നിന്റെ ഇങ്ങനത്തെ മുഖം കാണുന്നത് ആദ്യമാണെന്ന്; അത് ചെയ്യരുതായിരുന്നുവെന്ന് ഞാനും കരുതി: ദിലീപ് അന്ന് പറഞ്ഞത്
താരസംഘടനയായ അമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് നിലകൊണ്ട വ്യക്തിയായിരുന്നു മഹാനടനായ തിലകന്‍. ഈ പോരാട്ടത്തില്‍ നിരവധി സിനിമകളിലെ അവസരം നഷ്ടമായെങ്കിലും അവസാനം വരെ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ദിലീപ് അടക്കമുള്ള ചില താരങ്ങളുമായുള്ള പ്രശ്നങ്ങള്‍ തിലകനെ ഒടുവില്‍ താരസംഘടനയ്ക്ക് പുറത്തേക്ക് വരെ എത്തിച്ചു. അദ്ദേഹം മരിക്കുന്നത് വരെ സംഘടന അദ്ദേഹത്തിന്റെ വിലക്ക് പിന്‍വലിച്ചിരുന്നുമില്ല.
'ദിലീപ് ഒരു വിഷമാണ്. അത് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണ്.' എന്നായിരുന്നു തിലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ തിലകനുമായുള്ള ഉടക്കിന് കാരണം എന്താണെന്ന് ദിലീപ് തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. അത്തരത്തില്‍ വർഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ദിലീപ് നല്‍കുന്ന വിശദീകരണമാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചിലർ 'കുത്തിപ്പൊക്കി'വൈറലാക്കിയിരിക്കുന്നത്.

'എഗ്രിമെന്റ് വെക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും ഫിലിം ചേമ്പറും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ ജനറല്‍ ബോഡിയില്‍ വെച്ച് ഇന്നസെന്റ് ചോദിച്ചു നമ്മള്‍ ഈ എഗ്രിമെന്റില്‍ ഒപ്പുവെക്കണോ വേണ്ടയോ എന്ന്. എഗ്രിമെന്റ് വെച്ച് അഭിനയിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ച കുറച്ച് നടന്മാർ അന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു തിലകേട്ടന്‍.
അന്നത്തെ ജനറല്‍ ബോഡിയില്‍ എല്ലാവരും എഗ്രിമെന്റിനെ അനുകൂലിക്കില്ലെന്ന് പറഞ്ഞ കയ്യടിച്ച് പാസാക്കി അമ്മ സംഘടന സമരത്തിന് തയ്യാറാകുന്നു. എന്നാല്‍ ഈ പറഞ്ഞ ആളുകളാണ് ആദ്യം തന്നെ എഗ്രിമെന്റില്‍ ഒപ്പിട്ട് സിനിമയില്‍ അഭിനയിച്ചത്. അത് വലിയ വിഷയം ആയി. ഏകദേശം ആറ് മാസക്കാലം ഇന്‍ഡസ്ട്രിയില്‍ ആ വഴക്ക് നടന്നു' ദിലീപ് പറയുന്നു.
അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ മമ്മൂക്കയൊക്കെ ഈ വിഷയം സംസാരിച്ച് ഒരു പ്രശ്ന പരിഹാരത്തില്‍ എത്തിക്കുന്ന സമയത്താണ് 'എന്നെ ആരോ വധിക്കാന്‍ ശ്രമിച്ചു എന്നൊക്കെ പറഞ്ഞ് പൊലീസൊക്കെയായി വരുന്നത്'. ആ സംഘടനയിലുള്ള എല്ലാവരും അദ്ദേഹത്തിന്റെ മക്കളെ പോലെയുള്ള ആളുകളാണ്. അദ്ദേഹത്തോട് മമ്മൂക്കയാണ് സംസാരിക്കുന്നത്യ 'നിങ്ങളുടെ മക്കളാണ് ഞങ്ങള്‍, അച്ഛനാണ്' എന്നൊക്കെ സംസാരിച്ച് മമ്മൂക്ക കരഞ്ഞു പോയി.
അപ്പോള്‍ തിലകേട്ടന്‍ ചാടി എഴുന്നേറ്റ് പറഞ്ഞു. ഇത് കള്ളക്കണ്ണീർ ആണ്, ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്ന്. ആരും മിണ്ടാതിരിക്കുകയാണ്. എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാന്‍ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാന്‍ സംസാരിച്ചു 'നിങ്ങളാണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകനായി അഭിനയിക്കുമ്പോള്‍ ഞാന്‍ അച്ഛാ എന്ന് വിളിച്ചിട്ടുള്ളത് മനസ്സ് അറിഞ്ഞുകൊണ്ടാണ്. നിങ്ങള്‍ തെറ്റ് ചെയ്തു. അതിന് ആ വല്യ മനുഷ്യനെ പറയരുത്' എന്ന് തുടങ്ങി എന്തൊക്കെയോ പറഞ്ഞു.
ഞാന്‍ എന്തൊക്കെ പറഞ്ഞ് എന്ന് എനിക്ക് ഓർമ്മയില്ലെങ്കിലും തിലകേട്ടന്‍ എന്നെ അടിമുടി നോക്കിയ നോട്ടം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അപ്പോഴാണ് ഞാന്‍ കൈ ചൂണ്ടിയത് പോലും നോക്കുന്നത്. എന്താണ് സംഭവിച്ചതെന്നും മനസ്സിലായില്ല. പൊന്നമ്മ ചേച്ചിയൊക്കെ വന്ന് നിന്റെ ഇങ്ങനത്തെ മുഖം ആദ്യമായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു. എനിക്ക് പെട്ടെന്ന ഭയങ്കര വിഷമമായി.
തിലകേട്ടനെ പോലെയുള്ള ഒരാളോട് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് ആ രാത്രിയില്‍ ഞാന്‍ ആലോചിച്ചു. സ്നേഹം കൊണ്ടാണോ? ന്യായത്തിന്റെ പുറത്താണോ എന്നൊന്നും അറിയില്ല. അതിന് ശേഷം പിന്നെയും ഞാന്‍ അദ്ദേഹത്തോട് പോയി സംസാരിച്ചിട്ടുണ്ട്. ഒരു പരിപാടിക്ക് ഞാന്‍ വന്നിരുന്നത് ജയപ്രദ മാഡത്തിന്റേയും തിലകേട്ടന്റേയും നടുക്കാണ് .
പെട്ടെന്ന് ഒടി വന്ന് ഇരുന്നതാണ്. കണ്ടപ്പോള്‍ എന്താണ് പറയുക എന്ന് ആലോചിച്ചു. ഞാന്‍ ഇന്ത്യ റുപ്പി കണ്ടു. ചേട്ടന്‍ ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞു. 'ആ താങ്ക്യൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ ആ അഹങ്കാരം നമുക്ക് ഇഷ്ടമാണ്. അദ്ദേഹം വലിയ നടനാണ് അദ്ദേഹം എന്ത് പറഞ്ഞാലും നമുക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഇപ്പോള്‍ വീണ്ടും വൈറലായി മാറിയ അഭിമുഖത്തില്‍ ദിലീപ് പറയുന്നു.












Click it and Unblock the Notifications