അനിരുദ്ധ് എന്നാ സുമ്മാവാ..; പ്രതിഫലം 12 കോടിയോ? എആർ റഹ്മാൻ പോലും പിന്നിൽ, ആസ്‌തി ഞെട്ടിക്കും
ഇന്ത്യൻ സിനിമയിലെ തന്നെ സെൻസേഷൻ ആയി മാറിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ആരാധകരുടെ സ്വന്തം അനി ഇപ്പോൾ തമിഴ്‌നാട് മാത്രമല്ല ടോളിവുഡും കടന്ന് ബോളിവുഡ് വരെ എത്തിനിൽകുകയാണ്. ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലെയും ഗാനങ്ങൾ സൂപ്പർഹിറ്റ് ആക്കുക എന്നത് എല്ലാവർക്കും കഴിയുന്നൊരു കാര്യമല്ല. അതും തന്റെ 33ആം വയസിൽ അനി എത്തി നിൽക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ സംഗീത സംവിധായകൻ എന്ന നിലയിലേക്കാണ്.
ഇപ്പോഴിതാ താരം അടിക്കടി ഉണ്ടായ ഹിറ്റുകൾ കണക്കിലെടുത്ത് തന്റെ പ്രതിഫലം കാര്യമായി വർധിപ്പിച്ചു എന്നാണ് ലഭ്യമാവുന്ന റിപ്പോർട്ടുകൾ. ഷാരൂഖ് ഖാൻ നായകനായ അറ്റ്ലി സംവിധാനം ചെയ്‌ത ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചതോടെയാണ് അനിരുദ്ധിന്റെ മൂല്യം കുത്തനെ ഉയർന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളാണ് അദ്ദേഹം.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ അനിരുദ്ധ് 10 മുതൽ 12 കോടി വരെയാണ് ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം. ഇതിൽ പാട്ടുകളുടെ എണ്ണം, ബിജിഎം ഉൾപ്പെടെയുള്ളവയുടെ എണ്ണം, അവയുടെ രീതി എന്നിങ്ങനെ കണക്കിലെടുത്താണ് പ്രതിഫലത്തിൽ വ്യതിയാനം വരുത്തുന്നത്. എങ്കിലും കുറഞ്ഞത് എട്ട് കോടി വരെയാണ് താരത്തിന്റെ പ്രതിഫലമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കുന്ന ഓസ്‌കാർ ജേതാവ് എആർ റഹ്മാൻ നിലവിൽ ഒരു ചിത്രത്തിന് പത്ത് കോടി രൂപ വരെയാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ തെലുങ്കിലെ എണ്ണംപറഞ്ഞ കമ്പോസർമാരിൽ ഒരാളായ ദേവി ശ്രീ പ്രസാദ് നിലവിൽ എട്ട് കോടിയോളം പ്രതിഫലമായി കൈപ്പറ്റുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഏറ്റവും ഒടുവിൽ രജനീകാന്ത് നായകനായ വേട്ടയാൻ എന്ന ചിത്രത്തിന് വേണ്ടിയാണു അനി സംഗീത സംവിധാനം നിർവഹിച്ചത്. കൂടാതെ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ നായകനായ ദേവര എന്ന ചിത്രത്തിലെ അനിരുദ്ധിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധേ നേടിയിരുന്നു. വിട മുയർച്ചി, കൂലി തുടങ്ങിയ ചിത്രങ്ങളാണ് ഇനി അനിരുദ്ധിന്റേതായി വരാനുള്ളത്.
2012ൽ ധനുഷ് നായകനായ 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇതിലെ വൈ ദിസ് കൊലവെറി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ തലവര തന്നെ മാറിയത്. നിലവിൽ അൻപതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു കഴിഞ്ഞു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് താരത്തിന്റെ ആസ്‌തി ഏകദേശം 50 കോടിക്ക് മുകളിലാണ്.
സംഗീത സംവിധാനത്തിന് പുറമേ ചില ചിത്രങ്ങളിൽ അതിഥി വേഷത്തിലും അനിരുദ്ധ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി വമ്പൻ കമ്പനികളുമായി പരസ്യക്കരാറും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതും അനിരുദ്ധിന്റെ വരുമാനത്തിലെ പ്രധാന ഘടകമാണ്. സെവൻഅപ്പ്, ആപ്പിൾ തുടങ്ങിയ ഇന്റർനാഷണൽ ബ്രാൻഡുകളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications