നിങ്ങൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? രാം ചരണിന് മകൾ വേണ്ടെന്ന് പറഞ്ഞ ചിരഞ്ജീവിയെ കുടഞ്ഞ് സോഷ്യൽ മീഡിയ
ഹൈദരാബാദ്: ഇന്ത്യൻ സിനിമയിൽ മെഗാസ്‌റ്റാർ എന്ന് വിളിപ്പേരുള്ള താരമാണ് ചിരഞ്ജീവി. തെലുങ്ക് സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ്. വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹത്തെ ആരാധിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇപ്പോഴിതാ തന്റെ ഒരു പ്രസ്‌താവനയിലൂടെ ആരാധകരുടെ ഉൾപ്പെടെ വിമർശനം ഏറ്റുവാങ്ങുകയാണ് ചിരഞ്ജീവി.
തന്റെ മകനും പ്രമുഖ നടനുമായ രാം ചരണിന് ഇനിയൊരു മകൾ വേണ്ടെന്നും ഒരു ആൺകുട്ടി ജനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ ചിരഞ്ജീവിയുടെ വാക്കുകളാണ് രോഷത്തിന് ഇടയാക്കിയത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും ചിരഞ്ജീവിയുടെ പ്രസ്‌താവനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും തങ്ങളുടെ പാരമ്പര്യം പിന്തുടരാൻ ഒരു കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹമാണ് ചിരഞ്ജീവി പ്രകടിപ്പിച്ചത്. ഇവർക്ക് ജനിക്കുന്ന രണ്ടാമത്തെ കുട്ടിയും പെൺകുട്ടിയാകുമോ എന്ന ഭയമുണ്ടെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. ബ്രഹ്മാനന്ദം പ്രീ-റിലീസ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ വേളയിലായിരുന്നു ചിരഞ്ജീവി ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.
'ഞാൻ വീട്ടിലായിരിക്കുമ്പോൾ, ചെറുമകൾ ചുറ്റും ഉണ്ടെന്നല്ല ഒരു ലേഡീസ് ഹോസ്‌റ്റൽ വാർഡനാണെന്നാണ് തോന്നാറുള്ളത്. എന്റെ ചുറ്റും സ്ത്രീകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. രാം ചരണിന് ഇത്തവണയെങ്കിലും ഒരു ആൺകുട്ടി ഉണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നു, ഞങ്ങളുടെ പാരമ്പര്യം തുടരാൻ. അവന് വീണ്ടും പെൺകുട്ടി ജനിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു' എന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ താരത്തിനെതിരെ വിമർശനം ഉയരുന്നുണ്ട് താനും. 'രാം ചരണിന് മറ്റൊരു മകൾ ഉണ്ടാകുമെന്നും കുടുംബത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകില്ലെന്നും ചിരഞ്ജീവി ഭയപ്പെടുന്നു. പുരുഷാധിപത്യം വളരെ ആഴത്തിൽ ഓടുന്നു, ഇത് തമാശയല്ല' എന്നായിരുന്നു ഒരു സ്ത്രീ രേഖപ്പെടുത്തിയ കമന്റ്. നിങ്ങൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ചിലർ താരത്തോടെ ചോദിക്കുന്നുണ്ട്.
വിവിധ രാഷ്ട്രീയ നേതാക്കളും ചിരഞ്ജീവിയുടെ പ്രസ്‌താവനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒരു ആൺകുട്ടിക്ക് മാത്രമേ പൈതൃകം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നത് വളരെ ദൗർഭാഗ്യകരമായ പ്രസ്‌താവനയാണ്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും അവർ നമ്മുടെ സ്വത്താണ്; എന്നായിരുന്നു കോൺഗ്രസ് നേതാവ് ജെബി മേത്തർ ഇതിനോട് പ്രതികരിച്ചത്.
അറിയപ്പെടുന്ന വ്യക്തികൾ ഇത്തരം മോശം പ്രസ്‌താവനകൾ നടത്തുമ്പോൾ അത് ഖേദകരമാണെന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും ചൂണ്ടിക്കാട്ടി. അദ്ദേഹം വളരെ നിസാരമായാണ് ഇക്കാര്യം പറഞ്ഞതെങ്കിലും അതിന് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാൻ ശേഷിയുണ്ടെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
അതേസമയം, വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. ഒന്നരവയസ് കഴിഞ്ഞു മകൾക്ക്. മകള്‍ ക്ലിൻ കാര തന്റെ ജീവിതത്തിൽ മാത്രമല്ല, അച്ഛൻ ചിരഞ്ജീവിയുടെ ജീവിതത്തിലും ഐശ്വര്യം കൊണ്ടുവന്നെന്ന് അടുത്തിടെ രാം ചരൺ പറഞ്ഞിരുന്നു. 2012 ജൂൺ മാസത്തിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. പിന്നീട് 2023 ജൂണിലാണ് മകൾ ജനിച്ചതും.












Click it and Unblock the Notifications