'ജയറാം എന്ന നടനെ പലരും വിലകുറച്ചു കാണാറുണ്ട്, അർഹിച്ച അംഗീകാരങ്ങൾ കിട്ടിയിട്ടില്ല'; കമൽ പറയുന്നു
നടൻ ജയറാമിന്റെ അഭിനയത്തെ പുകഴ്ത്തി പ്രമുഖ സംവിധായകൻ കമൽ. ജയറാമിലെ നടനെ പലരും വിലകുറച്ചു കാണുകയാണെന്നും പലപ്പോഴും അവാർഡുകൾ കിട്ടുമെന്ന് കരുതിയപ്പോഴും ദൗർഭാഗ്യം കൊണ്ട് നഷ്‌ടമാവുകയായിരുന്നു എന്നും കമൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ പ്രിയ താരത്തെ കുറിച്ച് ഹിറ്റ് സിനിമകളുടെ സംവിധായകനായ കമൽ മനസ് തുറന്നത്.
കമൽ സംവിധാനം ചെയ്‌ത് ജയറാം നായകനായ 'നടൻ' എന്ന ചിത്രത്തിലെ അഭിനയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു കമലിന്റെ പ്രസ്‌താവന. ഷാജി എൻ കരുണിന്റെ സ്വപാനം എന്ന സിനിമയിലെ ജയറാമിന്റെ അഭിനയവും കമൽ എടുത്തുപറഞ്ഞു. ജയറാമിന് വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചിട്ടില്ലെന്നും കമൽ പറയുകയുണ്ടായി.

അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാത്തത് കൊണ്ട് തന്നെയാണ് ജയറാം പിന്നീട് ഇത്തരം വേഷങ്ങൾ ചെയ്യാത്തതെന്നും കമൽ പറഞ്ഞു. 'ജയറാം എന്ന നടനെ പലപ്പോഴും പലരും വില കുറച്ചു കണ്ടിട്ടുണ്ട്. പക്ഷേ നടൻ എന്ന സിനിമയിലെ ജയറാമിന്റെ പെർഫോമൻസ് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. വാർധക്യത്തിൽ എത്തിയ ദേവദാസ് എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് ജയറാം അവതരിപ്പിച്ചത്' കമൽ പറയുന്നു.
'ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ജയറാമിന് തന്നെ കിട്ടുമെന്നാണ് കരുതിയിരുന്നത്. നടൻ, ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത സ്വപാനം എന്നീ ചിത്രങ്ങളിലെ ജയറാമിന്റെ അഭിനയം കണ്ട എല്ലാവരും ഒരുപോലെ പറഞ്ഞതാണ് ഇത്തവണ അവാർഡ് ജയറാമിന് തന്നെ ആയിരിക്കുമെന്ന്. ജയറാമും അത് ആഗ്രഹിച്ചിരുന്നു. പക്ഷേ എന്തോ നിർഭാഗ്യം കാരണം ജയറാമിന് അത് കിട്ടിയില്ല' അദ്ദേഹം പറഞ്ഞു.
'ജയറാമിന് അവാർഡ് കിട്ടാത്തതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവാർഡുകളുടെ കാര്യത്തിൽ ജയറാമിന് പലപ്പോഴും ഇത്തരത്തിലുള്ള നിർഭാഗ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാവും പിന്നീട് അദ്ദേഹം ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാതെ പോയതും' കമൽ ചൂണ്ടിക്കാട്ടി.
'ജയറാം കോമഡി മാത്രം ചെയ്‌താൽ നന്നാവുള്ളൂ എന്ന തെറ്റിദ്ധാരണ മറ്റായ ചിത്രങ്ങളായിരുന്നു അതെല്ലാം. ഈ സിനിമകളിൽ ഒന്നിലും ജയറാമിന്റെ കഥാപത്രങ്ങൾക്ക് കോമഡി രംഗങ്ങൾ ഒന്നുമില്ല. സീരിയസ് ആയിട്ടുള്ള വേഷമാണ് ചെയ്‌തത്. പല പ്രായത്തിലുള്ള സമയത്തെ വേഷങ്ങളും ഇതിൽ അവതരിപ്പിച്ചിരുന്നു. അവസാന സമയത്തെ പെർഫോമൻസ് ഒക്കെ അത്രയും ഗംഭീരമായിരുന്നു' നടൻ എന്ന സിനിമയെ കുറിച്ച് കമൽ പറയുന്നു.
അതേസമയം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സൂപ്പർഹിറ്റ് കോമഡി ചിത്രത്തിലൂടെ ജയറാമിന് മലയാള സിനിമയിൽ മികച്ച അവസരങ്ങൾ ഉണ്ടാക്കി കൊടുത്ത സംവിധായകൻ ആയിരുന്നു കമൽ. പിന്നീട് പ്രാദേശിക വാർത്തകൾ, തൂവൽസ്‌പർശം, ശുഭയാത്ര, പൂക്കാലം വരവായി, ആയുഷ്‌കാലം, കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്, സ്വപ്‌ന സഞ്ചാരി, നടൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു.












Click it and Unblock the Notifications