'അയാൾ ഒരു അപൂർവ ജന്മം, അടുത്ത ക്രിസ്‌റ്റഫർ നോളൻ ആവേണ്ട വ്യക്തി'; ശാന്തിവിളയെ പരിഹസിച്ച് ആറാട്ടണ്ണൻ
സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ എപ്പോഴും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ആളാണ് ശാന്തിവിള ദിനേശ്. എന്നാൽ പല താരങ്ങൾക്ക് എതിരെയും അദ്ദേഹം ഉന്നയിച്ച വിമർശനങ്ങളും പറയുന്ന കഥകളും ഒക്കെ വിവാദമായി മാറുന്ന സാഹചര്യവും ഉണ്ടായിരുന്നു. സിനിമയിലെ അറിയാക്കഥകൾ പറയുന്നതിൽ ശാന്തിവിള ദിനേശ് മുൻപന്തിയിലാണ്. ഇത് അദ്ദേഹത്തിന് വലിയൊരു ആരാധക വൃന്ദവും ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
എന്നാൽ നേരത്തെ പ്രമുഖ യൂട്യൂബറും റിവ്യൂവറുമായ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. താരത്തെ കണ്ടാൽ എവിടെ വച്ചാണെലും താൻ മുഖമടിച്ചു കൊടുക്കും എന്നായിരുന്നു ശാന്തിവിള പറഞ്ഞത്. ഇപ്പോഴിതാ ശാന്തിവിള ദിനേശിനെ പരിഹസിച്ചു രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ഇതിന് മറുപടി നൽകിയത്. ശാന്തിവിള ദിനേശിനെ പരിഹസിക്കുന്ന രീതിയിലായിരുന്നു സന്തോഷ് വർക്കി സംസാരിച്ചത്. ശാന്തിവിള അത്ഭുത പ്രതിഭയാണെന്നും അദ്ദേഹത്തിന്റെ ജീവിതം പലർക്കും പാഠപുസ്‌തകം ആണെന്നുമൊക്കെ ആറാട്ടണ്ണൻ വീഡിയോയിൽ പറയുന്നുണ്ട്. ഡാവിഞ്ചിയെ പോലെയൊക്കെ അറിയപ്പെടേണ്ട ആൾ കൂടിയാണ് അദ്ദേഹമെന്നും സന്തോഷ് പറഞ്ഞു വയ്ക്കുന്നുണ്ട്.
ആറാട്ടണ്ണന്റെ വാക്കുകൾ
ശാന്തിവിള ദിനേശിനെ കുറിച്ച് പറയാൻ ഞാൻ ആരുമല്ല. അദ്ദേഹം ഒരു അപൂർവ ജന്മമാണ്. മൈക്കിൾ ആഞ്ചലോ പോലെയോ, പിക്കാസോ പോലെയോ, ഡാവിഞ്ചിയെ പോലെയോ ഉള്ള ഒരു അത്ഭുത പ്രതിഭയാണ് ശാന്തിവിള ദിനേശ്. അധികം സിനിമകൾ ഒന്നും സംവിധാനം ചെയ്യേണ്ട ആവശ്യമില്ല. ജോൺ എബ്രഹാം പോലെയുള്ള സംവിധായകർ വെറും നാല് സിനിമകൾ മാത്രമേ സംവിധാനം ചെയ്‌തിട്ടുള്ളൂ.
അങ്ങേരുടെ ഒരു ക്ലാസിക് വർക്കാണ് ബംഗ്ലാവിൽ ഔത. 600 ദിവസമാണ് ഇത് തിയേറ്ററിൽ ഓടിയത്, വേറൊരു പടം പോലും അങ്ങനെ ഓടിയിട്ടില്ല. ആ സിനിമ കാണാത്ത ചെറിയ കുട്ടി പോലുമില്ല. പുതിയ സിനിമാക്കാർക്ക് ഒരു പാഠപുസ്‌തകം തന്നെയാണ്. പല സിനിമാ ഇൻസ്‌റ്റിട്യൂട്ടിലും അത് പഠിപ്പിക്കുന്നുണ്ട്. എങ്ങനെ ഒരു പടം സംവിധാനം ചെയ്യണം എന്നതിനെ കുറിച്ചാണ് പഠിപ്പിക്കുന്നത്.
എനിക്ക് തോന്നുന്നത് അദ്ദേഹമാണ് അടുത്ത ക്രിസ്‌റ്റഫർ നോളൻ, ജെയിംസ് കാമറൂൺ അല്ലെങ്കിൽ സ്‌പിൽബർഗ് ഒക്കെ ആവേണ്ടത്. ആ ലെവലിൽ വരുന്ന ഒരു അതുല്യ പ്രതിഭയാണ്. പാൻ ഇന്ത്യൻ ഹിറ്റായ സിനിമയല്ലേ അദ്ദേഹത്തിന്റേത്. ആദ്യമായി 120 കോടിയൊക്കെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രമാണ് ബംഗ്ലാവിൽ ഔത.
അദ്ദേഹത്തെ കുറിച്ച് പറയാൻ ഞാൻ ആരുമല്ല. സത്യജിത് റേ, മൃണാൾ സെൻ, ബർഗ്‌മാൻ, കുറസോവ റേഞ്ചിലൊക്കെ വരുന്ന ആളാണ്. സംവിധാനം മാത്രമല്ല അദ്ദേഹം അഭിനയിക്കുകയും ചെയ്യണം. അത്രയ്ക്കും ആകാര ഭംഗിയുള്ള ആളാണ് ശാന്തിവിള. മലയാള സിനിമയിൽ ബംഗ്ലാവിൽ ഔത ഉണ്ടാക്കിയ റെക്കോർഡ് വേറൊരു സിനിമയും ഉണ്ടാക്കിയിട്ടില്ല. 600 ദിവസമാണ് അത് ഓടിയത്. ഇവിടെ ഗോഡ്‌ഫാദർ, ചിത്രം എന്നിവ പോലും 400 ദിവസം കടന്നേ ഉള്ളൂ.
അതേസമയം, ആറാട്ടണ്ണന്റെ വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. അനുകൂലിച്ചുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് രേഖപ്പെടുത്തിയത്. 'ശാന്തിവിളയെ അണ്ണൻ കുഴി കുത്തിമൂടി, ഇതിലും വലുതൊന്നും അയാൾക്ക് ഇനി കിട്ടാനില്ല. Light action camara അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു' എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇപ്പോൾ വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications