'എന്റെ സ്വഭാവം കൊണ്ട് പല ഹിറ്റ് സിനിമകളും നഷ്‌ടമായി, ഫോട്ടോ എടുക്കാൻ വന്നവരോട് ദേഷ്യപ്പെട്ടു'; ആസിഫ് അലി
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് എന്ന കഴിവുറ്റ സംവിധായകന്റെ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ ആസിഫ് യാതൊരുവിധ സിനിമാ പാരമ്പര്യവും കൂടാതെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. തുടക്കത്തിൽ അഭിനയത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ആസിഫ് അലി നേരിട്ടിരുന്നു. പിന്നീട് ഒരുകാലത്ത് താരത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ ആയിരുന്നു വിമർശനം നേരിട്ടത്.
എന്നാൽ അതിനെയൊക്കെ കാറ്റിൽപറത്തി കൊണ്ടാണ് ആസിഫ് അലി എന്ന നടൻ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. അടുത്തകാലത്ത് ഇറങ്ങിയ ആസിഫിന്റെ ചിത്രങ്ങൾ എല്ലാം വാണിജ്യ വിജയമായിരുന്നു എന്ന് മാത്രമല്ല താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കിഷ്‌കിന്ധകാണ്ഡം, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളും രേഖാചിത്രവും ഒക്കെ ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയിൽ വന്ന ശേഷമുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ആസിഫ്. ചിലപ്പോഴൊക്കെ തന്റെ പെരുമാറ്റവും സ്വഭാവവും ഒക്കെ കാരണം പിന്നീട് സൂപ്പർഹിറ്റ് ആയ ചിത്രങ്ങൾ പോലും നഷ്‌ടമായി എന്നാണ് ആസിഫ് പറയുന്നത്. ഫോട്ടോ എടുക്കാൻ വന്നയാളോട് ദേഷ്യപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആസിഫ് വെളിപ്പെടുത്തിയത്. ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ..
എന്റെ അടുത്തേക്ക് എത്തേണ്ട ചില സിനിമകൾ സ്വഭാവത്തിന്റെ പ്രശ്‌നം കാരണം നഷ്‍ടമായിട്ടുണ്ട്. ഫോൺ എടുക്കാത്ത സ്വഭാവമായിരുന്നു അത്. ഇപ്പോഴും അത് മാറിയിട്ടില്ല. അങ്ങനെ ഉള്ളപ്പോൾ ചിലർ പറയാറുണ്ട്, ഈ പടം ആസിഫിനെ വച്ച് ചെയ്യാനിരുന്നതാണ് എന്നൊക്കെ. അപ്പോൾ അത് കേൾക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനായിട്ട് ഒരു സിനിമ തീരുമാനിച്ച് ചെയ്‌താൽ, അത് മോശമായാലും എനിക്ക് വിഷമമില്ല.
എല്ലാവരോടും ഒരുപോലെ സംസാരിക്കാൻ നമുക്ക് കഴിയില്ലലോ. ഓരോരുത്തരുടെ ക്യാരക്‌ടർ അല്ലേ അത്. ഞാൻ എല്ലാവരോടും മിംഗിൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ചിലപ്പോഴൊക്കെ ഇപ്പോഴത്തെ ഇമേജ് എനിക്ക് ബാധ്യത ആവാറുണ്ട്. നമുക്ക് സംസാരിക്കണം എന്ന് തോന്നുന്ന ആളുകളോടാണ് കൂടുതൽ സംസാരിക്കുക. എപ്പോഴും എല്ലാവരോടും അങ്ങനെ ആവണമെന്നില്ല.
സാഹചര്യം നോക്കാതെ പെരുമാറുന്ന ചില ആളുകളോട് ഒക്കെ ഞാൻ ദേഷ്യപ്പട്ടിട്ടുണ്ട്. കുട്ടികൾ ഒക്കെ ആയിട്ട് എന്തെങ്കിലും ചെയ്തോണ്ട് ഇരിക്കുമ്പോൾ ചില ആളുകൾ വരിക, അവരുടെ ഫോട്ടോ എടുക്കണമെന്നൊക്കെ പറയുമ്പോൾ പ്രതികരിക്കാറുണ്ട്. മോശമായിട്ട് അല്ലെങ്കിലും ചിലപ്പോഴൊക്കെ പ്രതിക്കരിക്കേണ്ടി വരാറുണ്ട്.












Click it and Unblock the Notifications