അഭിനയത്തിൽ അയാൾക്ക് കള്ളത്തരം അസാധ്യമാണ്; ലാലേട്ടനെ അന്നേ തിരിച്ചറിഞ്ഞ ദേവരാജൻ മാസ്‌റ്റർ...
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാള സിനിമയുടെ മുഖമായി തിളങ്ങുന്ന ആരാധകരുടെ ലാലേട്ടനെ പ്രശംസിക്കാത്ത താരങ്ങൾ വളരെ വിരളമാണ്. സിനിമയുടെ സർവ മേഖലകളിലുള്ള സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം തിരിച്ചറിഞ്ഞവരാണ്.
ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടനെ കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ പഴയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കൈരളി ചാനലിന് വർഷങ്ങൾക്ക് മുൻപ് നൽകിയൊരു അഭിമുഖത്തിലാണ് ജോൺ പോൾ മോഹൻലാലിന്റെ പ്രതിഭ വ്യക്തമാക്കുന്ന ഒരു അനുഭവം പങ്കുവച്ചത്.

അന്തരിച്ച സംഗീത സംവിധായകൻ ദേവരാജ് മാസ്‌റ്റർ മോഹൻലാലിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണ് ജോൺ പോൾ പങ്കുവച്ചത്. തടക്കകാലത്ത് ചെറിയ വേഷങ്ങൾ ചെയ്‌തു കൊണ്ടായിരുന്നു മോഹൻലാൽ ചലച്ചിത്ര മേഖലയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തി വന്നത്. ഇത്തരത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഒരു ചിത്രത്തിന് സംഗീതം നൽകാൻ ദേവരാജൻ മാസ്‌റ്ററും എത്തിയിരുന്നു.
അങ്ങനെ അന്ന് റെക്കോർഡിംഗ് സ്‌റ്റുഡിയോയിൽ ദേവരാജൻ മാസ്‌റ്ററെ കാണാനെത്തിയ ജോൺ പോൾ കണ്ടത് വ്യത്യസ്‌തമായൊരു കാഴ്‌ചയായിരുന്നു. മോഹൻലാൽ അഭിനയിച്ച ഒരു രംഗം വീണ്ടും വീണ്ടും കാണുന്ന ദേവരാജൻ മാസ്‌റ്ററായിരുന്നു അവിടുത്തെ കാഴ്‌ച.
'മോഹൻലാലിന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ കൊണ്ടുമാത്രം അഭിനയിക്കാവുന്നതേയുള്ളൂ ആ രംഗം. എന്നാൽ അയാളുടെ വലതുകാലിന്റെ തള്ളവിരൽ വരെ കഥാപാത്രത്തിന്റെ ഭാവപ്രകാശനത്തിന് വേണ്ടി ചലിക്കുന്നുണ്ട്, ഇതൊന്നും അയാൾ ബോധപൂർവ്വം ചെയ്യുന്നതല്ല, അദ്ദേഹത്തിന്റെ മുഴുവൻ ശരീരവും കഥാപാത്രത്തിന്റെ ചലനങ്ങളെ ഉൾക്കൊള്ളുന്നു, അഭിനയത്തിൽ അയാൾക്ക് കള്ളത്തരം അസാധ്യമാണ്' ദേവരാജൻ മാസ്‌റ്റർ പറഞ്ഞതായി ജോൺ പോൾ വെളിപ്പെടുത്തി.
മോഹൻലാൽ ഇത്ര വലിയ നടനാവുമെന്ന് ആരും കരുതാത്ത കാലത്താണ് ദേവരാജൻ മാസ്‌റ്റർ ഇക്കാര്യം പറഞ്ഞതെന്നും ജോൺ പോൾ സൂചിപ്പിക്കുന്നു. പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം മോഹൻലാൽ മലയാളത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി മാറിയപ്പോൾ ദേവരാജൻ മാസ്‌റ്ററുടെ വാക്കുകൾ സത്യമായി.
അതേസമയം, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എംപുരാനാണ് മോഹൻലാൽ നിലവിൽ അഭിനയിക്കുന്ന ചിത്രം. മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രം എന്ന് വിളിപ്പേരുള്ള എംപുരാൻ ബ്ലോക്ക്ബസ്‌റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ, ജിത്തു ജോസഫ് ചിത്രമായ നേര് എന്നിവയാണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങൾ.












Click it and Unblock the Notifications