ബേസിൽ ജോസഫും അല്ലു അർജുനും ഒന്നിക്കുന്നോ? പുഷ്‌പ വരെ തോൽക്കും..! ഒരുങ്ങുന്നത് ശക്തിമാൻ സിനിമയോ?
തമിഴ് സൂപ്പർ സംവിധായകൻ അറ്റ്ലീയുമായി അല്ലു അർജുൻ കൈകോർക്കുന്ന വാർത്താ സിനിമാ പ്രേമികളെ തെല്ലൊന്നുമല്ല ആകാംക്ഷയിൽ എത്തിച്ചിരിക്കുന്നത്. പുഷ്‌പ രണ്ടാം ഭാഗത്തിന്റെ മിന്നുന്ന വിജയത്തിന് ശേഷം എത്തുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ എല്ലാവരും നോക്കി കാണുന്നത്. മാത്രമല്ല ഷാരുഖിന് വീണ്ടും വമ്പൻ തിരിച്ചുവരവ് നൽകിയ ജവാൻ എന്ന ചിത്രത്തിന് ശേഷമാണ് അറ്റ്ലീ കുമാറിന്റെ ചിത്രവും ഒരുങ്ങുന്നത്.
എന്നാൽ ഇപ്പോൾ സിനിമാ പ്രേമികൾക്ക് ഇടയിൽ വലിയ ചർച്ചയാവുന്നത് മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ഒക്കെയായി ബേസിൽ ജോസഫും അല്ലു അർജുനും കൂടി ഒരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന വാർത്തയാണ്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായകനായി അല്ലു അർജുൻ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ ചിത്രവുമായി ബന്ധപ്പെട്ട കരാറിൽ ഇരുവരും ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. ഇതിൽ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഇത് ഒരു ശക്തിമാൻ സിനിമയായിരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സൂപ്പർഹീറോ സംരംഭമല്ല, മറിച്ച് മറ്റൊരു കഥയായിരിക്കുമെന്നാണ് പ്രമുഖ മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
ബേസിലിനെപ്പോലുള്ള പുതിയ കാലത്ത് വിജയിച്ചു തെളിയിച്ച, വ്യത്യസ്‌ത രീതിയിൽ കഥ പറിച്ചിൽ നടത്തുന്ന സംവിധായകനുമായി അല്ലു കൈകോർക്കുകയാണെങ്കിൽ അതിന്റെ അന്തിമ ഫലം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മാത്രമല്ല ബേസിലിന്റെ കഥയിൽ അല്ലു അർജുൻ എങ്ങനെ സ്വയം ഉൾച്ചേർക്കുന്നു എന്നത് കാണാനാണ് കൂടുതൽ ആളുകളും കാത്തിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. പ്രത്യേകിച്ച് അല്ലു വമ്പൻ ബജറ്റിൽ ഒരുക്കുന്ന അറ്റ്ലീ ചിത്രവുമായി സഹകരിക്കുന്ന വേളയിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ബേസിൽ അല്ലു അർജുൻ എന്നിവർക്ക് പുറമേ മറ്റ് സാങ്കേതിക പ്രവർത്തകർ ആരെന്ന കാര്യത്തിലും വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
അറ്റ്ലീ-അല്ലു പ്രോജക്റ്റ്
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരു സമാന്തര ലോകത്തിൽ നടക്കുന്നതാണെന്നും, ആനിമേറ്റഡ് വേഷം ഉൾപ്പെടെ ഒന്നിലധികം വേഷങ്ങൾ അല്ലു അർജുൻ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുക്കോൺ നായികാ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ, മൃണാൽ താക്കൂർ തുടങ്ങിയ നടിമാരും ഉണ്ടാവുമെന്നാണ് വിവരം.
സൺ പിക്‌ചേഴ്‌സാണ് വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർമാർ. ഇപ്പോഴത്തെ സെൻസേഷനായ യുവ സംഗീതജ്ഞൻ സായ് അഭ്യാങ്കർ സംഗീത ട്രാക്കുകളും സംഗീതവും ഒരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. നിലവിൽ സൂര്യ-ആർജെ ബാലാജി ചിത്രത്തിനും സായ് തന്നെയാണ് സംഗീതം ഒരുക്കുന്നത്.
അല്ലു-പ്രശാന്ത് നീൽ പടം ലോഡിംഗ്
അതിനിടെ ദിൽ രാജുവിന്റെ ബാനറിൽ അല്ലു ഒരു പുതിയ ചിത്രത്തിന് കൂടി ഒപ്പിട്ടുവെന്നാണ് ലഭ്യമായ വിവരം. സംവിധായകൻ പ്രശാന്ത് നീലുമായുള്ള അദ്ദേഹത്തിന്റെ കന്നി ചിത്രമായിരിക്കും ഈ സംരംഭം എന്ന് പ്രതീക്ഷിക്കുന്നു. കെജിഎഫ് സംവിധായകനായ നീലുമായുള്ള അല്ലു അർജുന്റെ ഒത്തുചേരലും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
ബേസിൽ ജോസഫിന് നല്ല വർഷം
ഈ വർഷം അടുത്തിടെ ഇറങ്ങിയ മരണമാസ് ഉൾപ്പെടെ ഒരുപിടി ചിത്രങ്ങളാണ് ബേസിൽ നായകനായി വിജയിച്ചത്. അതിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്‌ത പൊന്മാൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ താരത്തിന് ഏറെ പ്രശംസ കിട്ടിയ അജീഷ് എന്ന കഥാപാത്രം ഇതിലായിരുന്നു. ചിത്രം സാമ്പത്തിക വിജയവും നേടിയിരുന്നു. പിന്നാലെ ഇറങ്ങിയ മരണമാസും തിയേറ്ററിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.












Click it and Unblock the Notifications