'അവൻ ഉള്ളിലുള്ളതൊക്കെ തുറന്ന് കാണിക്കും...'; ഷൈനിനെ കുറിച്ച് ജോണി ആന്റണി
മലയാളികളുടെ പ്രിയ സംവിധായകനും നടനുമൊക്കെയാണ് ജോണി ആന്റണി. ഒരു കാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച, മലയാളത്തിന് എക്കാലത്തും ഓർത്തിരിക്കാവുന്ന കോമഡി ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹമിപ്പോൾ അഭിനയവും സീരിയസായി എടുത്തിരിക്കുകയാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച മഹാറാണി എന്ന ചിത്രത്തിൽ സഹതാരമായ ഷൈൻ ടോം ചാക്കോയെ കുറിച്ച് മനസ് തുറക്കുകയാണ് ജോണി ആന്റണി ഇപ്പോൾ.
ഷൈൻ ടോം ചാക്കോ ഒരു പച്ചയായ മനുഷ്യനാണെന്നും, ഉള്ളിൽ കള്ളത്തരം ഇല്ലാത്ത ആളായിട്ടാണ് തോന്നിയതെന്നും ജോണി ആന്റണി പറഞ്ഞു. ഷൂട്ടിംഗ് സെറ്റിൽ എന്തൊക്കെ തമാശകളും കളിചിരിയും ഉണ്ടായാലും അഭിനയിക്കുമ്പോൾ ഷൈൻ വേറെ ആളാവുമെന്നും ജോണി ആന്റണി പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

'ഇന്റർവ്യൂസിലും സിനിമയിലുമെല്ലാം ഷൈൻ ഗംഭീരമായി വരുന്നുണ്ട്. വളരെ പച്ചയായ മനുഷ്യനാണ് ഷൈൻ. മനസിലുള്ളതെല്ലാം തുറന്ന് കാണിക്കുന്ന സ്വഭാവമാണ് അവന്. ഉള്ളിൽ ഒരു കള്ളത്തരവും ഇല്ലാത്ത ആളായിട്ടാണ് എനിക്ക് തോന്നിയത്' ജോണി ആന്റണി പറഞ്ഞു.
'ഒരുപാട് കാലം കമൽ സാറിന്റെ അസിസ്‌റ്റന്റ് ആയിരുന്നു ഷൈൻ. അതിന്റെതായ കാര്യങ്ങളെല്ലാം പുള്ളിക്ക് നന്നായി അറിയാം. റോഷൻ ആണെങ്കിലും നല്ല മാന്യനായ ഒരു പയ്യനായിരുന്നു. രണ്ട് പേരും നല്ല രസമായിരുന്നു' മഹാറാണിയിലെ മറ്റൊരു സഹതാരമായ റോഷൻ മാത്യുവുമായുള്ള അനുഭവം കൂടി പങ്കുവച്ചു കൊണ്ട് ജോണി ആന്റണി കൂട്ടിച്ചേർത്തു.
ജി മാർത്താണ്ഡൻ ഒരുക്കിയ മഹാറാണി എന്ന ചിത്രത്തിൽ ജോണി ആന്റണിക്കൊപ്പം ഷൈൻ ടോം ചാക്കോയും, റോഷൻ മാത്യുവും മുഖ്യ വേഷത്തിൽ എത്തിയിരുന്നു. നവംബർ 24നാണ് ചിത്രം റിലീസ് ചെയ്‌തത്. ഇവർക്ക് പുറമെ നിഷ സാരംഗ്, ബാലു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയ വമ്പൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നു.












Click it and Unblock the Notifications