'അവിടെ പോവും മുൻപ് എന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി, അവൻ ഭയങ്കര പാവമാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്
ബിഗ് ബോസ് ആറാം സീസൺ ശക്തമായി പുരോഗമിക്കുകയാണ്. വ്യത്യസ്‌ത മേഖകളിൽ നിന്നുള്ള വേറിട്ട സ്വഭാവ സവിശേഷതകൾ കൈമുതലായുള്ള മത്സരാർത്ഥികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഷോ ആയത് കൊണ്ട് തന്നെ ബിഗ് ബോസിന് മാത്രമായി ചില പ്രത്യേകതകൾ ഉണ്ട്. ഇവിടെ ഓരോ മത്സരാർത്ഥിക്കും ആരാധകരും അതിലേറെ പിന്തുണയും ഒക്കെ പുറത്തുണ്ട് എന്നതാണ് വലിയ പ്രത്യേകത, എന്നാൽ അതൊന്നും അവർ അറിയുന്നില്ലെന്ന് മാത്രം.
ഇപ്പോഴിതാ ബിഗ് ബോസിലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളെ ഋഷിയെ പറ്റി മനസ് തുറക്കുകയാണ് ടെലിവിഷൻ, സിനിമാ താരമായ നിഷ സാരംഗ്, നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഉപ്പും മുളകും എന്ന സിറ്റ്‌കോം വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയ ഒന്നായിരുന്നു. അതിൽ നിഷ അവതരിപ്പിച്ച നീലു എന്ന കഥാപാത്രത്തിന്റെ മകനായ മുടിയൻ വിഷ്‌ണു ആയാണ് ഋഷി അഭിനയിച്ചത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നിഷ സാരംഗ് ഋഷിയെ കുറിച്ച് മനസ് തുറന്നത്. തിരക്ക് കാരണം ബിഗ് ബോസ് പൂർണമായും കാണാൻ കഴിയാറില്ലെന്നാണ് താരം പറയുന്നത്. ഇതിനിടെയാണ് ഋഷിയുടെ സ്വഭാവത്തെ പറ്റിയും ബിഗ് ബോസിലെ രീതിയെ പറ്റിയുമൊക്കെ നിഷ മനസ് തുറന്നത്.
ഇപ്പോൾ എല്ലാവരും ബിഗ് ബോസിൽ കാണുന്നതാണ് ഋഷിയുടെ യഥാർത്ഥ സ്വഭാവം എന്നാണ് നിഷ സാരംഗ് പറയുന്നത്. 'ബിഗ് ബോസിലേക്ക് പോവുന്നതിന് തലേ ദിവസം വന്ന് കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. അവൻ ഭയങ്കര പാവമാണ്. അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി. എല്ലാവരോടും ഭയങ്കര സ്നേഹമാണ്' താരം പറയുന്നു.
അവന് പെട്ടെന്ന് കരച്ചിൽ വരും, ആത്മാർത്ഥത കൂടുതൽ ഉള്ളത് കൊണ്ടാണ് അത്. അവൻ ബിഗ് ബോസിൽ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഷോയുടെ സമ്മർദ്ദം ഒക്കെ വരുമ്പോൾ ചിലപ്പോഴവൻ മാറിയേക്കും. ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, പെട്ടെന്ന് കരയുകയും ചെയ്യും. അത് തന്നെയാണ് ഇപ്പോൾ ബിഗ് ബോസിലും കാണുന്നത്; നിഷ പറഞ്ഞു.
അതേസമയം, ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ഋഷി എസ് കുമാർ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു. പ്രമുഖ നടൻ ബിജു സോപാനം ബാലു എന്ന കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകുമാണ് ഋഷിയെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാക്കി മാറ്റിയത്. മികച്ചൊരു ഡാൻസർ കൂടിയാണ് ഋഷി.












Click it and Unblock the Notifications