കളിയാക്കിയവരെ കൊണ്ട് കൈയടിപ്പിച്ച് ആസിഫ്; 2025ലെ ആദ്യ 50 കോടി രേഖാചിത്രത്തിന്, കാരണം മമ്മൂട്ടിയോ?
മലയാള സിനിമയ്ക്ക് ഒട്ടേറെ വമ്പൻ ഹിറ്റുകളും കളക്ഷൻ റെക്കോഡുകളും ഒക്കെ നൽകിയ വർഷമാണ് കടന്നുപോയത്. കഴിഞ്ഞ വർഷം മലയാളത്തിന്റെ യഥാർത്ഥ ബോക്‌സ് ഓഫീസ് സാധ്യതകൾ എന്താണെന്ന് ലോകം തിരിച്ചറിഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് മുതൽ ആവേശവും ആടുജീവിതവും ഒടുവിൽ മാർക്കോ വരെയുള്ള ചിത്രങ്ങൾ സ്വന്തം ഇൻഡസ്ട്രിയിൽ മാത്രമല്ല അന്യഭാഷകളിലും തേരോട്ടം നടത്താൻ മലയാളത്തിന് കഴിഞ്ഞു.
പുതുവർഷവും ഏതാണ്ട് അതുപോലെയൊരു തുടക്കമാണ് നൽകിയിരിക്കുന്നത്, അതിൽ നന്ദി പറയേണ്ടത് ആസിഫലിയോടാണ്. കഴിഞ്ഞ വർഷം ശരിക്കും ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു എന്ന് നിസംശയം പറയാം. കിഷ്‌കിന്ധകാണ്ഡം പോലെയൊരു ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ത്രില്ലർ മുതൽ പ്രേക്ഷക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങളുമായി ആസിഫ് കളം നിറഞ്ഞു.

പുതിയ വർഷത്തിലേക്ക് കടക്കുമ്പോഴും ആസിഫലി നല്ല ഫോമിലാണ്. ആദ്യ റിലീസായ രേഖാചിത്രം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതോടെ ആസിഫിന്റെ തലവരയും തെളിയുകയാണ്. മികച്ച അഭിപ്രായം നേടിയ ചിത്രം തിയ്യേറ്ററിൽ ആളെകൊണ്ട് വന്നിരുന്നു. മൗത്ത് പബ്ലിസിറ്റിയും മികച്ച റിവ്യൂയും കൂടി തുണയായതോടെ ചിത്രം കയറി കൊളുത്തി.
ഇപ്പോഴിതാ മലയാളത്തിലെ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് രേഖാചിത്രം. ഒരു അഭിനേതാവ് എന്ന നിലയിൽ ആസിഫലിക്ക് അഭിമാനിക്കാൻ ഏറെയുള്ള നേട്ടം കൂടിയാണിത്. ഈ വർഷത്തെ ആദ്യ 50 കോടി ചിത്രം എന്ന നേട്ടമാണ് രേഖാചിത്രത്തിനുള്ളത്. ടൊവിനോ നായകനായ ഐഡന്റിറ്റിയും തിയേറ്ററിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചെങ്കിലും 50 കോടി ക്ലബിൽ കയറിയിരുന്നില്ല.
ആസിഫലിക്കൊപ്പം വൻ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത രേഖാചിത്രം. അനശ്വര രാജനാണ് നായികയായി അഭിനയിച്ചത്. ഇവർക്ക് പുറമേ മനോജ് കെ ജയൻ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ഭാമ അരുൺ, മേഘ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
എന്നാൽ ഈ ചിത്രം വളരെയധികം റിലീസിന് മുൻപ് തന്നെ ശ്രദ്ധ നേടാൻ കാരണം ഇതിൽ മമ്മൂട്ടിയുടെ അതിഥി വേഷം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു. ഇതോടെ ആരാധകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. 40 വർഷം മുൻപ് കാതോട് കാതോരം എന്ന ചിത്രത്തിന്റെ ഷൂട്ട് വേളയിൽ നടന്ന ഒരു സംഭവ വികാസമാണ് ചിത്രത്തിന്റെ അടിസ്ഥാനം.
ഇതോടെ മമ്മൂട്ടി ഫാക്റ്റർ കളക്ഷനിൽ നല്ല ഗുണം ചെയ്തെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിലവിൽ മറ്റ് റിലീസുകൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ ലോംഗ് റൺ പ്രതീക്ഷിച്ചിരുന്നു. ചെറിയ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാനായി എന്നതാണ് വലിയ കാര്യം. അധികം വൈകാതെ ഒടിടി റിലീസ് തീയതി ഉൾപ്പെട വരുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications