'ദിലീപേട്ടനാണ് ജനപ്രിയൻ, അക്കാര്യം തെളിയിച്ചു'; കോക്കിനെ കേറി ഉടുത്ത് ഫാൻസ്, 'നിനക്ക് നല്ലോണം കൊള്ളും'
മലയാള സിനിമയിൽ ഒരുകാലത്ത് ബോക്‌സ് ഓഫീസ് കണക്കെടുത്താൽ മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്ഥാനം ഉണ്ടായിരുന്ന നടനായിരുന്നു ദിലീപ്. പ്രത്യേകിച്ച് 2000 മുതൽ ഇങ്ങോട്ടുള്ള പത്തിലധികം വർഷങ്ങൾ ദിലീപിന്റെ സുവർണകാലം ആയിരുന്നുവെന്ന് തന്നെ പറയാം. വമ്പൻ ഹിറ്റുകൾ തന്നെയാണ് ഈ സമയം ദിലീപ് സമ്മാനിച്ചത്. അതിൽ ഏറിയ പങ്കും കോമഡി എന്റർടെയ്ൻമെന്റ് ചിത്രങ്ങൾ കൂടിയായിരുന്നു.
എന്നാൽ അന്നത്തെ നിഴൽ പോലും ആവാതെ ബോക്‌സ് ഓഫീസിൽ വിയർക്കുന്ന ദിലീപിനെയാണ് കഴിഞ്ഞ ഒരു ദശകത്തോളമായി നമുക്ക് കാണാൻ കഴിയുന്നത്. ഇതിന് അപവാദമായി ഉള്ളതാവട്ടെ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ്. രാമലീല, റ്റു കൺട്രീസ് തുടങ്ങിയവയാണ് ഇത്തരത്തിൽ ബോക്‌സ് ഓഫീസിൽ വമ്പൻ ജയം നേടിയ ചിത്രങ്ങൾ.

വ്യക്തിജീവിതത്തിലെ വിവാദങ്ങളാണ് താരത്തിന് തിരിച്ചടിയായത് എന്ന കാര്യം വ്യക്തമാണ്. നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെട്ടതും മഞ്ജു വാര്യരുമായുള്ള വേർപിരിയലും സഹതാരമായ കാവ്യാ മാധവനുമായുള്ള വിവാഹവും ഒക്കെ താരത്തെ പിന്നോട്ട് വലിച്ച ഘടകമായിരുന്നു. കുടുംബ പ്രേക്ഷകർ ആയിരുന്നു എക്കാലത്തും ദിലീപിന്റെ ശക്തി.
അതിൽ വലിയ ഇടിവ് വന്നിട്ടുണ്ടെന്ന് അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളുടെ പ്രകടനം എടുത്തുകാണിക്കുന്നുണ്ട്. വോയിസ് ഓഫ് സത്യനാഥൻ, കേശു ഈ വീടിന്റെ നാഥൻ, പവി ദി കെയർ ടേക്കർ, ബാന്ദ്ര തുടങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പലതും ഒടിടി പ്ലാറ്റ്‌ഫോമുകൾ പോലും ഏറ്റെടുക്കാത്ത സാഹചര്യവും ഉണ്ടായി.
എന്നാൽ ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ പ്രിൻസിലൂടെ തിരിച്ചുവരികയാണ് ദിലീപ്. ജനപ്രിയ നായകൻ എന്ന തന്റെ ടൈറ്റിൽ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ഈ കുടുംബ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ദിലീപ് ചിത്രങ്ങളെ തുടർച്ചയായി വിമർശിച്ചിരുന്ന റിവ്യൂവർ അശ്വന്ത് കോക്ക് ഈ ചിത്രത്തിനും യൂട്യൂബിലൂടെ മോശം റിവ്യൂ പങ്കുവച്ചിരുന്നു.
പക്ഷേ, ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണെന്നും അനാവശ്യ ഡീഗ്രേഡിംഗ് ആണ് നടക്കുന്നതെന്നും കാട്ടി ആരാധകർ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. അഞ്ച് ലക്ഷത്തോളം പേർ കണ്ട അശ്വന്ത് കോക്കിന്റെ റിവ്യൂ വീഡിയോക്ക് താഴെയാണ് നിരവധി ദിലീപ് ആരാധകർ കോക്കിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ചിലർ പരസ്യമായി കമന്റുകളിലൂടെ തെറി വിളിക്കുകയും കോക്കിന്റെ ചാനൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൂടുതൽ പേരും കോക്ക് പണം വാങ്ങി മോശം റിവ്യൂ നൽകി എന്ന ആരോപണമാണ് ഉന്നയിക്കുന്നത്. മുൻപ് മാത്യു തോമസ് നായകനായ ബ്രോമാൻസ് എന്ന ചിത്രത്തിന് കോക്ക് നൽകിയ പോസിറ്റീവ് റിവ്യൂ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കൂടുതൽ ദിലീപ് ആരാധകരും ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നത്.
'നിനക്ക് ഒക്കെ നല്ലോണം കൊണ്ട് കാണും പടം കാണുമ്പോൾ. അതാകും ഈ ഫ്രസ്‌ട്രേഷൻ' എന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമന്റ്. 'നിർത്തി ഇന്നത്തോടെ നിങ്ങളുടെ റിവ്യൂ കാണൽ നിർത്തി. നല്ലൊരു സിനിമയെ നെഗറ്റീവ് പറഞ്ഞു കൊന്നു' എന്നും കമന്റുകളുണ്ട്. 'പടത്തിൽ ഇവനെപ്പോലെ ഉള്ളവന്മാർക്കുള്ള കൊട്ടുണ്ട്... അത് സഹിക്കാൻ വയ്യാതെയാണ് അവൻ ഇവിടെ നെഗറ്റീവ് പറയുന്നത്' എന്നും ഒരാൾ കുറിച്ചിരിക്കുന്നു.
അതേസമയം, ചിലർ ദിലീപിന്റെ പിആർ എന്നാണ് ഇത്തരം കമന്റുകളെ വിശേഷിപ്പിക്കുന്നത്. ദിലീപിനെ വെളിപ്പിച്ചെടുക്കാനുള്ള ശക്തമായ ശ്രമമാണ് ഇപ്പോൾ കാണുന്നതെന്നും അതിന്റെ ഭാഗമായാണ് സിനിമയെ ഉയർത്തി കാണിക്കുന്നതെന്നും ശരിക്കും തിയേറ്ററിൽ ചിത്രം കാണാൻ ആളില്ലെന്നുമാണ് ഒരുവിഭാഗം ആളുകൾ ആരോപിക്കുന്നത്. സോഷ്യൽ മീഡിയയിൽ പലയിടത്തും ഇതിന്റെ പേരിൽ ദിലീപ് അനുകൂലികളും വിമർശകരും ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications