കമല്‍ഹാസന് പകരം ബിഗ് ബോസ് അവതാരകനായി വിജയ് സേതുപതി; പ്രതിഫലത്തിലും മാറ്റം, വാങ്ങുന്നത് ഇത്ര
ചെന്നൈ: ബിഗ് ബോസ് തമിഴില്‍ കാര്യമായ മാറ്റങ്ങള്‍ ഇത്തവണത്തെ സീസണിലുണ്ടാവും. പ്രധാനമായും അവതാരകന്‍ മാറുന്നത് തന്നെയാണ്. സൂപ്പര്‍ താരം കമല്‍ഹാസന്‍ ഇത്തവണ ഷോയുടെ അവതാരകന്‍ ആയി ഉണ്ടാവില്ല. ഇത്തവണത്തേത് ബിഗ് ബോസ് തമിഴിന്റെ എട്ടാമത് സീസണാണ്. കഴിഞ്ഞ ഏഴ് സീസണുകളിലും ബിഗ് ബോസ് അവതാരകന്‍ കമല്‍ഹാസന്‍ ആയിരുന്നു. എന്നാല്‍ എട്ടാം സീസണില്‍ അവതാരകനായി എത്തുന്നത് വിജയ് സേതുപതിയാണ്.
തീര്‍ത്തും അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു ഇത്. കമല്‍ഹാസന്‍ സിനിമയില്‍ സജീവമാകാന്‍ പോവുകയാണ് ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബിഗ് ബോസിന്റെ ഭാഗമാവുക ബുദ്ധിമുട്ടാണ്. അതാണ് പിന്‍മാറാനുള്ള പ്രധാന കാരണം.

വിജയ് സേതുപതി ഇത്രയും വലിയൊരു റിയാലിറ്റി ഷോയുടെ അവതാരകനായി വരുന്നത് ഇത് ആദ്യമായിട്ടാണ്. ഒക്ടോബര്‍ ആദ്യ വാരം ബിഗ് ബോസ് തമിഴിന്റെ ടെലികാസ്റ്റിംഗ് ആരംഭിക്കും. നിരവധി വിവാദ മത്സരാര്‍ത്ഥികള്‍ ഇത്തവണ മത്സര രംഗത്തുണ്ടായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടിടിഎഫ് വാസന്‍, കാമുകിയും നടിയുമായ ശാലിന്‍ സോയ, മാ കാ പാ ആനന്ദ്, നടന്‍ റോബോ ശങ്കര്‍, എന്നിവരെല്ലാം ബിഗ് ബോസ് തമിഴ് എട്ടാം സീസണില്‍ ഉണ്ടായിരിക്കും.
കമല്‍ഹാസന്‍ മാറുന്നതോടെ ബിഗ് ഹൗസിനും കാര്യമായ മാറ്റങ്ങളുണ്ടായേക്കും. ഇത്തവണ വ്യത്യസ്തമായ ഹൗസായിരിക്കും കാണാന്‍ കഴിയുക. മണിരത്‌നത്തിന്റെ തഗ് ലൈഫ് അടക്കമുള്ള ചിത്രങ്ങള്‍ കമല്‍ഹാസന്റേതായി വരാനിരിക്കുന്നുണ്ട്. ഇതെല്ലാം താരത്തെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തുന്നതില്‍ നിന്ന് തടയുകയായിരുന്നു.
ബിഗ് ബോസ് അവതാരകനായി നേരത്തെ നിരവധി പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. നടന്‍ സിലമ്പരസന്‍ അവതാരകനായി എത്തുമെന്നായിരുന്നു അഭ്യൂഹം. പിന്നീട് നടി രമ്യ കൃഷ്ണന്റെയും നടന്‍ ശരത് കുമാറിന്റെയും പേരുകളും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വിജയ് സേതുപതി അവതാരകനായി വരുമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
ആരും പ്രതീക്ഷിക്കുക പോലും ചെയ്യാതിരുന്ന പ്രഖ്യാപനമാണിത്. വൈകാതെ തന്നെ ബിഗ് ബോസ് പുതിയ സീസണിന്റെ പ്രൊമോ പുറത്തിറക്കും. സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസിന്റെ എട്ടാം സീസണ്‍ ടെലികാസ്റ്റ് ചെയ്യുക. അതേസമയം വിജയ് സേതുപതിയുടെ പ്രതിഫലമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
കമല്‍ഹാസന് പകരക്കാരനായി വരുമ്പോള്‍ വിജയ് റെക്കോര്‍ഡ് പ്രതിഫലം തന്നെയാണ് വാങ്ങിയിരിക്കുന്നത്. സിനിമയില്‍ വിജയ് സേതുപതിക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ വലിയ പ്രതിഫലമാണ് ലഭിച്ചിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം.
ഷോയുടെ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ മാത്രമാണ് വിജയ് പ്രത്യക്ഷപ്പെടുക. സാധാരണ ഒരു സിനിമയ്ക്ക് 15 മുതല്‍ ഇരുപത് കോടി വരെയാണ് വിജയ് സേതുപതി പ്രതിഫലമായി വാങ്ങുക. വിടുതലൈ 2, ഗാന്ധി ടോക്‌സ് എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്. കമല്‍ഹാസന് അവതാരകനാവാന്‍ ബിഗ് ബോസ് 120 കോടിയാണ് നല്‍കിയിരുന്നത്.












Click it and Unblock the Notifications