അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് നടി; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്
കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. യുവനടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയില്‍ അ വസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തതായി നടി പരാതിയില്‍ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്ന് ഒമര്‍ ലുലു പറഞ്ഞു. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു ആരോപിച്ചു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായന്‍ പറഞ്ഞു.

ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. സൗഹൃദത്തില്‍ വിള്ളല്‍ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു. ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല. തൊട്ടുമുന്‍പ് ചെയ്ത സിനിമയിലും ഈ പെണ്‍കുട്ടി അഭിനയിച്ചിരുന്നു.
ഇപ്പോള്‍ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെണ്‍കുട്ടി വന്നിരിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള ദേഷ്യമാകാന്‍ കാരണം. ചിലപ്പോള്‍ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമര്‍ ലുലു പറഞ്ഞു.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നിവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. നല്ല സമയം എന്ന ചിത്രം വലിയ വിവാദമായിരുന്നു. ചിത്രം എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കാണിച്ച് കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കപ്പെട്ടിരുന്നു. ബാഡ് ബോയ്‌സാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.












Click it and Unblock the Notifications