ബാലകൃഷ്ണയ്ക്ക് മുകളിലെത്തുന്ന വില്ലനാവാന്‍ ബോബി ഡിയോള്‍, പ്രതിഫലവും ഉയരത്തില്‍; വാങ്ങുന്നത് ഇത്ര
കരിയറില്‍ വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ബോളിവുഡ് നടന്‍ ബോബി ഡിയോള്‍. ബോളിവുഡില്‍ തകര്‍ന്ന് പോയ ബോബി നിരവധി വര്‍ഷങ്ങള്‍ സിനിമകളൊന്നും ലഭിക്കാതെ ഇരുന്നിരുന്നു. പിന്നീട് ആശ്രം എന്ന സീരീസിലൂടെയായിരുന്നു ബോബിയുടെ ഗംഭീര തിരിച്ചുവരവ്.
പക്ഷേ ആനിമലിലെ വില്ലനായ അബ്രാര്‍ ആയിരുന്നു ബോബിയെ വീണ്ടും ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചയായിരിക്കുന്നത്. ക്രൂരനായ വില്ലനായിരുന്നു ഈ ചിത്രത്തില്‍. സംസാരിക്കാത്ത ആരോടും ദയയില്ലാത്ത ബോബിയുടെ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കുറഞ്ഞ സമയം മാത്രമായിരുന്നു താരം സ്‌ക്രീനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത് സിനിമയെ വലിയ വിജയമാക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.

അതേസമയം ആനിമലിന്റെ വിജയം ബോബിയുടെ മാര്‍ക്കറ്റ് ഉയര്‍ത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് ബോബിയുടേതായി വരാനിരിക്കുന്നത്. സൂര്യയുടെ കങ്കുവയില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോബിയാണ്. ക്രൂരനായ ഉദിരന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ബോബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഇതിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ പുറത്തുവിട്ടപ്പോള്‍ തന്നെ വൈറലായിരുന്നു. തമിഴിലെ അരങ്ങേറ്റത്തിന് പിന്നാലെ തെലുങ്കില്‍ ഒരു കൈനോക്കാന്‍ ഒരുങ്ങുകയാണ് താരം. നന്ദമുരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തില്‍ ബോബി ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലും വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ബോളിവുഡ് നടി ഉര്‍വശി റൗട്ടേല അടക്കം നായികയായി ചിത്രത്തിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തെലുങ്കിലെ വമ്പന്‍ വിജയങ്ങളിലൊന്നായ വാള്‍ട്ടയര്‍ വീരയ്യ ഒരുക്കിയ ബോബിയാണ് ബാലകൃഷ്ണ ചിത്രം ഒരുക്കുന്നത്. ബാലകൃഷ്ണയുടെ കരിയറിലെ 109ാം ചിത്രമാണിത്. അതേസമയം ബാലകൃഷ്ണ ചിത്രത്തിനായി പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ് ബോബി.
ആനിമലിന്റെ വിജയം ബോബിയെ അതിന് സഹായിച്ചിരിക്കുകയാണ്. ഇപ്പോള്‍ വാങ്ങുന്നതിന്റെ ഇരട്ടിയാണ് ബോബി ബാലയ്യ ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാതാക്കള്‍ ബോബിയുടെ ആവശ്യം അംഗീകരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എട്ട് കോടി രൂപയാണ് ഈ ചിത്രത്തിലെ വില്ലനായി എത്താന്‍ ബോബി വാങ്ങുന്നത്.
അതേസമയം ബാലയ്യ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോഴുള്ളത്. ബോബി ഇതില്‍ ജോയിന്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ നിന്നുള്ള സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ക്ക് ശേഷമാണ് ബോബി ദക്ഷിണേന്ത്യന്‍ സിനിമകളിലേക്ക് എത്തിയത്. എന്നാല്‍ പ്രതിഫലത്തില്‍ ഇവരെയെല്ലാം മറികടന്നിരിക്കുകയാണ് അതിവേഗം ബോബി.
സെയ്ഫ് അലി ഖാനും, നവാസുദ്ദീനും അഞ്ച് കോടി വീതമാണ് പ്രതിഫലം ലഭിക്കുന്നത്. ബോബിക്ക് പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉണ്ടെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. ബാലയ്യയുടെ കഴിഞ്ഞ പടത്തില്‍ ബോളിവുഡ് നടനായ അര്‍ജുന്‍ രാംപാലായിരുന്നു വില്ലന്‍. അതേസമയം ആനിമലില്‍ നാലിനും അഞ്ച് കോടിക്കും ഇടയിലാണ് ബോബി പ്രതിഫലം ലഭിച്ചത്.












Click it and Unblock the Notifications