"ബിഗ് ബോസ് എനിക്ക് എട്ടിന്റെ പണി തന്നു, ഡ്രസും വാങ്ങി ഡേറ്റ് ബ്ലോക്കും ചെയ്‌തു, എന്നിട്ടും അവസാനം ഒഴിവാക്കി"
സീരിയൽ-സിനിമാ-മിമിക്രി രംഗത്തെ ഒരുപാട് താരങ്ങൾ മലയാളം ബിഗ് ബോസിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഏഴാം സീസൺ എത്തി നിൽക്കുമ്പോൾ അത്തരത്തിൽ മുന്നേറ്റം പ്രകടമാക്കിയ കലാകാരന്മാർ നിരവധിയാണ്. പലരുടെയും സ്വപ്‌നം കൂടിയാണ് ബിഗ് ബോസ് വേദി. ഇപ്പോഴിതാ ബിഗ് ബോസ് ടീമിൽ നിന്നുണ്ടായ ഒരു തിക്താനുഭവം വെളിപ്പെടുത്തുകയാണ് മിമിക്രി കലാകാരനും നടനുമായ ഹരിശ്രീ യൂസഫ്.
തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ഹരിശ്രീ യൂസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ തനിക്ക് അവസരം ലഭിച്ചുവെന്നും അഭിമുഖം ഉൾപ്പെടെ പൂർത്തിയാക്കിയെന്നും യൂസഫ് പറയുന്നു. എന്നാൽ ഡേറ്റ് അടുത്തപ്പോൾ അവസാന നിമിഷം തന്റെ പേര് ഒഴിവാക്കിയെന്ന് ഹരിശ്രീ യൂസഫ് പറയുന്നു. ഇതോടെ തനിക്ക് വലിയ രീതിയിൽ വിഷമം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിശ്രീ യൂസഫിന്റെ വാക്കുകൾ
എല്ലാവർക്കും ഇപ്പോൾ ബിഗ് ബോസ് ഏഴിന്റെ പണി കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നാണല്ലോ പറയുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് ബിഗ് ബോസ് എട്ടിന്റെ പണി തന്നിരുന്നു. ഞാൻ അന്ന് അയ്യപ്പൻ സീരിയലിൽ അഭിനയിക്കുകയായിരുന്നു ഏഷ്യാനെറ്റിൽ. തിരുവനന്തപുരത്തായിരുന്നു ഷൂട്ട്. വലിയ സന്തോഷമായിരുന്നു അവർ വിളിച്ചപ്പോൾ. ആരാണ് പോവാൻ ആഗ്രഹിക്കാത്തത്? എന്നെ വിളിച്ചത് രണ്ടാമത്തെ സീസണിലായിരുന്നു.
ആദ്യത്തെ സീസൺ ഭയങ്കര ഹിറ്റായിരുന്നു. അടിപൊളി ആക്കിയ സീസൺ ആയിരുന്നു അത്. ഇപ്പോഴും നമ്പർ വൺ ആദ്യ സീസൺ ആയിരുന്നു. നൂറ് ശതമാനം താൽപര്യമുണ്ട് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആ പട്ടികയിൽ എന്റെ പേരും വന്നു. കൂടെ അയ്യപ്പൻ സീരിയലിൽ അഭിനയിക്കുന്നവർ പറഞ്ഞു, നല്ലൊരു ചാൻസ് അല്ലേ വിട്ടുകളയണ്ട എന്ന്. അവർ മാത്രമേ അറിഞ്ഞുള്ളൂ. ഭാര്യയോട് ഞാൻ അതിനെ കുറിച്ച് പറഞ്ഞു.
എല്ലാവരും പ്രതീക്ഷയോടെ ഇരുന്ന സീസൺ. വീണ്ടും എന്നെ വിളിക്കുകയാണ് അവർ. എറണാകുളത്തെ സ്‌റ്റുഡിയോയിൽ എത്താൻ പറഞ്ഞു. ഭയങ്കര സന്തോഷത്തോടെ ചെന്നു. അവിടെ ഉള്ളവർക്ക് എല്ലാം എന്നെ അറിയുന്നവർ ആയിരുന്നു. കൗണ്ടർ ഒക്കെ പറയുന്നത് കൊണ്ടാണ് ബിഗ് ബോസിൽ നിന്ന് വിളിച്ചത്. ശുഭപ്രതീക്ഷയോട് കൂടിയാണ് ചെന്നത്. ഇന്റർവ്യൂ ആയിരുന്നു അവിടെ. ഒരു നാലഞ്ച് പേരുണ്ടായിരുന്നു. ക്യാമറയൊക്കെ വച്ചിരുന്നു.
