'മലയാള സിനിമയിലെ ഏറ്റവും മാന്യൻ ദിലീപേട്ടൻ, ഒരു സ്ത്രീയും ഇതുവരെ മോശം പറഞ്ഞിട്ടില്ല'; അഖിൽ മാരാർ
മലയാള സിനിമയിലെ ഏറ്റവും മാന്യനായ താരമായി തോന്നിയത് ദിലീപിനെയാണെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ദിലീപ് കേസിലെ സത്യം പൊതുസമൂഹം എന്നെങ്കിലും മനസിലാക്കുമെന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും, നടിമാർ വെളിപ്പെടുത്തൽ നടത്തിയപ്പോഴും അതിൽ ദിലീപിന്റെ പേരുണ്ടായിരുന്നില്ലെന്ന് ബിഗ് ബോസ് താരം കൂടിയായ അഖിൽ അഭിപ്രായപ്പെട്ടു.
'ദിലീപ് ഇല്ലാതായാൽ നേട്ടങ്ങൾ ഉണ്ടാവുമെന്ന് ആരൊക്കെ കരുതുന്നുവോ അവരൊക്കെയാണ് അദ്ദേഹത്തെ കുടുക്കിയത്. അതിലൊരു പേരല്ല പ്രധാനം. തുടക്കം മുതൽ ഞാൻ പറയുന്നൊരു കാര്യമുണ്ട്. പൊതു സമൂഹം കേസിന്റെ ശരികളിലേക്ക് എത്താൻ കുറച്ചുകൂടി വൈകും. ഇപ്പോൾ പലരും ഇല്ലാത്ത നന്മമരം കളിച്ചു നടക്കുന്നുണ്ട്. അതൊക്കെ മാറും' ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു.

'എപ്പോൾ ഈ കേസിന്റെ വിധി വരുന്നോ അതിന് ശേഷം പലർക്കും തുറന്ന് പറയാൻ ധൈര്യമുണ്ടാവും. നമ്മൾ ഒരു ധാരണയിൽ അങ്ങ് എത്തി ചേരുകയാണ്. ഏറ്റവും രസകരമായ ഒരു കാര്യം പറഞ്ഞാൽ ഇപ്പോഴത്തെ ഹേമ കമ്മീഷൻ വിഷയങ്ങളൊക്കെ വന്നില്ലേ, അപ്പോൾ എനിക്ക് തോന്നിയത് മലയാള സിനിമയിലെ ഏറ്റവും മാന്യൻ ദിലീപേട്ടൻ ആണെന്നാണ്' അഖിൽ മാരാർ പറയുന്നു.
'ഒരാൾ പോലും ഹേമ കമ്മീഷനിൽ അദ്ദേഹത്തെക്കുറിച്ച് കുറ്റം പറഞ്ഞിട്ടില്ലല്ലോ. ആരും പറഞ്ഞിട്ടില്ല. ഒരു ജൂനിയർ ആർട്ടിസ്‌റ്റും പറഞ്ഞിട്ടില്ല. സാധാരണ ഒരാൾ കേസിൽ പെട്ടാൽ കൂടുതൽ പേർ ധൈര്യത്തോടെ തുറന്ന് പറയാൻ സ്ത്രീകൾ മുന്നോട്ട് വരികയല്ലേ ചെയ്യുക. ദിലീപ് 2017ൽ ജയിലിൽ പോയതിന് ശേഷവും ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷവും ഒരു സ്ത്രീയും ദിലീപിനെ കുറിച്ച് മോശം പറഞ്ഞതായി നമ്മളാരും കേട്ടിട്ടില്ല' അഖിൽ ചൂണ്ടിക്കാണിച്ചു.
'ദിലീപിനെതിരെ ഏതെങ്കിലും സ്ത്രീ മൊഴി കൊടുത്തെന്നാണോ? ഒരിക്കലും അല്ല. നമ്മൾ അടുത്തിടെ കേട്ട പേരുകൾ എല്ലാം നോക്കൂ. നിവിൻ പോളിക്ക് എതിരായ കേസ് വ്യാജമാണെന്നു തെളിഞ്ഞു. സിദിഖ് ഇക്കയ്ക്കെതിരേ വന്നത് നോക്കൂ. ഒരു സ്ത്രീ നേരിട്ട് വന്നു പറയുകയാണ്, ഇന്നയാൾ എന്നെ പീഡിപ്പിച്ചുവെന്ന്. ആ സ്ത്രീ തന്നെ പറയുകയാണ് ഈ ആൾ ഞങ്ങളുടെ ഉപദ്രവിച്ചു എന്ന്' അഖിൽ മാരാർ തുടർന്നു.
'ദിലീപിനെതിരെ അങ്ങനെ ഏതെങ്കിലും സ്ത്രീ മൊഴി കൊടുത്തിട്ടുണ്ടോ? നമ്മൾ അതിജീവിത എന്ന് വിളിക്കുന്ന പെൺകുട്ടി പോലും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പോലീസിനോടും അവർ പറഞ്ഞിട്ടില്ല. ദിലീപിനെ സംശയം ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ല. ഇവിടെയൊരു ക്രിമിനലാണ് പറഞ്ഞിരിക്കുന്നത്. ക്രിമിനലിനെ നമ്മൾ വിശ്വസിക്കുക എന്ന ക്രൂരമായ കാഴ്‌ചയാണ് നമ്മൾ കേരളത്തിൽ കണ്ടത്' അഖിൽ ആരോപിക്കുന്നു.
'സ്ത്രീകൾ നേരിൽ പീഡിപ്പിച്ചു എന്ന് പറയുന്ന വിഷയങ്ങളിൽ ഒന്നും നാം ഇതിന്റെ പത്ത് ശതമാനം പ്രാധാന്യം പോലും കാണിച്ചിട്ടില്ല. ദിലീപിനെ കടന്നാക്രമിച്ചതിന്റെ പതിലൊന്നല്ലേ നമ്മൾ മറ്റുള്ളവരോട് ചെയ്‌തിട്ടുള്ളൂ. ഒരുപാട് ആൾക്കാരുടെ പേരുകൾ ഇപ്പോൾ വന്നല്ലോ. ഇതിന്റെയൊക്കെ സത്യം പുറത്തുവരാനുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതോടെ മലയാള സിനിമയിൽ ഒരു പെൺകുട്ടികളും ദിലീപിനെതിരെ പരാതി കൊടുത്തില്ല എന്ന ആശ്വാസം അദ്ദേഹത്തിനുണ്ട്.' അഖിൽ ചൂണ്ടിക്കാട്ടി.
സൂപ്പർതാരങ്ങളുടെ പെൺമക്കൾ സിനിമയിലേക്ക് വരാത്തത് അവർക്ക് വ്യക്തിപരമായി താൽപര്യം ഇല്ലാത്തത് കൊണ്ടാവാം എന്നും അഖിൽ മാരാർ പറഞ്ഞു. സിനിമയിൽ ഉള്ളവർ എത്രപേർ പരസ്‌പരം വിവാഹം കഴിച്ചു. സിനിമയിൽ നിലനിൽക്കാൻ കഴിയില്ലെന്ന തോന്നൽ ഉള്ളതുകൊണ്ടാവാം പലരും വരാത്തത്. അല്ലാതെ അതിന് മറ്റ് അർഥങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications