'എനിക്ക് 89.5 ശതമാനം മാർക്ക്, ചേട്ടന് 94 ശതമാനം'; വിനീത് തന്ന പണിയെ കുറിച്ച് ധ്യാൻ പറയുന്നത് ഇങ്ങനെ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലൂടെ മാത്രമല്ല, എന്തും തുറന്ന് പറയുന്ന അഭിമുഖങ്ങളിലൂടെയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തന്റെ പിതാവും പ്രമുഖ നടനുമായി ശ്രീനിവാസൻ, സഹോദരൻ വിനീത് ശ്രീനിവാസൻ എന്നിവരെ കുറിച്ച് ധ്യാൻ മനസ് തുറന്നപ്പോൾ ഒക്കെയും അത് വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ചേട്ടൻ വിനീത് വില്ലനായതിനെ കുറിച്ച് പറയുകയാണ് ധ്യാൻ.
'അച്ഛൻ സ്‌കൂളിൽ ഗാസ്‌റ്റായി വരുമ്പോൾ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും പ്രൈസ് വാങ്ങിയ ആളാണ് ഞാൻ. എന്നും ടോപ്പർ ആയിരുന്നു. പത്താം ക്ലാസ് വരെ വളരെ നന്നായി പഠിച്ചിരുന്ന ആളാണ്. ഇവിടെ പ്രശ്നം എന്താണ് എന്ന് വച്ചാൽ മൂത്ത ആള് ഇങ്ങനെ എക്സെൽ ചെയ്യുമ്പോൾ രണ്ടാമത്തെ ആളെകുറിച്ചാകും വീട്ടുകാർക്ക് ടെൻഷൻ എന്നതാണ്.' മാതൃഭൂമി 'ക' ഫെസ്‌റ്റിവലിൽ സംസാരിക്കവെ താരം മനസ് തുറന്നു.

'ആരാണോ ഉഴപ്പൻ ആ വ്യക്തിയെകുറിച്ചാകും കൺസേൺ. ചേട്ടൻ വളരെ നന്നായി പഠിക്കുകയും പാടുകയും ഒക്കെ ചെയ്യും. പഠനത്തിലും മറ്റുള്ള എക്‌സ്ട്രാ കരിക്കുലർ ആക്‌ടിവിറ്റിസിലും എല്ലാം മിടുക്കൻ. പത്താം ക്ലാസ് വരെ വലിയ താരതമ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പത്തിൽ എനിക്ക് മാർക്ക് കുറഞ്ഞപ്പോഴാണ് ഇത് തുടങ്ങിയത്.' ധ്യാൻ പറയുന്നു.
'എനിക്ക് 89.5 ആയിരുന്നു വിജയശതമാനം. ചേട്ടന് 94 ശതമാനം ആയിരുന്നു പത്തിലെ മാർക്ക്. അത് കുറവാണ് എന്ന് പറഞ്ഞിട്ടായിരുന്നു അമ്മ പ്രശ്‌നം ഉണ്ടാക്കിയത്. ആ അഞ്ചുശതമാനം ആയിരുന്നു കമ്പാരിസൺ. അതോടെ ഞാൻ നശിച്ചു എന്നായി. 60 ശതമാനം മാർക്ക് കിട്ടിയ എന്റെ കൂട്ടുകാരന് ബൈക്കും കാറും വരെ സമ്മാനം കിട്ടുമ്പോൾ ആണ് ഇത്. അപ്പോൾ പേരന്റ്സിന്റെ ചിന്താഗതിയാണ് പ്രശ്‌നം.' ധ്യാൻ ശ്രീനിവാസൻ തുറന്നടിച്ചു.
'ഒൻപത് വയസ് വരെ വീട്ടിൽ പ്രതീക്ഷ കൊടുത്തതാണ് പ്രശ്‌നം. നമ്മൾ അച്ഛനമ്മമാർക്ക് പ്രതീക്ഷ കൊടുക്കാതിരുന്നാൽ വിഷയമില്ല. പിന്നെ ഏട്ടൻ ഒരുത്തൻ ഇങ്ങനെ നിൽക്കുമ്പോൾ അതും പ്രശ്‌നമാണ്, എന്റെ ജീവിതത്തിലെ വില്ലൻ ആയിരുന്നു ഏട്ടൻ.' ധ്യാൻ വിനീതിനെ കുറിച്ച് തമാശ രൂപേണ പറഞ്ഞു.
കൂടാതെ തന്നെ പുസ്‌തക വായനയിലേക്ക് തിരിക്കാൻ അച്ഛൻ ഒരുപാട് ശ്രമിച്ചുവെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. 'ഒരിക്കൽ എന്റെ പുസ്‌തക വായനയെക്കുറിച്ച് അച്ഛൻ എന്നോട് സംസാരിച്ചു. എന്നെ എന്നും അച്ഛൻ ശീലിപ്പിക്കാൻ നോക്കിയത് വായനയാണ്. എന്നാൽ ഇതൊക്കെ ഏട്ടൻ ചെയ്യും. ഈ സംഭവത്തിന് പിന്നാലെ ഞാൻ വീട് വിട്ടു ഇറങ്ങുകയാണ് എന്ന് അർപ്പിതയോട് ഒരിക്കൽ പറഞ്ഞു. പിറ്റേ ദിവസം ഒൻപതായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.' ധ്യാൻ വ്യക്തമാക്കി.
'ഞാൻ ബാറിൽ കയറി അച്ഛൻ കുടിക്കുന്ന അതേ മദ്യം അടിച്ചു. എന്നിട്ട് വീട്ടിൽ അമ്മയെ വിളിച്ചു ഞാൻ നാട് വിടുന്ന കാര്യം പറഞ്ഞു. അച്ഛൻ എന്നോട് ക്ഷമ പറഞ്ഞു. അന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു നിങ്ങൾ വായിച്ച പുസ്‌തകം വച്ചിട്ട് എന്റെ അമ്മയുടെ കരച്ചിൽ നിർത്താമോ എന്ന്. ഒരാൾ വായനയിലൂടെ ഒരു കാര്യം നേടുന്നുണ്ട് എങ്കിൽ ആ വ്യക്തി പലതും നേടുകയാണ്. എങ്കിലും സഹിഷ്‌ണുത കുറവായിരിക്കും.' താരം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications