'ഞങ്ങളുടേത് ചെറിയ കല്യാണം, 27 രാജ്യങ്ങളിൽ 2 വർഷത്തെ ഹണിമൂൺ ആയിരിക്കും'; വിശേഷം പറഞ്ഞ് റോബിൻ
ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് റോബിൻ രാധാകൃഷ്‌ണൻ. ബിഗ് ബോസിൽ വിജയി ആവുകയോ ഗ്രാൻഡ് ഫിനാലെയിൽ എത്തുകയോ പോലും ചെയ്‌തിട്ടില്ലാത്ത റോബിന് പക്ഷേ ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവില്ല. പ്രഫഷൻ കൊണ്ട് ഒരു ഡോക്‌ടർ ആണെങ്കിലും അദ്ദേഹം നിലവിലൊരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് എല്ലാവരും നോക്കി കാണുന്നത്. അതിനാൽ തന്നെ മാധ്യമങ്ങൾ റോബിന് പിന്നാലെ തന്നെയുണ്ട്.
എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യമാണ്. എപ്പോഴാണ് റോബിന്റെയും ആരതിയുടെയും വിവാഹം? എന്നതാണ് ഇത്. ഏറെക്കാലമായി ഇരുവരും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്. പിന്നീട് ഇവരുടെ വിവാഹ നിശ്ചയം ഉൾപ്പെടെ കഴിഞ്ഞെങ്കിലും കല്യാണം നീളുകയാണ്. എന്നാൽ ഇനിയും കാത്തിരിപ്പ് നീളില്ലെന്നാണ് അടുത്തിടെ റോബിൻ പറഞ്ഞത്. അടുത്തമാസമായിരിക്കും ഇവരുടെ വിവാഹം. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് റോബിൻ രാധാകൃഷ്‌ണൻ.

ചെറിയ വിവാഹമായിരിക്കും ഞങ്ങളുടേത് എന്നാണ് റോബിൻ രാധാകൃഷ്‌ണൻ പറയുന്നത്. മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചലച്ചിത്രം എമ്പുരാനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിക്കുന്നതാണ് ഇതെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്. എല്ലാവരെയും പോലെ സാധാരണ കല്യാണമാണ് തങ്ങളുടേതെന്നും എന്നാൽ ഹണി മൂൺ കേരളം ഇതുവരെ കാണാത്ത തരത്തിൽ ഉള്ളതാവുമെന്നും റോബിൻ പറയുന്നു.
റോബിൻ രാധാകൃഷ്‌ണന്റെ വാക്കുകൾ
ഞങ്ങളുടേത് ചെറിയ കല്യാണമാണ്. ക്ഷണം തുടങ്ങിയിട്ടുണ്ട്, അടുത്ത മാസമാണ് ഇത്. കേരളത്തിൽ എത്രയോ പേർ കല്യാണം കഴിക്കുന്നു, അതുപോലെ തന്നെയാണ് ഞങ്ങളുടെ കല്യാണവും. ഡ്രസൊക്കെ സെലക്റ്റ് ചെയ്‌തു തുടങ്ങിയിട്ടുണ്ട്. സിംപിൾ കല്യാണമാണ്. കല്യാണം ഒരു പ്രാവശ്യം അല്ലേ ലൈഫിൽ ഉണ്ടാവൂ, സോ അത് എപ്പോഴും ഓർമ്മിക്കുന്ന തരത്തിൽ ഉള്ളതായിരിക്കണ്ടേ...
നമ്മളെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവണമെന്ന് മാത്രം ആഗ്രഹിക്കുന്നു. മാര്യേജ് അങ്ങനെ നീണ്ടുപോയി എന്ന് പറയാൻ പറ്റില്ലാലോ, പ്രായമായാലും കല്യാണം കഴിക്കാം. നമ്മൾ എപ്പോഴാണോ ഓകെ ആവുന്നത് ആ സമയത്ത് കല്യാണം കഴിക്കുക എന്നതല്ലേ ഉള്ളൂ. അല്ലാതെ ഈ സമയത്ത് കല്യാണം കഴിക്കണം എന്നൊന്നും ഇല്ല.
ഹണിമൂൺ പ്ലാനുകൾ കൊറെയുണ്ട്. വെറൈറ്റി ആയിട്ട് രണ്ട് വർഷത്തെ ഹണിമൂൺ ആണ് പ്ലാൻ ചെയ്യുന്നത്. 27ലധികം രാജ്യങ്ങളിൽ പോവാനാണ് തീരുമാനം. കേരളത്തിൽ ആദ്യത്തെ ആയിരിക്കും ഇത്. ഞാൻ അധികം സ്ഥലങ്ങൾ ഒന്നും എക്സ്പ്ലോർ ചെയ്യാത്ത ആളാണ്. അതുകൊണ്ട് ഒരുപാട് രാജ്യങ്ങളിൽ കല്യാണത്തിന് ശേഷം പോവണമെന്ന് ആഗ്രഹമുണ്ട്.
ലാലേട്ടന്റെ അനുഗ്രഹം ഉണ്ടാവും. ഞാൻ കല്യാണത്തിന് ക്ഷണിക്കുന്നുണ്ട്. വരാൻ പറ്റുമോ എന്ന് അറിയില്ല. നേരിട്ട് പോയി തന്നെ ക്ഷണിക്കും. അദ്ദേഹത്തിന് ഒരുപാട് തിരക്കുകൾ ഒക്കെ ഉള്ളതല്ലേ. വരുന്നെങ്കിൽ വരട്ടെ. എമ്പുരാൻ ടീസർ കണ്ടു. ഒന്നും പറയാനില്ല, ഞാൻ സിനിമാക്കാരൻ അല്ലാലോ. ഒരു പ്രേക്ഷകൻ എന്ന നിലയിൽ വളരെയധികം പ്രതീക്ഷ തോണുന്നുണ്ട്. മേക്കിംഗ് ഒക്കെ ഗംഭീരമായിരിക്കും എന്നാണ് തോന്നുന്നത്. ഞാൻ വെയിറ്റ് ചെയ്യുകയാണ്.












Click it and Unblock the Notifications