മഞ്ജു വാര്യറുമായി പിരിഞ്ഞു, സിനിമയിൽ തുടർപരാജയങ്ങൾ; എന്നിട്ടും ദിലീപിന്റെ ആസ്‌തി 600 കോടി?
മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നായകൻമാരിൽ ഒരാളാണ് ദിലീപ്. മുൻപൊക്കെ ഏതൊരു ഉത്സവകാലത്തും തിയേറ്ററുകളിൽ ദിലീപ് ഇല്ലാതെ വരുമായിരുന്നില്ല. അയൽവക്കത്തെ പയ്യൻ പരിവേഷവും സ്വതസിദ്ധമായ ഹാസ്യ ശൈലിയും ഒക്കെയായി രണ്ടായിരത്തിന്റെ തുടക്കം മുതൽ ഒരു പതിറ്റാണ്ടോളം മലയാള സിനിമാ ലോകത്ത് താരം നിറഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വന്ന കേസ് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചുവെന്ന് വേണം പറയാം.
ഇന്ന് ദിലീപിന്റെ അൻപത്തിയേഴാം പിറന്നാൾ ദിനമാണ്. വ്യക്തി ജീവിതത്തിലെയും കരിയറിലെയും സംഭവ ബഹുലമായ ഒട്ടേറെ കാര്യങ്ങൾ സാക്ഷ്യം വഹിക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ദിലീപ്. ഒരുഘട്ടത്തിൽ എവിടെയൊക്കെയോ വച്ച് ദിലീപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായി എന്നതാണ് വാസ്‌തവം. അത് താരത്തിന്റെ കഴിഞ്ഞ കാലത്തെ ബോക്‌സ് ഓഫീസ് പ്രകടനം ഒന്ന് കൊണ്ട് മാത്രം വിലയിരുത്താം.

മഞ്ജുവുമായി പിരിഞ്ഞു, കാവ്യയെ ഒപ്പം നിർത്തി
കരിയറിന്റെ ഉന്നതിയിൽ നിൽക്കുകയായിരുന്ന മഞ്ജു വാര്യറെ വിവാഹം കഴിച്ച ശേഷം ദിലീപിന് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. 1998 ഒക്ടോബർ 20നായിരുന്നു അവരുടെ വിവാഹം നടന്നത്. മലയാളത്തിലെ അഭിനേത്രിമാരിൽ മുൻനിരയിലേക്ക് നടന്നടുക്കുകയായിരുന്ന മഞ്ജുവിന്റെ കരിയറിന് അവിടെ തിരശീല വീഴുകയായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതം 2014ലാണ് ഇരുവരും അവസാനിപ്പിച്ചത്.
പിന്നീട് മഞ്ജു വാര്യർ സിനിമയിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചു വരികയും ചെയ്‌തു. ദിലീപുമായുള്ള ദാമ്പത്യ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും മഞ്ജു വാര്യർ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നില്ല എന്നതാണ് കൗതുകകരമായ കാര്യം. നിലവിൽ തെന്നിന്ത്യൻ സിനിമയിൽ തന്നെ വിലയേറിയ നായികമാരിൽ ഒരാളായി മഞ്ജു വാര്യർ മാറി. രജനീകാന്ത് ഉൾപ്പെടെയുള്ള വൻ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യവും അവർക്കുണ്ടായി.
മഞ്ജുവുമായി വേർപിരിഞ്ഞ ശേഷമാണ് ദിലീപ് സഹതാരമായിരുന്ന കാവ്യ മാധവനെ വിവാഹം ചെയ്‌തത്. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ തന്നെ ഇവർ തമ്മിൽ അടുപ്പത്തിലായിരുന്ന എന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും ഒന്നും ആധികാരികമായിരുന്നില്ല. ഈ ബന്ധത്തിൽ മഹാലക്ഷ്‌മി എന്ന മകളും ഇവർക്കുണ്ട്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷിയും ഇവർക്കൊപ്പമാണ് കഴിയുന്നത്.
ജയിൽവാസം, സിനിമയിലെ തുടർപരാജയം
2017ൽ മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് ദിലീപ് യഥാർത്ഥത്തിൽ പിന്നിലേക്ക് പോയത്, ഈ കേസിൽ അദ്ദേഹത്തിന് ജയിൽ വാസവും അനുഭവിക്കേണ്ടി വന്നിരുന്നു. തിരിച്ചുവരവ് ശേഷം സിനിമാ ജീവിതത്തിൽ കാര്യമായ ഹിറ്റുകൾ ഒന്നും തന്നെ ഉണ്ടാക്കിയെടുക്കാൻ ദിലീപിന് കഴിഞ്ഞിരുന്നില്ല, സച്ചി എഴുതി അരുൺ ഗോപി സംവിധാനം ചെയ്‌ത രാമലീല മാത്രമായിരുന്നു അതിന് അപവാദം.
പിന്നീട് ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ അധികവും ബോക്‌സ് ഓഫീസിൽ കാര്യമായി നേട്ടമുണ്ടാക്കിയില്ല. പല ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്‌തു. മൂന്നോളം ചിത്രങ്ങൾ ഒടിടിയിലും വിറ്റുപോയില്ലെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും കൂടുതൽ പ്രോജക്റ്റുകളുമായി താരം തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഇപ്പോൾ.
600 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ?
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ സമാന്തരമായി ദിലീപ് വ്യവസായ രംഗത്തും മറ്റ് ബിസിനസുകളിലും പണമിറക്കി ലാഭം കൊയ്‌തിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻ എന്ന പേരിൽ നിർമ്മാണ കമ്പനിയും, ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും ദേ പുട്ട് എന്ന പേരിൽ റസ്‌റ്റോറന്റ് ശ്രംഖലയും താരത്തിന് സ്വന്തമായുണ്ട്. ധാരാളം റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങളും ദിലീപ് നടത്തിയിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 600 കോടി രൂപയുടെ ആസ്‌തിയുണ്ട് താരത്തിന് എന്നാണ് മനോരമ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications