'വിനീത് ശ്രീനിവാസനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല, മഴവില്ല് എന്ന് ഇടയ്ക്കിടെ പുച്ഛിച്ചു പറയുന്നു'; അഭിഷേക്
അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെ വമ്പൻ ഹിറ്റാവുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്‌ത ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് എം മോഹനനാണ്. രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നത്. എൽജിബിടിക്യൂ സമൂഹത്തെ പാടെ കളിയാക്കുന്നു എന്ന രീതിയിൽ ചിത്രത്തിനെതിരെ പലരും വിമർശനം ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ കഥാപശ്ചാത്തലത്തിനും സംഭാഷണങ്ങൾക്കും എതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയനായ അഭിഷേക് ജയദീപ്. ചിത്രം കാണാൻ പോയപ്പോൾ പാതിവഴിയിൽ വച്ച് ഇറങ്ങി പോരേണ്ടി വന്നുവെന്നാണ് അഭിഷേക് ആരോപിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയ വിനീത് ശ്രീനിവാസനെയും അഭിഷേക് കടുത്ത ഭാഷയിൽ വിമർശിച്ചു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിഷേകിന്റെ പ്രതികരണം. അഭിഷേകിന്റെ അമ്മയും സമാനമായ അഭിപ്രായമാണ് ചിത്രത്തിനെ കുറിച്ച് പങ്കുവച്ചത്. കോമഡിയെന്ന പേരിൽ അരോചകമായ കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളതെന്നും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ പച്ചയ്ക്ക് പറയുകയാണ് ചിത്രത്തിലൂടെയെന്നാണ് അഭിഷേക് ആരോപിക്കുന്നത്.
കോമഡിയെന്നു പറഞ്ഞ് എന്ത് അരോചകമായ കാര്യങ്ങളും അടിച്ചുവിടാമെന്നാണ് ഇവരൊക്കെ കരുതുന്നത്. വിനീത് ശ്രീനിവാസൻ എന്ന നടനിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. എത്ര നല്ല സിനിമകൾ നൽകിയിട്ടുള്ള ആളാണ് അദ്ദേഹം. ഇതിൽ അദ്ദേഹം അഭിനയിക്കുന്നേ ഉള്ളൂവെന്ന് വേണമെങ്കിൽ പറയാം. എങ്കിലും തിരക്കഥ വായിച്ചിട്ടല്ലേ അതിന് സമ്മതം മൂളൂ; അഭിഷേക് ചോദിച്ചു.
അതിൽ കാണിച്ചിരിക്കുന്ന ലെസ്ബിയൻ കഥാപാത്രങ്ങൾക്കും യാതൊരു കൃത്യതയുമില്ല. പിന്നെ മഴവില്ല്, മഴവില്ല് എന്ന് ഇടയ്ക്കിടയ്ക്ക് പുച്ഛിച്ചു പറയുന്നുണ്ട്, അതും വിനീത് ശ്രീനിവാസനെപ്പോലെ ഇത്ര വലിയ നടൻ; അഭിഷേക് വിമർശിക്കുന്നു. സിനിമയുടെ അവസാനം പറയുന്ന മെസേജ് കൊണ്ട് ഒരു കാര്യവുമില്ലെന്നും അത്രയധികം നെഗറ്റീവ് അതിലുടനീളം പറയുന്നുണ്ടെന്നും അഭിഷേക് ചൂണ്ടിക്കാണിക്കുന്നു.
അഭിഷേകിന്റെ അമ്മ ശ്രീതയും സമാനമായ നിലപാടാണ് പങ്കുവച്ചത്. പകുതിക്ക് വച്ച് ഇനി കാണുന്നില്ലെന്ന് പറഞ്ഞ് അഭിഷേക് ഇറങ്ങി പോരുകയായിരുന്നു എന്നാണ് അമ്മ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പതിവായി വരുന്ന കമന്റുകളുണ്ടല്ലോ, അത് തന്നെ പച്ചയ്ക്ക് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ് ആ സിനിമ മുഴുവനെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, ജാൻമണിയുമായുള്ള സൗഹൃദത്തെ കുറിച്ചും അഭിഷേക് മനസ് തുറന്നു. ജാൻമണിയുടെ പൈസ കണ്ടിട്ട് ഞാൻ ഒപ്പം നിൽക്കുന്നതെന്നാണ് കമന്റുകൾ. സെക്ഷ്വാലിറ്റിയുടെ പേരിൽ മാത്രമല്ല, രൂപത്തിന്റെ പേരിലും പരിഹാസങ്ങൾ നേരിടുന്നുണ്ട്. ജാനുവിന്റെ ലുക്കിനെക്കുറിച്ചു പറഞ്ഞാണ് അതിൽ കൂടുതലും. കൊച്ചുപ്രേമൻ എന്നൊക്കെ വിളിച്ചാണ് പരിഹസിക്കുന്നതെന്നും അഭിഷേക് പറയുന്നു.
ജാൻമണിയെ പോലെയുള്ള ഒരാൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്‌റ്റായി ഉയർന്ന് വരുന്നത് പിടിക്കാത്തവരാണ് ഇത്തരം നെഗറ്റീവ് കമന്റുകൾ ഇടുന്നതെന്നും അഭിഷേക് ആരോപിച്ചു. ജാൻമണിയെപ്പോലുള്ളവർ എല്ലാ കാലവും ട്രെയിനിൽ പിച്ചയെടുത്ത് ജീവിക്കുന്നതാണ് അവർക്ക് കാണേണ്ടതെന്നും ബിഗ് ബോസ് താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications