ദര്‍ശന്റെ ഭാര്യയും മകനും ജയിലിലെത്തി, പൊട്ടിക്കരഞ്ഞ് ദര്‍ശന്‍; ജാമ്യാപേക്ഷയുടെ വിവരങ്ങള്‍ കൈമാറി
ബെംഗളൂരു: ഭാര്യയെയും മകനെയും കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍. ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോല്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. ദര്‍ശനെ കാണാന്‍ പതിനഞ്ചുകാരനായ മകനും ഭാര്യ വിജയലക്ഷ്മിയും ജയിലില്‍ എത്തിയിരുന്നു.
ഈ സമയം വളരെ വൈകാരിക മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്. ദര്‍ശന്‍ ഇവര്‍ക്ക് മുന്നില്‍ വെച്ച് പൊട്ടിക്കരയുകയായിരുന്നു. നടനും സുഹൃത്തുമായ വിനോദ് പ്രഭാകറും ദര്‍ശനെ ജയിലില്‍ കാണാനെത്തിയിരുന്നു. അതേസമയം ദര്‍ശനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഭാര്യ വിജയലക്ഷ്മി മടങ്ങിയത്.

അതേസമയം ഭാര്യയെയും മകനെയും കണ്ട ദര്‍ശന്‍ ഇവരുമായി സംസാരിക്കുകയും, മകനെ ആലിംഗനം ചെയ്യുകയും ചെയ്തു. വിജയലക്ഷ്മി ദര്‍ശന്റെ ജാമ്യാപേക്ഷയെ കുറിച്ചുള്ള കാര്യങ്ങളാണ് അറിയിച്ചത്. അതേസമയം ദര്‍ശനെ കണ്ടതായി വിനോദ് പ്രഭാകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ ദര്‍ശനെ കണ്ടതായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ദര്‍ശന്‍ അധികം സംസാരിച്ചില്ല. ഒന്നോ രണ്ടോ സെക്കന്‍ഡുകളാണ് സംസാരിച്ചത്. തന്നെ ടൈഗര്‍ എന്നാണ് അഭിസംബോധന ചെയ്തത്. ദര്‍ശനെ താന്‍ ബോസ് എന്നാണ് അഭിസംബോധന ചെയ്തത്. ദര്‍ശനുമായി ഹസ്തദാനം ചെയ്ത ശേഷം ജയിലില്‍ നിന്ന് മടങ്ങിയെന്നും വിനോദ് പറഞ്ഞു.
രേണുകാസ്വാമിയുടെ കുടുംബത്തിന് എല്ലാ കാര്യങ്ങളെയും നേരിടാനുള്ള ധൈര്യം ലഭിക്കട്ടെ. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും വിനോദ് പറഞ്ഞു. അതേസമയം രേണുകാസ്വാമി രണ്ട് ദിവസത്തോളം ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.
ചുവരിന് നേരെ അദ്ദേഹത്തെ എറിഞ്ഞുവെന്നും, വൈദ്യുതാഘാതമേല്‍പ്പിച്ചുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദര്‍ശന്റെ സുഹൃത്തും പങ്കാളിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങള്‍ അയച്ചതിന്റെ പ്രതികാരത്തിലാണ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. ബെംഗളൂരുവിലെ അഴുക്കുചാലില്‍ നിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് ദര്‍ശന്റെ അനുയായികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ മൊഴിയുണ്ടായിരുന്നു. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ദര്‍ശന്‍ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം ദര്‍ശന്റെ മറ്റൊരു ആരാധകനെ കര്‍ണാടക പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രേണുകാസ്വാമി കൊലപാതക കേസില്‍ ഒരു സിനിമ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചേതന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ നാഗേഷിന് വേണ്ടിയും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications