'ഹണി റോസിന്റെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്, ജയിലിൽ പോവേണ്ട കുറ്റമൊന്നും ബോചെ ചെയ്‌തിട്ടില്ല'; ഷിയാസ് കരീം
നടി ഹണി റോസിന്റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്‌റ്റിലായിട്ട് ദിവസങ്ങൾ കഴിഞ്ഞു. നിലവിൽ റിമാൻഡിലാണ് ബോബി കഴിയുന്നത്. എന്നാൽ കേവലമൊരു കേസ് എന്നതിലുപരി ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും ഹണി റോസിനെ പിന്തുണച്ചും നിരവധി പേരാണ് പ്രതികരിക്കുന്നത്. സിനിമാ രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവർ ഒരുപോലെ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്.
ഇപ്പോഴിതാ നടനും മോഡലുമായ ഷിയാസ് കരീമും വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. റിമാൻഡ് ചെയ്യാനും ജയിലിൽ കിടക്കാനും മാത്രമുള്ള കുറ്റമൊന്നും ബോബി ചെമ്മണ്ണൂർ ചെയ്‌തിട്ടില്ലെന്നാണ് ഷിയാസ് പറയുന്നത്. ഹണി റോസിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് സമ്മതിക്കുമ്പോഴും ബോബിയുടെ അറസ്‌റ്റിനെ നീതീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഷിയാസ് കരീം പങ്കുവയ്ക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ അറസ്‌റ്റിൽ തനിക്ക് വളരെയധികം വിഷമം തോന്നിയെന്നാണ് ഷിയാസ് കരീം പറയുന്നത്. ബോചെയുടെ നേച്ചർ അങ്ങനെയാണെന്നും ഒരു വ്യക്തിയേയും മറ്റൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ നമുക്ക് കഴിയില്ലെന്നും ഷിയാസ് കരീം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം ജയിലിൽ പോയതിനോട് യോജിക്കാൻ കഴിയില്ലെന്നും ഇവിടെ കൊലപാതകം ചെയ്‌ത ആളുകളോ ഡ്രഗ്‌സ് യൂസ് ചെയ്‌തു പിടിച്ചവരോ പോലും ജയിൽ പോവുന്നില്ലെന്നും ഷിയാസ് പറയുന്നു.
തനിക്കെതിരെ വന്ന കേസിനെ കുറിച്ചും ഷിയാസ് മനസ് തുറന്നു. ഒരു സ്ത്രീയെ മോശം പറയുന്നത് വളരെ തെറ്റായ കാര്യം തന്നെയാണ്. പക്ഷെ ഭീകരമായ തെറ്റ് ചെയ്യുന്നവർ അല്ലേ പോകേണ്ടത്. എനിക്കെതിരെയും വ്യാജമായ ഒരു കേസ് വന്നിരുന്നു. അന്ന് ഞാൻ ചിന്തിച്ചത് ഒരു ദിവസം ജയിലിൽ പോകുന്നതും നൂറുദിവസം അവിടെ കിടക്കുന്നതും ഒരുപോലെ ആണെന്നാണ്; ഷിയാസ് വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂരിന് ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാവും എന്നും ഷിയാസ് പറയുന്നു. ഇനി ഇത് അവർത്തിക്കരുതെന്ന താക്കീത് മാത്രം മതിയായിരുന്നു. ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചാൽ ഉറപ്പായും ജയിലിൽ പോവേണ്ടതാണ്. പക്ഷെ ഈ ഒരു വിഷയത്തിൽ ജയിലിൽ പോയതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.
ഇത് ഇത്തിരി കടന്നു പോയി എന്നാണ് എനിക്ക് തോന്നുന്നത്. നിയമത്തിൽ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ അവർ ഭീകരമായി മുതലെടുക്കുന്നു. എല്ലാ കേസുകളിലും അല്ല, ചില കേസുകളിൽ അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിലും മറ്റും ഞാൻ ഹണിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ ഇത്രയും ദിവസം റിമാൻഡ് ചെയ്യാനുള്ള കുറ്റം ബോബി ചെയ്‌തോ എന്നത് മാത്രമാണ് സംശയം.
നല്ല പ്രായമുള്ള അദ്ദേഹത്തെ കഴുത്തിന് പിടിച്ചു തള്ളിയത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. അത്ര വലിയ കുറ്റമൊന്നും അദ്ദേഹം ചെയ്‌തിട്ടില്ല. കമന്റ് അടിച്ചതിന് അദ്ദേഹം മാപ്പ് പറഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് പേരുടെയും ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടുണ്ട്. ഹണിയുടെയും ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ പറയും; ഷിയാസ് കരീം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications