'സേ ഇറ്റ് പറഞ്ഞ് ഗിയർ മാറ്റിയ പുള്ളി, സ്ത്രീ വിരുദ്ധതയുടെ ആഖ്യാനം മാറ്റി'; ഗീതു മോഹൻദാസിനെതിരെ സംവിധായകൻ
കന്നഡയിലെ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്ക്. ചിത്രത്തിന്റെ ഒരു മിനിറ്റോളം വരുന്ന ടീസർ ഇന്ന് യാഷിന്റെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ച് യൂട്യൂബിൽ പങ്കുവച്ചിരുന്നു. വലിയ സ്വീകാര്യതയാണ് ഈ ടീസറിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് യാഷിന്റെ ഒരു ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവരുന്നത്.
എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിനെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട നിലപാടിൽ ഗീതു മോഹൻദാസ് മാറ്റം വരുത്തിയെന്നാണ് നിതിൻ ആരോപിക്കുന്നത്. ടോക്‌സിക്കിലെ ടീസർ രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് കസബ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അദ്ദേഹത്തിന്റെ വിമർശനം.

നേരത്തെ കസബയെ കുറിച്ച് നടി പാർവതി തിരുവോത്ത് ഗുരുതര വിമർശനം ഉന്നയിക്കുമ്പോൾ ഇതേ വേദിയിൽ ഗീതു മോഹൻദാസും ഒപ്പമുണ്ടായിരുന്നു. പാർവതിയോട് തുറന്നു പറയാൻ ആവശ്യപ്പെട്ടതും ഗീതു മോഹൻദാസ് ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ കൂടിയായ നിതിന്റെ വിമർശനം.
സ്ത്രീ വിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീ ശരീരത്തെ വസ്‌തുവല്‍ക്കരിക്കുന്ന ആണ്‍നോട്ടങ്ങളില്ലാത്ത, കസബയിലെ ആണ്‍മുഷ്‌ക് മഷിയിട്ടു നോക്കിയാലും കാണാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്‌കാരം എന്നായിരുന്നു ടോക്‌സിക്കിലെ രംഗങ്ങളെ കുറിച്ച് നിതിൻ കുറിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
സേ ഇറ്റ് സേ ഇറ്റ് എന്നുപറഞ്ഞ് ഗിയറു കേറ്റിവിട്ട പുള്ളി പക്ഷേ സ്‌റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി? എന്നും നിതിൻ രഞ്ജി പണിക്കർ തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ടോക്‌സിക് എന്ന ഹാഷ്‌ടാഗോടെയാണ് അദ്ദേഹം തന്റെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിക്കുകയാണ് നിതിൻ രഞ്ജി പണിക്കരുടെ പോസ്‌റ്റ്. ടോക്‌സിക്കിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ യാഷിലെ സൂപ്പര്‍താരത്തേയും പുരുഷമേല്‍ക്കോയ്‌മയേയും ഗീതു മോഹൻദാസ് ആഘോഷിക്കുകയാണ് എന്നാണ് പൊതുവെ ഉയരുന്ന വിമർശനം. ഇത്തരം രംഗങ്ങളാണ് സ്‌നീക്ക് പീക്ക് വീഡിയോയിൽ ഉള്ളത്.
അതേസമയം, നിതിൻ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായ കസബയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് പൊതുവേദിയിൽ വച്ചാണ് പാർവതി തിരുവോത്ത് വിമർശനം ഉന്നയിച്ചത്. പിന്നാലെ പാർവതി കടുത്ത സൈബർ ആക്രമണത്തിനും വിധേയമായിരുന്നു. മമ്മൂട്ടി ആയിരുന്നു കസബയിലെ നായകൻ. സിനിമയുടെ പേര് പറയാൻ പാർവതി മടിച്ചപ്പോൾ അതിന് നിർബന്ധിച്ചത് ഗീതുവായിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് നിതിൻ രഞ്ജി പണിക്കരുടെ വിമർശനം.












Click it and Unblock the Notifications