രാജ്യദ്രോഹിയെന്ന് വിളി, ഇന്ന് കാന്‍സില്‍ പുരസ്‌കാരം; പായല്‍ കപാഡിയ നേരിടുന്ന കേസ് ഇതാണ്
പൂനെ: കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ഇന്ത്യയാകെ ചര്‍ച്ചയായിരിക്കുകയാണ് പായല്‍ കപാഡിയ. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പായലിനെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ രാജ്യദ്രോഹിയെന്ന് വിളി കേട്ടിരുന്ന സമയം അവരുടെ കരിയറിലുണ്ടായിരുന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനൊപ്പമായിരുന്നു അവര്‍ നിന്നിരുന്നത്. 139 ദിനം നീണ്ട സമരത്തില്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുകയും, പാകിസ്്താനിലേക്ക് പോകൂ എന്ന് കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം അക്കാദമിയുടെ ചെയര്‍മാനായി നിയമിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

2015 ഓഗസ്റ്റ് പതിനഞ്ചിന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായ പ്രശാന്ത് പാത്രബെ നല്‍കിയ പരാതിയിലുള്ള കേസിലാണ് പായല്‍ കപാഡിയ ഇപ്പോഴും നിയമപോരാട്ടം നടത്തുന്നത്. തന്റെ ഘെരാവോ ചെയ്യുകയും, ഓഫീസ് തല്ലി തകര്‍ക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. പായലിനൊപ്പം 34 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസുണ്ട്.
കേന്ദ്ര സര്‍ക്കാരുമായി അടുപ്പമുള്ളത് കൊണ്ട് മാത്രം ഗവേണിംഗ് കൗണ്‍സിലിലേക്ക് നിയമനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സിനിമാ മേഖലയുടെ പോലും ഭാഗമാകാത്തവരെയാണ് നിയമിച്ചിരുന്നതെന്നും ഇവര്‍ പറയുന്നു. ഹരിശങ്കര്‍ നാച്ചിമുത്തുവാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
വലിയൊരു കാഴ്ച്ചപ്പാടും സ്വപ്‌നവും പായലിനുണ്ടായിരുന്നുവെന്ന് ഹരിശങ്കര്‍ പറയുന്നു. പ്രതിഷേധത്തിന്റെ സമയത്ത് മാധ്യമ വിചാരണയാണ് ഞങ്ങള്‍ നേരിട്ടിരുന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്തതിനാല്‍ പായലിന് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടു. വിദേശത്തേക്കുള്ള അവസരവും അതുപോലെ ഇല്ലാതായെന്നും ഹരിശങ്കര്‍ പറഞ്ഞു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഞങ്ങളെ നല്ല സിനിമാ സംവിധായകരും, മനുഷ്യരും, ഉത്തരവാദിത്തമുള്ള പൗരന്‍മാരുമാക്കിയതെന്നും പായല്‍ പറയുന്നു. ക്ഷമയും ഉത്സാഹവുമായിരുന്നു പായലിന്റെ ഏറ്റവും വലിയ മികവ് എന്ന് സൗണ്ട് ഡിസൈനറായ അജയ് അടാട്ട് പറയുന്നു. പായലിന്റെ രണ്ട് വര്‍ഷം സീനിയറാണ് കോളേജില്‍ അദ്ദേഹം.
വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനെതിരെയുള്ള സര്‍ക്കാര്‍ സമീപനത്തില്‍ അവള്‍ക്ക് വേദനയുണ്ടായിരുന്നു. അതിന് ശേഷം ക്യാമറയെടുത്ത് അവള്‍ എല്ലാം ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ക്യാമറയുണ്ടെന്ന് പോലും മറന്നു. പായല്‍ പിന്നീട് നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് എന്ന ഡോക്യുമെന്ററിയാക്കിയത് ഈ വിഷ്വല്‍സ് ഉപയോഗിച്ചാണെന്നും അജയന്‍ പറഞ്ഞു. ഇത് 2021ല്‍ കാന്‍സില്‍ പുരസ്‌കാരം നേടിയിരുന്നു.
2015ലെ പ്രതിഷധം ഓരോരുത്തരെയും കരുത്തേറിയവരാക്കിയെന്ന് അജയന്‍ പറഞ്ഞു. അജയന്‍ അടാട്ടും പായലും കേസിന്റെ അടുത്ത വാദത്തില്‍ പരസ്പരം കാണും. പൂനെ സെഷന്‍ കോടതിയിലാണ് കേസുള്ളത്. വിദേശത്തേക്ക് ഷൂട്ടിനായോ പുരസ്‌കാരങ്ങള്‍ സ്വീകരിക്കാനായോ പോകുമ്പോള്‍ കോടതിയുടെ അനുവാദം വാങ്ങേണ്ടതുണ്ടെന്നും അജയന്‍ പറഞ്ഞു. അതേസമയം പുരസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പായലിനും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയുള്ള പുരസ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് റസൂല്‍ പൂക്കുട്ടി അടക്കമുള്ള ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications