'മൂന്നാം വയസിൽ എന്നെ ഭർത്താവായി സ്വീകരിച്ചവളാണ് കോകില, ആശുപത്രിയിൽ പൊന്നുപോലെ നോക്കി'; ബാല
പുതിയ കുടുംബജീവിതത്തിൽ താൻ സന്തുഷ്‌ടനാണെന്നും കോകിലയെ പോലെയൊരു ഭാര്യയെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും നടൻ ബാല. തന്റെ പിറന്നാൾ ആഘോഷത്തിലാണ് ബാല മനസ് തുറന്നത്. മൂന്നാം വയസിൽ തന്നെ കോകില തന്നെ ഭർത്താവായി മനസിൽ സ്വീകരിച്ചുവെന്നാണ് ബാല പറയുന്നത്. തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടെങ്കിലും അവൾ തന്നെ ഭർത്താവായി സ്വീകരിച്ചുവെന്നും ബാല പറയുകയുണ്ടായി.
'മൂന്നാം വയസിൽ ഞാനവളെ കൈയിൽ എടുത്തതാണ്. അന്ന് തന്നെ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചിരുന്നു. സ്നേഹം ചിത്ര ശലഭത്തെ പോലെയാണ് അത് തനിയെ പറന്നുവരുമെന്നാണ് എന്റെ അമ്മ പറഞ്ഞത്. ഞാൻ രോഗത്തെ തുടർന്ന് ആശുപത്രി കിടക്കയിലായിരുന്ന മൂന്ന് മാസം അവളെന്നെ പൊന്നുപോലെയാണ് നോക്കിയത്.' ബാല പറയുന്നു.

'അവൾ ഒരു ഡോക്‌ടർ ഒന്നുമല്ല, സാധാരണ സ്ത്രീയാണ്. എങ്കിലും മരുന്നെല്ലാം എനിക്ക് കൃത്യമായി തന്നു. അങ്ങനെയാണ് എന്റെ ആരോഗ്യം നന്നായത്. എനിക്ക് വേണ്ടതെല്ലാം യൂട്യൂബിൽ നോക്കി അവൾ തനിയെ പാകം ചെയ്‌തു തരും. അവളുടെ വലിയൊരു കഫേ പോലും വിട്ടിട്ട് വന്നാണ് എന്നെ നോക്കിയത്. ഈ തലമുറയിൽ ആർക്കും ഇങ്ങനെയൊരു നല്ല മനസ് ഉണ്ടാവില്ല' നടൻ പറഞ്ഞു.
ഞാൻ ശരിക്കും ഭാഗ്യവാനാണ്. ഇപ്പോഴാണ് ഞാൻ ശരിക്കും ജീവിക്കാൻ തുടങ്ങിയത്. സന്തോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ ആ സന്തോഷത്തെ പോലും ശല്യം ചെയ്യാൻ ചിലരുണ്ട്. ഞങ്ങളൊരു അങ്കൻവാടി തുടങ്ങി. സർക്കാർ ചെയ്യേണ്ട കാര്യമായിരുന്നു അത്, എന്നിട്ടും ഞങ്ങൾ സന്തോഷത്തോടെയാണ് അത് ചെയ്‌ത് കൊടുത്തത്; ബാല പറയുന്നു.
എന്നാൽ ഇപ്പോൾ കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരു ആശുപത്രി നിർമ്മിക്കണം എന്നാണത്. എന്ത് തെറ്റാണ് ഞാൻ ചെയ്‌തത്? കോകില ഇപ്പോൾ ഒരു ക്ലിനിക്ക് പണിയാൻ ശ്രമിക്കുകയാണ്. അതിനും വിവാദം ഉണ്ടാക്കുമോ? ഇത് ന്യായമാണോ? എന്നെ വേദനിപ്പിക്കുമ്പോൾ മാത്രമാണ് ഞാൻ പ്രതികരിക്കാറുള്ളത്. ചിലപ്പോൾ അത് കൂടിപ്പോവാറുണ്ടെന്നും ബാല ചൂണ്ടിക്കാട്ടി.
24 വയസ് മാത്രമുള്ള കൊച്ചു കുട്ടിയാണ് കോകില. മാമാ, 99 പേർക്ക് സഹായം ചെയ്‌ത ശേഷം ഒരാൾക്ക് ശിക്ഷ കൊടുത്താൽ 99 പേർക്ക് ചെയ്‌ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ പോകില്ലേ എന്നാണ് കോകില എന്നോട് ചോദിച്ചത്. ഈ മാസം മാത്രം ഞങ്ങൾ ആറ് ലക്ഷം രൂപ സഹായം നൽകിയിട്ടുണ്ട്. മോശമായി പറയുന്ന ആൾക്കാരും ഇതുപോലെ കൊടുത്തുകാണിക്ക്; ബാല വെല്ലുവിളിച്ചു.
അതേസമയം, അടുത്തിടെയാണ് ബാല ബന്ധു കൂടിയായ കോകിലയെ വിവാഹം കഴിച്ചത്. ഡോക്‌ടറായിരുന്ന എലിസബത്ത് ഉദയനുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. വളരെക്കുറച്ച് പേർ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.












Click it and Unblock the Notifications