മലയാളം ഒക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ അവർ ഓരോ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. എന്റെ സ്വഭാവങ്ങൾ ഒക്കെ ചോദിച്ചു. ഞാൻ എല്ലാത്തിനും സരസമായി മറുപടി കൊടുത്തു. എന്നെ ഇങ്ങോട്ട് വിളിച്ചത് കൊണ്ട് ഞാൻ തമാശയായേ എടുത്തുള്ളൂ. അവരും ചിരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം അവർ നടന്മാരെ ഒക്കെ അനുകരിപ്പിച്ചു. അതൊക്കെ അവർ ക്യാമറയിൽ പകർത്തി. അപ്പോൾ അവർ ഹാപ്പിയായി, അറിയിക്കാം എന്ന് പറഞ്ഞു.
ഞാൻ തിരിച്ചുവീട്ടിൽ വന്നു. മനസ് വളരെ സന്തോഷത്തിൽ ആയിരുന്നു. പിന്നെ അതിനെ കുറിച്ചുള്ള ചിന്തകൾ ഒക്കെയായി. പിന്നെ ഒരു ഫോൺ വന്നു, ജനുവരി മുതലുള്ള ഡേറ്റ് ബ്ലോക്ക് ചെയ്‌തിട്ടേക്കു എന്ന് പറഞ്ഞു. അപ്പോൾ പിന്നെ എനിക്ക് ഉറപ്പായി. ശരിക്കും മിമിക്രി കലാകാരന്മാർക്ക് സീസൺ എന്ന് പറയുന്നത് ഡിസംബർ മുതൽ അങ്ങോട്ടാണ്. ആ ആറു മാസത്തെ വരുമാനം കൊണ്ടാണ് പലരും പിന്നെയുള്ള സമയം കൂടി ജീവിക്കുന്നത്.
ഞാൻ അതിന് അനുസരിച്ച് ഡേറ്റ് ഒക്കെ ബ്ലോക്ക് ആക്കി. ആരോടും ഇതിനെ കുറിച്ച് പറയരുത് എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഇല്ലാത്ത നുണകളാണ് പറഞ്ഞത്. എല്ലാ പ്രോഗ്രാമുകളും ഞാൻ അതിന് വേണ്ടി കളഞ്ഞു. നല്ലൊരു ഷോയിൽ കിട്ടിയല്ലോ എന്ന് ആശ്വസിച്ചു. അങ്ങനെ കൊറേ ഡ്രസ് ഒക്കെ ഞാൻ വാങ്ങിച്ചു കൊണ്ട് വന്നു. അപ്പോൾ എന്റെ മനസ് നിറച്ചും ബിഗ് ബോസ് ആയിരുന്നു. ലിസ്‌റ്റിൽ പേരുണ്ടെന്ന് പറഞ്ഞ് ഏഷ്യാനെറ്റിലെ ഒരു സ്‌റ്റാഫ് വിളിക്കുകയും ചെയ്‌തു.
സാമ്പത്തികത്തിന്റെ കാര്യങ്ങൾ ഒന്നും എന്നോട് അവർ ചോദിച്ചിട്ടില്ല. ലാലേട്ടന്റെ ബിഗ് ബോസ് പരസ്യങ്ങൾ ഒക്കെ കാണിച്ചു തുടങ്ങി. അതൊക്കെ സ്ഥിരമായി, എന്നോട് ഒന്നും പറയാൻ അവർ വിളിച്ചിട്ടില്ല പിന്നെ. എനിക്ക് സംശയം തോന്നി അവരെ വിളിച്ചു ചോദിച്ചു. ജനുവരി രണ്ട് ഒക്കെ ആയപ്പോൾ ഞാൻ വീണ്ടും വിളിച്ചു. യൂസഫേ സോറി, ബോംബെയിലോ ചെന്നൈയിലോ പേര് തള്ളിപ്പോയി എന്ന് പറഞ്ഞു. എനിക്ക് ഉണ്ടായ വിഷമം ഭയങ്കരമായിരുന്നു.


Click it and Unblock the Notifications