കത്തിക്കേറി ആടുജീവിതം, സണ്‍ഡേ ടെസ്റ്റും പാസായി; ചിത്രത്തിന്റെ ബജറ്റ് എത്ര? വെളിപ്പെടുത്തി ബ്ലെസി
മലയാളത്തിലെ സര്‍വകാല ഹിറ്റായി ആടുജീവിതം മാറുമെന്നാണ് ആദ്യ നാല് ദിനങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. അത്രയ്ക്കും ഗംഭീര റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് അവധിക്കാലമായതിനാല്‍ ഉറപ്പായും കളക്ഷന്‍ മുന്നേറുമെന്ന് ഉറപ്പാണ്. മലയാള സിനിമയുടെ നല്ല കാലം കൂടിയാണ് 2024ല്‍ വന്നെത്തിയിരിക്കുന്നത്.
എബ്രഹാം ഓസ്ലര്‍ എന്ന മികച്ച ചിത്രത്തിന്റെ വിജയത്തിലൂടെയാണ് മലയാള സിനിമ ഈ വര്‍ഷം ആരംഭിച്ചത്. പിന്നീട് ഫെബ്രുവരില്‍ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിങ്ങനെ തുടരെ മൂന്ന് ബ്ലോക്ബസ്റ്ററുകളാണ് മലയാള സിനിമയില്‍ ഒരു മാസത്തില്‍ ലഭിച്ചത്. അതിന്റെ അലയൊലി തീരും മുമ്പാണ് ആടുജീവിതം മെഗാ വിജയമായി മാറിയിരിക്കുന്നത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് 21.6 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷനായിരുന്നു. അതുപോലെ ആഗോള തലത്തില്‍ മൊത്തം 48 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു. ഇതിനോടകം 50 കോടിയും പിന്നിട്ടാണ് ആടുജീവിതം കുതിക്കുന്നത്.
നാലാദിനം ഇന്ത്യയില്‍ നിന്ന് 8.50 കോടി കളക്ട് ചെയ്യുമെന്നാണ് ബോക്‌സോഫീസ് ട്രാക്കിംഗ് അനലിസ്റ്റായ സാക്‌നിക് പ്രവചിക്കുന്നത്. ചിത്രത്തിന്റെ രാത്രി വരെയുള്ള ഷോകളിലെ ഒക്ക്യുപ്പെന്‍സി പരിശോധിച്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അന്തിമ കണക്കുകളില്‍ ചെറിയ മാറ്റം വരാം. ഞായറാഴ്ച്ച വൈകിട്ടത്തെയും രാത്രിയിലെയും ഷോകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെയും ഉച്ചയ്ക്കും മികച്ച ഒക്ക്യുപ്പെന്‍സി തന്നെ ചിത്രത്തിനുണ്ടായിരുന്നു. രാവിലെ 69.69 ശതമാനം ഒക്ക്യുപ്പെന്‍സിയും, ഉച്ചയ്ക്ക് ശേഷമുള്ള ഷോകളില്‍ 86.82 ശതമാനവുമാണ് ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തി. വൈകീട്ടത്തെ ഷോകളില്‍ 89.40 ശതമാനവും, രാത്രിയിലെ ഷോകളില്‍ 73.77 ശതമാനവുമായി ഒക്ക്യുപ്പെന്‍സി.
ഇനി വര്‍ക്കിംഗ് ഡേയായ തിങ്കളാഴ്ച്ച വരെ പിടിച്ച് നില്‍ക്കുക എന്നതാണ് ചിത്രത്തിനുള്ള വലിയ കടമ്പ. ഫഹദ് ഫാസിന്റെ ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങളാണ് വിഷു റിലീസുകളായി വരാനിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍. അതുവരെ ആടുജീവിതത്തിന് ബോക്‌സോഫീസില്‍ എതിരാളികളില്ല.
അതേസമയം ബോക്‌സോഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച്ചത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ആടുജീവിതം നേടിയ തുക 1.63 കോടി രൂപയാണ്. ഇത് വൈകീട്ട് വരെയുള്ള കണക്കുകളില്‍ നിന്നാണ്. മൊത്തം ഇതിനേക്കാള്‍ മുകളില്‍ വരും. മണ്‍ഡേ ടെസ്റ്റു ആടുജീവിതം പാസാക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആടുജീവിതത്തിന്റെ ബജറ്റ് സംബന്ധിച്ച ചര്‍ച്ചകളും ഒരു ഭാഗത്ത് നടക്കുന്നത്.
ഏറെ തയ്യാറെടുപ്പുകളും അതുപോലെ വര്‍ഷങ്ങളുടെ പ്രയത്‌നവും ചിത്രത്തിന് വേണ്ടി വന്നിരുന്നു. ഇക്കാര്യത്തില്‍ സംവിധായകന്‍ ബ്ലെസി തന്നെ പ്രതികരിച്ചിരിക്കുകയാണ്. 82 കോടിയാണ് ചിത്രത്തിനായി വേണ്ടി വന്ന ബജറ്റ് എന്ന് പറയുകയാണ് ബ്ലെസി. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ഷൂട്ടിംഗ് നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications