദ്യം നിർദ്ദേശിച്ചത്. തുടർന്ന് ഇതനുസരിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ നടത്തിയ വോട്ടിംഗില്‍ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആര്യന്‍, ജിസൈല്‍, അനീഷ് എന്നിവരെയാണ് ആക്റ്റിവിറ്റി ഏരിയയിലേക്ക് പോയത്.
അവിടയുള്ള കത്ത് വായിച്ചു അതുപോലെ ചെയ്യാനായിരുന്നു നിർദ്ദേശം. സീസണ്‍ 7 അവസാനിക്കുന്നത് വരെ നിശബ്‌ദത പാലിക്കണം എന്നായിരുന്നു അനീഷിന്റെ കത്തിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ അനീഷ് മിണ്ടാട്ടം നിർത്തി. ആര്യന്‍ വായിച്ച രണ്ടാമത്തെ കത്തില്‍ മുന്നില്‍ വച്ചിരിക്കുന്ന ജ്യൂസ് കുടിക്കണം എന്നതായിരുന്നു. ജിസൈല്‍ വായിച്ച കത്തില്‍ തല മുണ്ഡനം ചെയ്യണം എന്നും ഉണ്ടായിരുന്നു. ഇതോടെ കളി മാറി.
സ്വിച്ചിംഗ് ചെയ്യാനുള്ള അവസരം ഉണ്ടായിട്ടും അനീഷ് അപ്പോൾ തന്നെ നിശബ്‌ദതയിലേക്ക് പോയി ടാസ്‌ക് ആരംഭിച്ചതോടെ രംഗം കൊഴുത്തു. ഇതോടെ സ്വിച്ചിംഗ് ആര്യനും ജിസേലും തമ്മിൽ മാത്രമായി. ബിഗ് ബോസിനെ പോലും അമ്പരപ്പിച്ചായിരുന്നു അനീഷിന്റെ നീക്കം ഉണ്ടായത്. എന്തെന്നാൽ ടാസ്‌ക് തുടങ്ങിയില്ല, ഇപ്പോൾ സംസാരിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞിട്ടും അനീഷ് മിണ്ടാൻ കൂട്ടാക്കിയില്ല. ഇതോടെ തല മുണ്ഡനം ഭയന്ന് ടാസ്‌കിൽ നിന്ന് ആര്യനും പിന്മാറി.
അങ്ങനെ പണിപ്പുരയിലേക്ക് പോവേണ്ട പോയിന്റ് 1000 കിട്ടുന്നതിന് പകരം ടാസ്‌ക് തോറ്റതായി ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പലരും അനീഷിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചെങ്കിലും പ്രേക്ഷർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത് അനീഷിലെ ഗെയിമറിന്റെ വിജയം എന്നാണ്. തുടർന്നുളള ദിവസങ്ങളിലും അനീഷ് ഇതേ ഫോം നിലനിർത്തുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെയെങ്കിൽ അനീഷ് കപ്പ് തൂക്കുമെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications