'അല്ല ഇതാര് ടൈറ്റാനിക്കിലെ റോസും ജാക്കുമോ?'; ആരതിയെ കെട്ടിപ്പിടിച്ച് ചുംബിച്ച റോബിനെ പുകഴ്ത്തി ആരാധകർ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ബിഗ് ബോസ് താരവും ഡോക്‌ടറുമായ റോബിൻ രാധാകൃഷ്‌ണന്റെയും ആരതി പൊടിയുടേതും. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവരുടെ വിവാഹത്തിന്റെ ഭാഗമായി ഇരു കുടുംബങ്ങളും സുഹൃത്തുക്കളും ചേർന്ന് നടത്തുന്നത്. ഒൻപത് ദിവസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടക്കുകയെന്ന് റോബിൻ പറഞ്ഞപ്പോൾ പലരും അത് അത്ര കാര്യമായി എടുത്തിരുന്നില്ല എന്നതാണ് സത്യം.
എന്നാൽ അതിനെ ശരിവയ്ക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും വിവാഹ റിസപ്‌ഷൻ വീഡിയോകളാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. പാശ്ചാത്യ ശൈലിയിൽ വേഷമണിഞ്ഞാണ് ഇവർ പരിപാടിയിൽ പങ്കെടുത്തത്. സ്‌റ്റേജിൽ ഒരുമിച്ച് നിന്ന് റിസപ്‌ഷൻ ചടങ്ങുകൾക്ക് എത്തിയ അതിഥികളെ ഇരുവരും ചേർന്ന് സ്വീകരിക്കുന്നതും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതും കാണാം.

കോട്ടും സ്യൂട്ടുമാണ് റോബിൻ അണിഞ്ഞിരിക്കുന്ന വേഷമെങ്കിൽ ആരതിയാവട്ടെ ബ്രിട്ടീഷ് രാജ്ഞിമാരെയും ഡിസ്‌നി രാജകുമാരിമാരെയും അനുസ്‌മരിപ്പിക്കുന്ന ഫ്രോക്ക് ആണ് ചടങ്ങിന് ഇട്ടിരിക്കുന്നത്. ഇതോടെ നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നതും അവരുടെ വസ്ത്രത്തെ പുകഴ്ത്തുന്നതും.
ടൈറ്റാനിക്കിലെ ജാക്കും റോസുമാണോ ഈ ചിത്രത്തിൽ ഉള്ളതെന്നാണ് തമാശ രൂപേണ ആരാധകരിൽ ചിലർ ചോദിക്കുന്നത്. ഔഡി കാറിൽ ആയിരുന്നു റിസപ്‌ഷൻ വേദിയിലേക്ക് ഇരുവരും കടന്നുവന്നത്. ഇതോടെയാണ് ആരാധകർ പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുവരും തമ്മിൽ നല്ല ചേർച്ച ഉണ്ടെന്നും നല്ല ഡ്രസ് സെലക്ഷൻ ആണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
ഭത്താവായാൽ ഇങ്ങനെ വേണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇരുവരുടെയും കിടിലൻ നൃത്ത ചുവടുകൾക്കും വേദിയിൽ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അതിനെയും ആരാധകർ വലിയ രീതിയിൽ പുകഴ്ത്തുന്നുണ്ട്. ഡാൻസിന് ശേഷം ആരതിയുടെ കൈയിൽ ചുംബിച്ച റോബിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകർ.
അതേസമയം, ഫെബ്രുവരി 16ന് ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു റോബിന്റെയും ആരതിയുടെയും കാത്തിരുന്ന കല്യാണം. രണ്ട് വർഷത്തിൽ അധികം നീണ്ടുനിന്ന എൻഗേജ്മെന്റ് കാലയളവിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഈ ഇടവേള സമയത്ത് ആരതിയും റോബിനും അവരുടെ കരിയറിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.
നേരത്തെ ഹണിമൂണിനെ കുറിച്ചുൾപ്പെടെ റോബിൻ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിൽക്കുന്ന, 20ലധികം വിദേശരാജ്യങ്ങളിൽ ഉൾപ്പെടുത്തിയ ഹണിമൂൺ യാത്രയാകും തങ്ങളുടേത് എന്നായിരുന്നു റോബിൻ പറഞ്ഞത്. ഇതോടെ ആരാധകരും ഇതിന്റെ മറ്റ് വിശദാംശങ്ങൾ അറിയാനുള്ള ത്രില്ലിലാണ്.
അതിനിടെ വിവാഹത്തിനായി ആരതിയുടെ കുടുംബത്തിൽ നിന്നും റോബിൻ കോടികളും ആഡംബര കാറുകളും ഒക്കെ സ്ത്രീധനമായി വാങ്ങിയെന്ന ചില പ്രചാരണം ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചു കൊണ്ട് റോബിൻ തന്നെ രംഗത്ത് വന്നിരുന്നു. വിവാഹത്തിന് പുതിയ കാറോ, സ്ത്രീധനമോ ഒന്നും വാങ്ങിയിട്ടില്ലെന്നാണ് റോബിൻ വ്യക്തമാക്കിയത്.












Click it and Unblock the Notifications