'അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിലെത്തും'; അവകാശവാദവുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി തലവനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ആരോപണവുമായി രംഗത്ത് വന്നത്. നേരത്തെയും സമാനമായ രീതിയിൽ പ്രചാരണങ്ങൾ വന്നിരുന്നു.
ഡൽഹിയിൽ അധികാരം നഷ്‌ടപ്പെട്ടതിനെ തുടർന്ന് ആം ആദ്‌മി പാർട്ടിക്കുള്ളിൽ പിളർപ്പുണ്ടായെന്നും പാർട്ടിയുടെ ഭൂരിഭാഗം ഭാരവാഹികളും പരാജയം അഭിമുഖീകരിച്ചെന്നും ബജ്‌വ ചൂണ്ടിക്കാട്ടി. മാറ്റം ആഗ്രഹിക്കുന്ന നിരവധി എഎപി എംഎൽഎമാരുമായി താൻ നിരന്തരം ബന്ധം പുലർത്തി വരികയാണെന്നും ബജ്‌വ വ്യക്തമാക്കി.

"പഞ്ചാബിലൂടെ അധികാരത്തിലെത്താൻ കെജ്രിവാൾ ആഗ്രഹിക്കുന്നു, ചില രാജ്യസഭാംഗങ്ങൾ ത്യാഗം സഹിച്ച് അദ്ദേഹത്തിന് വഴിയൊരുക്കേണ്ടിവരും" കോൺഗ്രസ് നേതാവ് പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സർക്കാരിലും പാർട്ടിയിലും ഒരു നിയന്ത്രണവുമില്ലെന്നും പ്രതാപ് സിംഗ് ബജ്‌വ ആരോപിക്കുകയുണ്ടായി.
ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. എഎപി എംഎൽഎമാർ എന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആരും കൂടെയില്ലാത്തതിനാൽ ഭഗവന്ത് മൻ പറയുന്നതിൽ ഒരു അർത്ഥവുമില്ലെന്നും ബജ്‌വ കൂട്ടിച്ചേർത്തു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമ ശ്രദ്ധ ആകർഷിക്കാനുള്ള വാചകമടി എന്നാണ് മൻ ഇതിനെ വിശേഷിപ്പിച്ചത്.
നേരത്തെ ഡൽഹി പരാജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയായി വരുമെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. അധികാരത്തിന് പുറത്ത് ഒരിക്കലും കെജ്രിവാളിന് നിലനിൽക്കാൻ കഴിയില്ലെന്നും ഭഗവന്ത് മന്നിന് പകരം അരവിന്ദ് കെജ്രിവാൾ പഞ്ചാബിലെ അധികാരം ഏറ്റെടുക്കും എന്നുമായിരുന്നു അവർ ആരോപിച്ചത്. എന്നാൽ ഈ പ്രചാരണങ്ങൾ പാർട്ടി തള്ളിയിരുന്നു.
ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എഎപിക്ക് നേരിടേണ്ടി വന്നത്. മൂന്നാം വട്ടവും രാജ്യതലസ്ഥാനത്ത് അധികാരത്തിൽ എത്താമെന്ന ആത്മവിശ്വാസമാണ് എഎപിക്ക് ഉണ്ടായിരുന്നത്. അതിനായി സകല അടവുകളും അവർ പുറത്തെടുത്തെങ്കിലും ബിജെപിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ചുവട് പിഴക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ അടക്കമുള്ള മുൻനിര നേതാക്കൾ പോലും പരാജയം നേരിടേണ്ടി വന്നിരുന്നു.












Click it and Unblock the Notifications