ആറാട്ട് അണ്ണന്‍ പൊലീസ് സ്റ്റേഷന്‍ കയറി: കുരുക്കിയത് ബാല, സിദ്ധീഖും ഇടപെട്ടു, നടിയെ പറഞ്ഞതും കാരണം
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റർ റിവ്യൂ നല്‍കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് ആറാട്ട് അണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വർക്കി. സിനിമ നിരൂപണത്തില്‍ തുടങ്ങിയ ഇദ്ദേഹം അഭിനേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അശ്ലീല പ്രയോഗങ്ങളും നടത്തി വരുന്നുണ്ടായിരുന്നു.
ആറാട്ട് അണ്ണന്റെ ഇത്തരം അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ സിനിമ രംഗത്ത് നിന്ന് തന്നെ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നടന്‍ ബാല പലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ചാണ് ബാലയുടെ പരാതി.

പൊലീസിന് പുറമെ താരസംഘടനയായ അമ്മയിലും ബാല പരാതി നല്‍കിയിട്ടുണ്ട്. ബാലയുടെ പരാതിയില്‍ ആറാട്ട് അണ്ണനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഏതാനും സമയത്ത് ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
ബാല നല്‍കിയ പരാതി അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖും വലിയ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. ഇതേ തുടർന്നാണ് സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയത്. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കുകയാണെങ്കില്‍ കേസെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഒരു പ്രമുഖ നടിയെ ലിപ്പ് ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. സമാനമായ രീതിയിലുള്ള നിരവധി പ്രസ്താവനകള്‍ തന്റെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ആറാട്ട് അണ്ണന്‍ നിരന്തരം നടത്താറുണ്ടായിരുന്നു.
തന്നെ ആറാട്ട് അണ്ണന്‍ നിരന്തരം ശല്യപ്പെടുത്തിയെന്ന് വ്യക്തമാക്കി നടി നിത്യ മേനോനും നേരത്തെ രംഗത്ത് വന്നിരുന്നു. ഇദ്ദേഹം വർഷങ്ങളായി തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നായിരുന്നു നിത്യ മേനോന്‍ പറഞ്ഞത്. ആറാട്ട് അണ്ണന്‍ എന്ന പേരില്‍ ഫേമസ് ആകുന്നതിന് മുമ്പായിരുന്നു ഇത്. അഞ്ചിലേറെ വർഷമായി ഈ പരിപാടി തുടങ്ങിയിട്ട്. കുറെയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നുമായിരുന്നു താരം 2022 ല്‍ പറഞ്ഞത്.
ബുദ്ധിമുട്ടിച്ചെങ്കിലും കാര്യത്തെ വളരെ ക്ഷമയോടെയാണ് ഞാന്‍ കണ്ടത്. എനിക്ക് അതില്‍ ഇടപെടാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്റെ ജീവിതം അതല്ല. എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീർക്കാന്‍ തന്നെ ഒരുപാട് കാര്യങ്ങളുണ്ട്. കഷ്ടപ്പെടുത്തി എന്ന് പറയുമ്പോള്‍ ഒരുപാട് കഷ്ടപ്പെടുത്തി. നിരന്തരമായി വിളിക്കും. സംസാരം പല രീതിയിലായിരുന്നു. ദേഷ്യപ്പെട്ടൊക്കെ സംസാരിക്കും. അയാളുടെ തന്നെ 25-മുതല്‍ 30 വരെ നമ്പർ ഞങ്ങള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ള എല്ലാവരേയും വിളിച്ച് സംസാരിക്കുമെന്നും നിത്യ മേനോന്‍ അന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications