അന്ന് ബേസിൽ ജോസഫ് എസ്എഫ്ഐ ആയിരുന്നു, ഇപ്പോഴോ..? താരത്തിന്റെ മറുപടി ഇങ്ങനെ...
മലയാളത്തിന്റെ പ്രിയങ്കരനായ താരമാണ് ബേസിൽ ജോസഫ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ മേൽവിലാസം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട താരമായ ബേസിലിന്റെ ചിത്രങ്ങൾ പലപ്പോഴും സൈലന്റ് ഹിറ്റുകളാണ് എന്നതാണ് പ്രത്യേകത. ഇപ്പോഴിതാ തന്റെ രാഷ്‌ട്രീയ നിലപാടുകളെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയാണ് ബേസിൽ.
സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാറില്ലെന്നും ബേസിൽ പറയുന്നു. അങ്ങനെ ശ്രദ്ധിക്കാൻ പോയാൽ പ്രതികരിക്കാൻ തോന്നുമെന്നും, അതുകൊണ്ട് തന്റെ ജോലിയിൽ പരമാവധി മുഴുകി ഇരിക്കുകയാണെന്നും ബേസിൽ വ്യക്തമാക്കി. എങ്കിലും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ അറിവുണ്ടെന്നും, ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന ധാരണ ഉണ്ടെന്നും ബേസിൽ വ്യക്തമാക്കുന്നു.

മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പഠനകാലത്ത് ബേസിൽ എസ്എഫ്ഐയും, ഭാര്യ എലിസബത്ത് കെഎസ്‌യു പ്രതിനിധിയും ആയിരുന്നു, ഇപ്പോഴോ..? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുവസംവിധായകൻ.
'നമ്മളെ ആശ്രയിച്ചു നിൽക്കുന്ന ഒരുപാട് പേരുണ്ട്. നമ്മളിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന ചില സിനിമകളുണ്ട്. അതിന് മാക്‌സിമം ശ്രദ്ധ കൊടുക്കുകയാണ് ചെയ്യുന്നത്. എല്ലാത്തിനും സമയമില്ല, എന്നാൽ വോട്ട് ആർക്ക് ചെയ്യണം എന്ന കൃത്യമായ ധാരണയുണ്ട്. എങ്കിലും രാഷ്‌ട്രീയം എന്റെ മുൻഗണന അല്ല, അതിലേക്ക് അധികം സമയം ചെലവഴിക്കാറുമില്ല' ബേസിൽ തന്റെ നിലപാട് വ്യക്തമാക്കി.
അതേസമയം ബേസിൽ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ 'ഫാലിമി' കുടുംബ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തിരുന്നു. ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു ഫാലിമി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കളക്ഷനിൽ മമ്മൂട്ടി ചിത്രമായ കാതലിനെയും ഫലിമി മറികടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023ൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളുടെ പിട്ടികയിൽ ആകെ 17. 85 കോടി നേടി എട്ടാം സ്ഥാനത്താണ് ഫാലിമി. ഇതിന് പിന്നാലെ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടിയത്. ഡിസ്നി പ്ല്സ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീം ചെയ്യുന്നത്.
ബേസിൽ ജോസഫിന് പുറമെ ജഗദീഷ്, മഞ്ജു പിള്ള, മീന രാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്‌തത്. നവംബർ 17നായിരുന്നു ചിത്രം റിലീസ് ചെയ്‌തത്.












Click it and Unblock the Notifications