'ബോചെയുടെ ഓഫർ അത്ര പോസിറ്റീവ് ആയിട്ട് തോന്നിയില്ല'; ആ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് ബ്ലെസി
സൗദി അറേബ്യയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്‌ദുൾ റഹീമിന്റെ മോചനത്തിനായി കേരളക്കരയാകെ ഒന്നിച്ച വാർത്ത എല്ലാവരും കേട്ടതാണ്. യാചക യാത്രയുമായി ബോബി ചെമ്മണ്ണൂരാണ് അന്ന് റഹീമിന്റെ മോചനത്തിനായുള്ള ഫണ്ട് ശേഖരണത്തിന് മുൻപന്തിയിൽ നിന്നത്. ഇതിന് പിന്നാലെ 34 കോടി എന്ന വലിയ സംഖ്യ സമാഹരികുകയും റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ റഹീമിന്റെ കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി സംവിധായകൻ ബ്ലെസിയെ സമീപിച്ചെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും ബോചെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി രംഗത്ത് വന്നിരിക്കുകയാണ്.

തന്നെ ബോബി ചെമ്മണ്ണൂർ ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപിച്ചുവെന്നും, എന്നാൽ ആ ഓഫർ തനിക്ക് പോസിറ്റീവ് ആയി തോന്നിയില്ലെന്നുമാണ് ബ്ലെസി മാധ്യമങ്ങളോട് പറഞ്ഞത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആടുജീവിതം പോലെയൊരു സിനിമ കൂടി ചെയ്യാൻ തനിക്ക് താൽപര്യം ഇല്ലെന്നാണ് ബ്ലെസി പറയുന്നത്.
'കഴിഞ്ഞ ദിവസം ദുബായിലേക്ക് വരാനായി ഫ്ലൈറ്റ് കാത്ത് നിൽക്കുമ്പോഴാണ് ബോചെ വിളിക്കുന്നത്. ഫ്ലൈട്ട വൈകി ഞാൻ മാനസികമായി അത്ര നല്ല നിലയിൽ അല്ലാതെ നിൽക്കുമ്പോഴാണ് അദ്ദേഹം എന്നെ വിളിക്കുന്നതും ഈ കാര്യങ്ങൾ സംസാരിക്കുന്നതും. പലവിധ തിരക്കുകളിൽ ആയതിനാൽ ഞാൻ അബ്‌ദുൾ റഹീമിന്റെ കഥ അറിഞ്ഞിരുന്നില്ല' അദ്ദേഹം പറയുന്നു.
'എനിക്ക് ഈ കഥ അറിയില്ലാലോ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹമാണ് അബ്‌ദുൾ റഹീം ഒരു ടാക്‌സി ഡ്രൈവർ ആണെന്നും ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ സംഭവങ്ങൾ എല്ലാം ഉണ്ടായതെന്നും പറയുന്നത്' ബ്ലെസി കൂട്ടിച്ചേർത്തു.
'അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്നൊരു മറുപടി നൽകിയില്ല. ആടുജീവിതത്തിന്റെ തുടർച്ച പോലെ മറ്റൊരു കഥ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ല. ഇക്കാലം കൊണ്ട് വെറും എട്ട് സിനിമകൾ മാത്രമേ ഞാൻ സംവിധാനം ചെയ്‌തിട്ടുള്ളൂ, ഒരു മടിയനായ സംവിധായകനാണ് ഞാൻ. ഒൻപതാമത്തെ സിനിമ കഴിഞ്ഞതിൽ നിന്ന് വ്യത്യസ്‌തമാവാൻ ശ്രമിക്കുന്നത് കൊണ്ടാണ് വൈകുന്നത്' ബ്ലെസി പറയുന്നു.
'അതുകൊണ്ടാവാം അദ്ദേഹത്തിന്റെ ഓഫർ എനിക്ക് അത്ര പോസിറ്റീവ് ആയിട്ട് തോന്നിയില്ല. അദ്ദേഹത്തോട് മറുപടി പറഞ്ഞിട്ടില്ല. മൂന്ന് മാസം കൊണ്ട് സിനിമ വേണമെന്നാണ് അദ്ദേഹം പറയുന്നത്. മറ്റൊരാൾക്ക് അത് ചെയ്യാൻ സാധിക്കട്ടെ. അദ്ദേഹത്തിന്റെ ശ്രമം നടക്കട്ടെ' എന്നായിരുന്നു ബ്ലെസി പറഞ്ഞത്.












Click it and Unblock the Notifications