'ആ സംഭവം കാരണം പെൺകുട്ടികൾക്ക് സിനിമ എന്തെന്ന് മനസിലായി, വേറെ എന്തൊക്കെ നല്ല ജോലികളുണ്ട്?'; സന്തോഷ് പണ്ഡിറ്റ്
സിനിമയിൽ വെന്നിക്കൊടി പാറിച്ച സാധാരണക്കാരുടെ പേര് ചോദിച്ചാൽ വളരെ വിരളമായിരിക്കും. പറഞ്ഞുവന്നത് മുഖ്യധാരാ സിനിമയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചല്ല. ഇന്ന് നമുക്ക് മുൻപിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ചിലരെങ്കിലും അത്തരത്തിലുള്ള ആളുകളാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി സിനിമയിൽ തന്റെ ഇടം കണ്ടെത്തുകയും ജനകീയമായ രീതിയിൽ കുറഞ്ഞ ചിലവിൽ സിനിമകൾ നിർമ്മിക്കുകയും ഒക്കെ ചെയ്‌ത വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.
അഞ്ച് ലക്ഷം രൂപ പോലും മുതൽ മുടക്കില്ലാത്ത സിനിമകളാണ് സന്തോഷ് പണ്ഡിറ്റ് നിർമ്മിച്ചത്. അതിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ഒക്കെ ചെയ്‌ത സന്തോഷ് ഒരു കാലത്ത് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സിനിമയെ സന്തോഷ് പണ്ഡിറ്റ് നശിപ്പിക്കുക ആണെന്നായിരുന്നു വിമർശനം. എന്നാൽ ഇന്ന് എല്ലാ സാമൂഹ്യ വിഷയങ്ങളിലും പ്രതികരിക്കുന്ന വ്യക്തിയാണ് പണ്ഡിറ്റ്.

ഇപ്പോഴിതാ മലയാള സിനിമയിലെ ചില മാറ്റങ്ങളെ കുറിച്ച് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. മൈൻഡ് സ്കേപ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പണ്ഡിറ്റിന്റെ നിരീക്ഷണം. ഹേമ കമ്മിറ്റി കൊണ്ട് സിനിമയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാവുകയോ പരാതി കൊടുത്ത പെൺകുട്ടികൾക്ക് നീതി കിട്ടിയെന്നോ ഒരിക്കലും വിശ്വസിക്കുന്നില്ല എന്നാണ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ.
കോടികൾ മുടക്കി എന്നിട്ടും ഒരു റിസൾട്ടും ഉണ്ടാക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിന് കഴിഞ്ഞിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്. അന്ന് ആരോയൊക്കെയോ ഇന്ന് അറസ്‌റ്റ് ചെയ്യും നാളെ അറസ്‌റ്റ് ചെയ്യും എന്നൊക്കെ പറഞ്ഞിരുന്നു, അപ്പോൾ സർക്കാരിന് നമ്മളെല്ലാം കൊടുത്ത ടാക്‌സ് പോയില്ലേ എന്നാണ് പലരുടെയും ആശങ്ക. പക്ഷേ, ഹേമ കമ്മിറ്റി കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് ഞാൻ പറയില്ല. ശരിയാണ് പരാതി പറഞ്ഞ പെൺകുട്ടികൾക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല.
എന്നാൽ പുതുതായി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾക്ക് ഗുണമുണ്ടായി. എന്താണ് ഈ ഫീൽഡ് എന്ന കാര്യം അവർക്ക് മനസിലായി. അതാണ് ശരിക്കുമുള്ള ഒരു ഗുണം. അഭിനയമല്ല ഇവിടെ വേണ്ടത്, മോള് കിടന്നുകൊടുക്കണം, ചിലപ്പോൾ അമ്മയും കിടന്ന് കൊടുക്കണം, ഇതൊക്കെ ഹേമ കമ്മിറ്റിയിൽ പറഞ്ഞതാണ്. നടിമാർ മാത്രം പോരാ അവരുടെ അമ്മയും കിടന്ന് കൊടുക്കണമെന്നാണ് അതിൽ പറഞ്ഞിരുന്നത്.
അപ്പോൾ എന്താണ് ഈ സിനിമ? എല്ലാവരും അങ്ങനെയല്ല. ചിലരെങ്കിലും അങ്ങനെ ഉണ്ടാവും. മറ്റൊരു വശം കൂടി സിനിമയുടേത് അറിയാൻ കഴിഞ്ഞു. ചിലരുടെ ഒക്കെ വിചാരം മലയാള സിനിമയിൽ വളരെ മഹാൻമാരും നായികയെ ഒന്ന് കൈകൊണ്ട് തൊട്ട് കഴിഞ്ഞാൽ പോലും പ്രശ്‌നമായി കാണുന്ന, നന്മയുടെ വിളനിലങ്ങളാണ് ഉള്ളതെന്നാണ്. ഇതെല്ലം കണ്ട് സീരിയസ്‌ലി ഇവരൊക്ക ഇങ്ങനെയാണ് എന്ന് കരുതിയ ആളുകൾ ഉണ്ടാവും.
അത്തരത്തിൽ തെറ്റിദ്ധരിച്ച ആളുകൾക്ക് ഒരു കൃത്യത കിട്ടി എന്നുള്ളതാണ് ഇത് കൊണ്ടുണ്ടായ ഗുണം. പുതുതായി ഫീൽഡിൽ വരുന്ന പെൺകുട്ടികൾക്ക് ഈ മേഖലയുടെ സ്വഭാവം എന്താണെന്ന് ഒരു ഐഡിയ കിട്ടി. ഇങ്ങനെയുള്ള ആളുകൾക്ക്, അതായത് ഉത്തരം കാര്യങ്ങളോട് താൽപര്യം ഇല്ലാത്ത പെൺകുട്ടികൾക്ക് ആദ്യം തന്നെ കാര്യങ്ങൾ എല്ലാം തുറന്ന് പറയാനുള്ള അവസരം കിട്ടും.
ചേട്ടാ എനിക്ക് ഇങ്ങനത്തെ കാര്യങ്ങളിൽ താൽപര്യം ഇല്ല കേട്ടോ എന്ന് പറയാൻ കഴിയും. ഇതൊക്കെ ആദ്യമേ അങ്ങ് പറഞ്ഞേക്കാം. അതിനുള്ള ഒരു ദിശാബോധം പെൺകുട്ടികൾക്ക് നൽകാൻ, ഇതൊന്നും അല്ലാതെ എത്ര നല്ല ജോലികൾ നമുക്ക് ചുറ്റുമുണ്ട് എന്ന് സർക്കാർ തലത്തിൽ പരോക്ഷമായി പറഞ്ഞു കൊടുക്കാൻ ഇത് ഉപകരിച്ചു എന്ന് ഞാൻ പറയും.












Click it and Unblock the Notifications