'ലോഹി മുഴുവനായി കഥ മാറ്റി, അത് ലാലിനെ വിഷമിപ്പിച്ചു, പിന്നീട് അദ്ദേഹം എന്റെ സിനിമ ചെയ്‌തിട്ടില്ല'; കമൽ
മോഹൻലാൽ നായകനാവേണ്ടിയിരുന്ന ചക്രം എന്ന സിനിമ മുടങ്ങിപ്പോവാൻ ഇടയായ കാരണത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ കമൽ. വടക്കേ ഇന്ത്യയിലേക്ക് ചരക്കുമായി പോവുന്ന ഒരു ഡ്രൈവറുടെ കഥയായാണ് ആദ്യം ചിത്രം പ്ലാൻ ചെയ്‌തത്. എന്നാൽ ഷൂട്ട് തുടങ്ങുന്നതിന് തൊട്ട് മുൻപാണ് സിനിമയുടെ കഥാപശ്ചാത്തലം ഉൾപ്പെടെ മാറ്റിയതായി ലോഹി പറയുന്നതെന്നും ഇത് മോഹൻലാലിന് വലിയ പ്രയാസമുണ്ടാക്കിയെന്നും കമൽ പറയുന്നു.
പിന്നീടൊരിക്കലും ലോഹിയുടെയോ തന്റെയോ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടില്ലെന്നും കമൽ പറയുന്നു. 'നോർത്ത് ഇന്ത്യയിലേക്ക് ചരക്ക് കൊണ്ടുപോവുന്ന ഒരു ലോറി ഡ്രൈവറുടെയും അയാളുടെ കിളിയുടെയും കഥയാണ് ഞാൻ ആദ്യം കേൾക്കുന്നത്. അതെനിക്ക് നന്നായി ഇഷ്‌ടപ്പെടുകയും ചെയ്‌തു. ആ വേഷം മോഹൻലാൽ ചെയ്‌താൽ ഗംഭീരമായിരിക്കുമെന്ന് ഞാൻ പറയുകയും ചെയ്‌തു' കമൽ പറയുന്നു.

'അങ്ങനെയാണ് മോഹൻലാൽ വളരെ എക്സൈറ്റഡ് ആവുന്നത്. അങ്ങനെ തലയിൽ കെട്ടിക്കേ കെട്ടിയുള്ള ആ ഫോട്ടോഷൂട്ട് ഉൾപ്പെടെ ചെയ്‌തു വച്ചു. എന്നാൽ അപ്പോഴൊന്നും ഇതിന്റെ വൺ ലൈൻ പോലും ലോഹി എഴുതി തീർത്തിട്ടില്ല. എന്നാൽ ഷൂട്ടിന്റെ പല കാര്യങ്ങളും തുടങ്ങുകയും പാട്ട് റെക്കോർഡിംഗ് ആരംഭിക്കുകയും ഒക്കെ ചെയ്‌തിരുന്നു. ലാൽ വരാൻ അൽപ്പം വൈകുമെന്ന് ഞാൻ ലോഹിയോട് പറഞ്ഞിരുന്നു' അദ്ദേഹം പറഞ്ഞു.
'ദിലീപിനെ വച്ച് ഷൂട്ട് തുടങ്ങാമെന്ന് അപ്പോഴേക്കും ലോഹി പറഞ്ഞു. എന്നാൽ ലാലിന് അതൊരു പ്രയാസമായി. തന്നെ വച്ച് തന്നെ ഷൂട്ട് തുടങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ പെട്ടെന്ന് ലോഹി മുഴുവൻ കഥയും പറഞ്ഞപ്പോൾ ഞാൻ ഷോക്കായി. തമിഴ്‌നാട്ടിൽ ഒക്കെയായി നടക്കുന്ന രീതിയിലായിരുന്നു പുതിയ കഥ. ഇതോടെ എന്റെ മനസിൽ ഉണ്ടായിരുന്ന സിനിമയല്ലാതെ അത് മാറി' കമൽ പറയുന്നു.
'എന്നോട് അദ്ദേഹത്തെ വിശ്വസിക്കാനാണ് ലോഹി ആവശ്യപ്പെട്ടത്. പക്ഷേ ലാൽ അഭിനയിക്കാൻ വന്നപ്പോൾ ഞാൻ ശരിക്കും പെട്ടു. എനിക്കൊന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതോടെ ലാൽ അസ്വസ്ഥനായി. പിന്നീട് ലാൽ എന്നെ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഒന്നും തോന്നരുത് ഞാൻ ഈ പടത്തിൽ തൃപ്‌തനല്ല എന്നാണ് പറഞ്ഞത്. പിന്നീട് ഒരിക്കലും ഞാനുമായിട്ടോ ലോഹിയുമായിട്ടോ ലാൽ പടം ചെയ്‌തിട്ടില്ല' കമൽ കൂട്ടിച്ചേർത്തു.
അതേസമയം, മലയാളത്തിലെ യുവതാരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പിന്നീട് ലോഹിതദാസ് ചക്രം ഒരുക്കുകയായിരുന്നു. വെറും 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന പൃഥ്വിരാജ് ചന്ദ്രഹാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം താരത്തിന്റെ കരിയറിൽ നാഴികക്കല്ലായിരുന്നു. ചിത്രത്തിൽ ദിലീപിന് പകരം വിജീഷാണ് ആ വേഷം ചെയ്‌തത്.
നായികാ മീര ജാസ്‌മിനായിരുന്നു. നായികയായി ആദ്യം തീരുമാനിച്ചതാവട്ടെ വിദ്യ ബാലനെയായിരുന്നു. വിദ്യ ബാലന്റെ അരങ്ങേറ്റ ചിത്രമാവേണ്ടതായിരുന്നു ചക്രം. ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ട് മുൻപാണ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നത്. ചിത്രത്തിന്റെ പോസ്‌റ്റർ ഉൾപ്പെടെ പലയിടത്തും പ്രത്യക്ഷപ്പെടുകയും സിനിമാ മാഗസിനുകളിലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയും ഒക്കെ ചെയ്‌തിരുന്നു. പിന്നീടാണ് ഇത് മുടങ്ങിയത്.












Click it and Unblock the Notifications