ഇന്ത്യൻ 2 പ്രമോഷനിൽ നിന്ന് കാജൽ അഗർവാളിനെ ഒഴിവാക്കിയോ? ശങ്കറിന്റെ മറുപടി ഇങ്ങനെ, വൻ പ്രഖ്യാപനവും
രാജ്യത്തെ സിനിമാ പ്രേമികൾ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ഏറെ നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രം ഒടുവിൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ഉൾപ്പെടെ വലിയ രീതിയിൽ നടക്കുന്നുമുണ്ട്. ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്ന നായിക കാജൽ അഗർവാളിന്റെ അസാന്നിധ്യം സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ ഇതിനൊക്കെ ഫുൾ സ്‌റ്റോപ്പ് ഇട്ടിരിക്കുകയാണ് സംവിധായകൻ ശങ്കർ ഇപ്പോൾ. കാജൽ അഗർവാളുമായി തനിക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് ശങ്കർ തുറന്നു പറഞ്ഞിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുക്കാത്തതിന്റെ കാരണവും ശങ്കർ തന്നെ വിശദീകരിക്കുന്നുണ്ട്.

ഇന്ത്യൻ 2ൽ അല്ല അതിന്റെ മൂന്നാം ഭാഗത്തിലാണ് കാജൽ അഗർവാൾ പ്രധാന വേഷം ചെയ്യുന്നത് എന്നായിരുന്നു ശങ്കറിന്റെ പ്രതികരണം. രണ്ടാം ഭാഗത്തിൽ കാജൽ അല്ല നായിക എന്നും മൂന്നാം ഭാഗത്തിലാണ് അവരുടെ വേഷമെന്നും ശങ്കർ പറയുന്നു. ഇന്ത്യൻ 2 ജൂലൈ പന്ത്രണ്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യൻ മൂന്നാം ഭാഗവും ഇതിനൊപ്പം ചിത്രീകരണം പൂർത്തിയാക്കി എന്നാണ് ലഭ്യമായ വിവരം. രണ്ടാം ഭാഗത്തിനൊപ്പം തന്നെയായിരുന്നു ഇതിന്റെ ചിത്രീകരണവും നടന്നതെന്നാണ് സൂചന. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം റിലീസിന് എത്തില്ല. 2025ലായിരിക്കും ഇന്ത്യൻ മൂന്നാം ഭാഗം പ്രദർശനത്തിന് എത്തുകയെന്നാണ് വിവരം.
പൊതുവെ പ്രമോഷന്‍ പരിപാടികളില്‍ എല്ലാം സജീവമായി പങ്കെടുക്കുന്ന താരമായ കാജള്‍ അഗര്‍വാളിന്റെ അസാന്നിധ്യം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ ഇന്ത്യന്‍ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ പരിപാടികളിൽ എന്തുകൊണ്ട് താരം പങ്കെടുക്കുന്നില്ല എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതോടെ ശങ്കറുമായുള്ള പ്രശ്‌നം കാരണമാണ് കാജള്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തത് എന്ന വാർത്ത പ്രചരിച്ചിരുന്നു.
അതേസമയം, കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ പിറന്ന കൾട്ട് ക്ലാസിക് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സേനാപതി എന്ന ഏറെ ആരാധകരുള്ള കഥാപാത്രമായാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തുന്നത്.
അന്തരിച്ച മലയാളികളുടെ പ്രിയ താരം നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ കാണാൻ ഇന്ത്യൻ 2ലൂടെ കഴിയും. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, എസ്‌ജെ സൂര്യ, ബോബി സിംഹ, കാളിദാസ് ജയറാം, ബ്രഹ്മാനന്ദം, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.












Click it and Unblock the Notifications