'ലക്ഷ്‌മി ചിരിച്ചുകൊണ്ടാണല്ലോ സംസാരിക്കുന്നത്, സങ്കടമില്ലേ..'; നെഗറ്റീവ് കമന്റുകൾ, പിന്തുണച്ച് ഭാഗ്യലക്ഷ്‌മി
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച മരണവാർത്തയായിരുന്നു ബാലഭാസ്‌കറിന്റേത്. നടുക്കുന്ന ഈ സംഭവം നടന്നിട്ട് ആറ് വർഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്, പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്‌മി അടുത്തിടെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖം വലിയ ചർച്ചയായി മാറുകയാണ്. നിരവധി പേർ ലക്ഷ്‌മിക്ക് പിന്തുണയുമായി രംഗത്ത് വന്നപ്പോൾ ചിലർ ലക്ഷ്‌മിയെ വിമർശിച്ചും പോസ്‌റ്റുകൾ പങ്ക് വയ്ക്കുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ലക്ഷ്‌മി ചിരിച്ചുകൊണ്ടാണല്ലോ സംസാരിക്കുന്നത്, സങ്കടം ഒന്നുമില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം. അവർ നന്നായി സംസാരിക്കുന്നുണ്ടല്ലോ, ഭർത്താവും കുഞ്ഞും മരണപ്പെട്ടതിന് ശേഷം ഇങ്ങനെയൊക്കെ ആളുകൾക്ക് സംസാരിക്കാൻ കഴിയുമോ? എന്നും ചിലർ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ സംഭവത്തിൽ ദുരൂഹത ആരോപിച്ചും ചിലർ രംഗത്ത് വരുന്നുണ്ട്.

കൂടുതൽ പേരും ലക്ഷ്‌മി അഭിമുഖത്തിൽ പുലർത്തിയ മിതത്വം അംഗീകരിക്കുമ്പോൾ തന്നെ മറ്റ് ചിലർ അതിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ബാലഭാസ്‌കറിന്റെ ഫോൺ തമ്പി എന്ന വ്യക്തി കൈക്കലാക്കിയ സംഭവത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നുന്നുണ്ട് എന്നാണ് ചിലർ പറയുന്നത്. കൂടാതെ ലക്ഷ്‌മി പ്രതികരിക്കാൻ എന്തുകൊണ്ട് ഇത്രയും വൈകി എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.
എന്നാൽ നിരവധി പ്രമുഖരാണ് അഭിമുഖത്തിന് ശേഷം ലക്ഷ്‌മിക്ക് പിന്തുണയുമായി രംഗത്ത്. ബാലഭാസ്‌കറിന്റെ സുഹൃത്തും ഗായകനുമായ ഇഷാൻ ദേവ് ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്. കൂടാതെ മലയാളത്തിലെ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി ഇപ്പോൾ ബാലുവിന്റെ ഭാര്യക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
ലക്ഷ്‌മി അഭിമുഖത്തിൽ സംസാരിച്ച രീതിയെയും അവരുടെ ധൈര്യത്തേയും ഭാഗ്യലക്ഷ്‌മി പുകഴ്ത്തുകയുണ്ടായി. കണ്ണ് നിറഞ്ഞൊരു അഭിമുഖം. എത്ര പക്വതയോടെയാണ് അവര്‍ സംസാരിച്ചത്. ജീവനായ രണ്ട് പേരെ നഷ്‌ടപ്പെട്ട വേദനകൾക്കിടയിലും, ശരീരത്തിന്റെ മുറിവുകൾക്കിടയിലും നിന്നു പിടയുമ്പോഴും എല്ലാ ഭാഗത്ത് നിന്നും അവര്‍ക്ക് നേരെ കല്ലെറിഞ്ഞു. എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ല. ഈ മനസാന്നിധ്യം എന്നും ഉണ്ടാവട്ടെയെന്നായിരുന്നു ഭാഗ്യലക്ഷ്‌മിയുടെ വാക്കുകൾ.
ഗായകൻ ഇഷാൻ ദേവിന്റെ ഭാര്യ ജീവൻ ഷാനും ലക്ഷ്‌മിക്ക് പിന്തുണയും രംഗത്ത് വന്നിരുന്നു. ഇത്രയും നന്നായി സംസാരിക്കുവാൻ വേണ്ടിയാണ് അവർ ആറ് വർഷം കാത്തിരുന്നത് എന്നായിരുന്നു ജീനയുടെ പ്രതികരണം. ലക്ഷ്‌മിക്ക് എതിരെ ഉയരുന്ന വിമർശങ്ങൾ ജീന തള്ളിക്കളയുകയും ചെയ്‌തു. അവരുടെ വിഷമങ്ങൾ അവരുടെ സ്വകാര്യ കാര്യമാണെന്നും ജീന ചൂണ്ടിക്കാണിച്ചു.
അതേസമയം, ആറ് വർഷങ്ങൾക്ക് മുൻപ് ഭാര്യക്കും മകൾക്കുമൊപ്പം സഞ്ചരിക്കവേ ഒരു വാഹനാപകടത്തിലാണ് ബാലഭാസ്‌കർ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മകളും ഈ അപകടത്തിൽ മരണപ്പെടുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഇതൊരു കൊലപാതകം ആണെന്നും പരാതിയുണ്ടെന്നും ബാലുവിന്റെ പിതാവ് ഉൾപ്പെടെ ആരോപിച്ചിരുന്നു.
ഈ വിവാദങ്ങൾ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ലക്ഷ്‌മിയുടെ അഭിമുഖം പുറത്തുവന്നത്. ബാലഭാസ്‌കറിന്റെ കുടുംബവുമായി വിവാഹം കഴിഞ്ഞത് മുതൽ അകൽച്ചയിൽ ആയിരുന്നു എന്നാണ് ലക്ഷ്‌മി പറയുന്നത്. സംഗീതത്തിലൂടെ മാത്രം അറിയപ്പെടണമെന്ന് ആഗ്രഹിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായി മാറിയത് തന്നെ വേദനിപ്പിച്ചെന്നും ലക്ഷ്‌മി അഭിമുഖത്തിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications