അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു, ബ്ലെസിയുമായി സംസാരിച്ചെന്ന് ബോബി ചെമ്മണ്ണൂര്‍
ന്യൂഡല്‍ഹി: സൗദി അറേബ്യന്‍ ജയിലില്‍ വധിശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. അബ്ദുള്‍ റഹീം പതിനെട്ട് വര്‍ഷക്കാലമായി ജയിലില്‍ കഴിയുകയാണ്. ഇയാളുടെ മോചനത്തിനായി പണം കണ്ടെത്താന്‍ കേരളം ഒറ്റക്കെട്ടായി 34 കോടി രൂപയോളം സമാഹരിച്ചിരുന്നു.
ബോബി ചെമ്മണൂരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ സംഭവങ്ങള്‍ സിനിമയാക്കാന്‍ പോവുകയാണെന്ന് വ്യവസായി കൂടിയായ ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം സിനിമയ്ക്ക് വേണ്ടി സംവിധായന്‍ ബ്ലെസ്സിയുമായി സംസാരിച്ചുവെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

നേരത്തെ നജീബിന്റെ കഥ പറഞ്ഞ ബെന്യാമിന്റെ നോവലായ ആടുജീവിതം സിനിമയാക്കിയതും ബ്ലെസിയായിരുന്നു. ഈ ചിത്രം വമ്പന്‍ വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് പുതിയൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. വീണ്ടുമൊരു യഥാര്‍ത്ഥ ജീവിതം സിനിമയാക്കാന്‍ പോവുകയാണ്. അതേസമയം ബ്ലെസിയില്‍ നിന്ന് പോസിറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചിത്രത്തെ താന്‍ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി വ്യക്തമാക്കി. അതേസമയം ധനസമാഹരണത്തിലേക്ക് ആദ്യ ഒരു കോടി നല്‍കിയതും ബോബി ചെമ്മണൂരാണ്.
മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിര്‍മിക്കുന്നതെന്നും ബോച്ചെ വ്യക്തമാക്കി. അതേസമയം അബ്ദുള്‍ റഹീമിന്റെ മോചനം ഉടനുണ്ടാകുമെന്നാണ് വിവരം കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം സമാഹരിച്ചതായി സൗദി ഭരണകൂടത്തെയും മരണപ്പെട്ട യുവാവിന്റെ കുടുംബത്തെയും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം യെമനില്‍ വധശിക്ഷ കാത്ത് കഴിക്കുന്ന നിമിഷപ്രിയയുടെ കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ നിരപരാധിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. നിജസ്ഥിതി അറിഞ്ഞ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും.
മതം നോക്കിയല്ല അബ്ദുള്‍ റഹീമിനെ സഹായിക്കാന്‍ ഇറങ്ങിയതെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിനാണ് അബ്ദുള്‍ റഹീമിന് വധശിക്ഷ വിധിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി കാറില്‍ വെച്ച് അസ്വസ്ഥത കാണിച്ചപ്പോള്‍ സഹായത്തിനെത്തിയ അബ്ദുള്‍ റഹീമിന്റെ കൈതട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണം നിലച്ചുപോവുകയായിരുന്നു.
ഇത് മരണകാരണമായെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. അതേസമയം അബ്ദുള്‍ റഹീം തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്നും ബോബി വാഗ്ദാനം നല്‍കിിരുന്നു. തന്റെ റോള്‍സ് റോയ്‌സ് കാറിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബിയുടെ വാഗ്ദാനം.












Click it and Unblock the Notifications