എന്റെ പിള്ളേർ ഉണ്ടേൽ രതീഷിന്റെ ചെകിട്ടത്ത് തന്നേനെയെന്ന് സുരേഷ്; ഇതെന്താ ചന്തയോ? ബിഗ്ബോസ് കലിപ്പിൽ
ബിഗ് ബോസ് ഹൗസിൽ മത്സരം മുറുകുകയാണ്. ഒരാഴ്‌ച പിന്നിടുമ്പഴേക്കും സംഭവ ബഹുലമായ ഒട്ടേറെ കാര്യങ്ങളാണ് അവിടെ നടന്നത്. ഇന്ന് മോഹൻലാൽ എത്തുന്ന ദിവസം കൂടിയാണ്. അതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായി ബിഗ് ബോസ് ഹൗസിൽ സുരേഷ് മേനോനും രതീഷും തമ്മിലുള്ള തർക്കം മുറുകുകയാണ്.
തുടക്കം മുതൽ തന്റെ സംസാര രീതി കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും വ്യത്യസ്‌തത കാട്ടിയ രതീഷ് തന്റെ സ്ഥിരം ശൈലിയിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്. പലപ്പോഴും ആളുകളെ പ്രകോപിപ്പിക്കുകയും, അവരെ ഇറിറ്റേറ്റ് ചെയ്യുകയും ചെയ്‌തുകൊണ്ട് കൃത്യമായ ഗെയിം പ്ലാനുമായാണ് രതീഷ് ബിഗ് ബോസിനുള്ളിൽ പ്രവർത്തിക്കുന്നത്.

നിലവിൽ രതീഷ് ഒറ്റയ്ക്ക് ഒരു ഭാഗത്തും മറ്റുള്ളവർ ഒരുമിച്ചും എന്ന നിലയിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. സുരേഷ് മേനോനുമായി രതീഷ് ഇടയ്ക്കിടെ കലഹിക്കുന്നതും പലപ്പോഴും ആരോപണങ്ങൾ അതിരുവിടുന്നത് കണ്ടതാണ്. കഴിഞ്ഞ ദിവസവും അത്തരത്തിൽ ഒരു സംഭവം നടന്നതോടെ ഇതുവരെ കടുത്ത രീതിയിൽ മത്സരാർത്ഥികളോട് സംസാരിക്കാതിരുന്ന ബിഗ് ബോസിന് പോലും ഇടപെടേണ്ടി വരികയായിരുന്നു.
ജയിൽ നോമിനേഷൻ സമയത്തായിരുന്നു ഇന്നലെ പ്രശ്‌നങ്ങളുടെ തുടക്കം. കൂടുതൽ പേരും ജയിൽ നോമിനേഷനിൽ രതീഷിന്റെ പേരാണ് പറഞ്ഞത്. അതിന് പല അംഗങ്ങളും രതീഷ് ജാൻമണിക്കും, സുരേഷ് മേനോനും എതിരെ നടത്തിയ ആരോപണങ്ങൾ ഊന്നിപ്പറഞ്ഞതോടെ അദ്ദേഹം ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു. എന്നാൽ ഇതിനെ മത്സരാർത്ഥികൾ എതിർത്തപ്പോൾ തന്റെ പതിവ് ശൈലിയിൽ രതീഷ് ബഹളം വയ്ക്കാൻ തുടങ്ങുകയായിരുന്നു.
ഇതിനിടെ തനിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ ശക്തമായ പ്രതികരണമാണ് സുരേഷ് മേനോൻ നടത്തിയത്. വിട്ടുകൊടുക്കില്ലെന്നും ഷോയിൽ നിന്ന് പുറത്തേക്ക് പോയാലും നിയമപരമായി തന്നെ നേരിടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ മക്കൾക്ക് മലയാളം അറിയില്ലെന്നും അതിനാൽ ഇതൊന്നും ബാധിക്കില്ലെന്നുമാണ് സുരേഷ് പറഞ്ഞത്.
എന്റെ മകൻ ഉണ്ടായിരുന്നെങ്കിൽ രതീഷിന്റെ ചെകിട്ടത്ത് കൊടുത്തേനെ എന്നും ഇതിനിടെ സുരേഷ് മേനോൻ പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോഴാണ് ബിഗ് ബോസ് ഇടപെട്ടത്. നിങ്ങൾക്ക് തോന്നുന്നത് പോലെ സംസാരിക്കാൻ കഴിയില്ലെന്നും, ഒരാൾ പറയുന്നത് കേൾക്കണം എന്നും ബിഗ് ബോസ് രതീഷിനോദ് പറയുന്നുണ്ട്.
എന്നാൽ നോമിനേഷൻ വേളയിൽ വീണ്ടും രതീഷ് ബഹളം വയ്ക്കുകയായിരുന്നു. രതീഷിന്റെ ഗേ പരാമർശം അൻസിബ എടുത്തിട്ടതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്നാൽ ഇത്തവണ അൽപ്പം കടുപ്പിച്ചായിരുന്നു ബിഗ് ബോസിന്റെ താക്കീത്. നോമിനേഷൻ ആണെന്നും ഇത് ആർക്കും ഷോ ഇറക്കാനുള്ള ഇടമില്ലെന്നും പറഞ്ഞ ബിഗ് ബോസ് ഇതെന്താ ചന്തയോ എന്നും ചോദിച്ചു.












Click it and Unblock the Notifications