സിനിമയിൽ നിന്നും വിലക്കിയോ? മറുപടിയുമായി വിൻസി അലോഷ്യസ്, 'നിലനിൽപ്പിനായി നിന്നു കൊടുക്കേണ്ടി വരുന്നു'
അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ സഹതാരമായ വിൻസി അലോഷ്യസ് പരാതി ഉന്നയിച്ചത്. ഷെെൻ ടോം ചാക്കോ സെറ്റിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് വിൻസി താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയത്. എന്നാൽ പോലീസ് അന്വേഷണത്തിന് താൽപര്യം ഇല്ലെന്നായിരുന്നു വിൻസി പറഞ്ഞത്. സംഘടനയ്ക്ക് ഉള്ളിൽ വച്ച് തന്നെ പ്രശ്‌നം പരിഹരിക്കാം എന്ന നിലപാടാണ് താരം മുന്നോട്ട് വച്ചത്.
പിന്നാലെ ഷൈൻ വിഷയത്തിൽ മാപ്പ് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. വിൻസിയുടെ പരാതി വലിയ കോളിളക്കമാണ് സിനിമയിൽ ഉണ്ടാക്കിയത്. നേരത്തെ ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന വിൻസിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഷൈനിന് എതിരായ താരത്തിന്റെ ആരോപണം.

ഇപ്പോഴിതാ വിഷയത്തിൽ തുറന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിൻസി അലോഷ്യസ്. സിനിമയിൽ നിന്ന് വിലക്ക് നേരിട്ടോ എന്ന ചോദ്യത്തിനും വിൻസി മറുപടി നൽകി. പലപ്പോഴും സിനിമയിൽ നിലനിൽക്കാൻ വേണ്ടി നിന്നുകൊടുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇനിയും പ്രതികരിക്കാതിരുന്നാൽ ശരിയാവില്ലെന്ന് തോന്നിയപ്പോഴാണ് ഇതിന് തയ്യാറായത് എന്നാണ് വിൻസി പറയുന്നത്.
വിൻസിയുടെ വാക്കുകൾ ഇങ്ങനെ
എനിക്ക് സിനിമയിൽ അങ്ങനെ പ്രത്യേകിച്ച് ഒരു ഫോർമുലയും ഉണ്ടായിരുന്നില്ല. തുടക്കകാലത്ത് ഒരു ക്ലാരിറ്റി വരാൻ വേണ്ടി കാത്തിരുന്നുവെന്ന് മാത്രം, മിനിമം ഗ്യാരന്റി ഉള്ള ടെക്‌നീഷ്യൻസിന്റെ സിനിമകൾ വരുമ്പോൾ അതെടുക്കും. ഓരോ ഘട്ടത്തിലും നമ്മുടെ ഐഡിയോളജികൾ മാറിക്കൊണ്ടിരിക്കും. അപ്പോൾ അതിന് അനുസരിച്ച് മാത്രമേ നമ്മൾ എന്തും എടുക്കുകയുള്ളൂ.
സെറ്റുകളിൽ പ്രശ്‌നങ്ങൾ ഉണ്ടാവും. ഒത്തുതീർപ്പ് ആക്കിയാൽ പിന്നെ അതൊരു ശീലമാവും. പിന്നെ എല്ലായിടത്തും അതുതന്നെയാവും നടക്കുക. കുറഞ്ഞപക്ഷം നമുക്ക് അത്രയും പറ്റാതെ ആവുമ്പോൾ പ്രതികരിക്കുക എന്നതാണ് ഇതിലെ കാര്യം. അങ്ങനെ ചെയ്‌താൽ നമുക്ക് ഒരു സെൽഫ് റെസ്പെക്റ്റ് എങ്കിലും തോന്നും. എന്നാൽ അതിന്റെ പേരിൽ വേറെ പലതും നഷ്‌ടപ്പെടേണ്ട സാഹചര്യം ഉണ്ടാവാറുമുണ്ട്.
ഞാനും അങ്ങനെയൊക്കെ ചെയ്‌തിരുന്നു. സെൽഫ് റെസ്പെക്റ്റ് വിട്ടിട്ട് ചിലപ്പോഴൊക്കെ സിനിമയിൽ നിലനിൽക്കാൻ വേണ്ടി നമ്മൾ ഇങ്ങനെ നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഭയങ്കര ഭീകരമായിട്ടുള്ളത് എന്നതല്ല. ചില ഗ്രൂപ്പുകളിൽ കേറാൻ വേണ്ടിയിട്ട് കണ്ണടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആ ദിവസം അവസാനിക്കുന്ന സമയത്ത് ഞാൻ ഒരിക്കലും സന്തോഷവതി ആയിരുന്നില്ല. നമ്മൾ അടിയറവ് വയ്ക്കുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്.
ഇനി സ്വന്തം അഭിമാനം വിട്ട് കളിയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഇനിയും എന്റെ ഭാഗത്ത് നിന്ന് വലിയ മിസ്‌റ്റേക്ക് വരാൻ സാധ്യതയുണ്ട്. പക്ഷേ ഒരിക്കൽ ഞാൻ അതിനെ കുറിച്ച് പഠിച്ചു കഴിഞ്ഞാൽ പിന്നെ അതൊരിക്കലും വരാൻ അനുവദിക്കില്ല. അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. സിനിമയിൽ അങ്ങനെ മത്സരം ഒന്നും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമുക്ക് വരാൻ വിധിച്ചത് എന്തായാലും നമുക്ക് തന്നെ വന്നുചേരും.
അടുത്തിടെ എനിക്കുണ്ടായ ഒരു സംഭവം ആണെങ്കിൽ പോലും, ഞാൻ എന്റെ നിലപാട് പറഞ്ഞു. അത് പിന്നെ വൈറലായി, എന്ന് വച്ചാൽ മാധ്യമങ്ങൾ ആഘോഷിച്ചു. ഞാൻ കമന്റുകളാണ് കൂടുതലായി അന്ന് നോക്കിയത്. കുറച്ചുകൂടി ക്ലാരിറ്റി വേണമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ ചെയ്‌തത്. പിന്നെ ആളുകൾക്ക് ഓരോ കാര്യങ്ങൾ അറിയേണ്ടി വന്നു. എന്റെ പ്രൈവസി നഷ്‌ടമായതായി തോന്നി. സിനിമയിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നിട്ടില്ല.












Click it and Unblock the Notifications