'എനിക്ക് രണ്ട് പെൺമക്കളാണ്, സ്ത്രീ സുരക്ഷിതമായ അന്തരീക്ഷം വേണം'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെങ്കട്ട് പ്രഭു
ചെന്നൈ: മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് തമിഴ് സിനിമാ ലോകത്തും ഇത്തരമൊരു നീക്കം ആവശ്യമാണെന്ന മുറവിളികൾ ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് പ്രമുഖ സംവിധായകൻ വെങ്കട്ട് പ്രഭു. സൂപ്പർ സ്‌റ്റാർ വിജയ് നായകനാവുന്ന ഗോട്ട് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കെയാണ് വെങ്കട്ട് പ്രഭുവിന്റെ പ്രതികരണം. ഇപ്പോൾ മുതലെങ്കിലും തമിഴ് സിനിമ തിരുത്താൻ തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വെങ്കട്ട് പ്രഭുവിന്റെ മറുപടി. തമിഴ് സിനിമാ ലോകത്ത് നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്ന ചുരുക്കം ചില സെലിബ്രറ്റികളിൽ ഒരാളാണ് വെങ്കട്ട് പ്രഭു. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന തൊഴിലിടമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

'എനിക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ കൂടുതൽ സുരക്ഷിതമായ സ്ഥലം ആവശ്യമാണ്' അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വെങ്കട്ട് പ്രഭു എടുത്തുപറഞ്ഞു. നടൻ വിശാലിനും നടി രാധിക ശരത് കുമാറിനും ശേഷം വിഷയത്തിൽ പ്രതികരിക്കുന്ന പ്രമുഖരിൽ ഒരാൾ കൂടിയാണ് വെങ്കട്ട് പ്രഭു.
'പുരുഷൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഭയപ്പെടുന്ന തരത്തിലുള്ള ശിക്ഷകൾ ഉറപ്പാക്കണം' എന്നായിരുന്നു വെങ്കട്ട് പ്രഭു അഭിപ്രായപ്പെട്ടത്. സമൂഹത്തിലെ ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന് പറഞ്ഞ വെങ്കട്ട് പ്രഭു പക്ഷേ സിനിമ മേഖലയ്ക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ അൽപ്പം കൂടുതലാണെന്നും അഭിപ്രായപ്പെട്ടു.
'മാധ്യമങ്ങൾ, ഐടി, സ്‌പോർട്‌സ് എന്നിവയുൾപ്പെടെ എല്ലാ വ്യവസായങ്ങളിലും സ്ത്രീകൾ ഒരേ വഴിയിലൂടെയാണ് കടന്നുപോകുന്നത്' അദ്ദേഹം ചൂണ്ടിക്കാട്ടി. ഗായിക ചിന്മയി ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തമിഴ് സിനിമാ മേഖല ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നായിരുന്നു സംവിധായകന്റെ മറുപടി.
എന്നാൽ ഇക്കാര്യത്തിൽ ഗായിക ചിന്മയി വെങ്കട്ട് പ്രഭുവിന്റെ അഭിപ്രായത്തോട് വിയോജിച്ചു കൊണ്ട് രംഗത്ത് വന്നു. 'വെങ്കട്ട് പ്രഭുവിനെ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഇഷ്‌ടമാണ്, പക്ഷേ ഇൻഡസ്ട്രി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞത് തീർത്തും തെറ്റാണ്. അത് അല്ല. ഫെഫ്‍സി ഇതിൽ ഒന്നും ചെയ്‌തിട്ടില്ല- ജോലി സ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വം ലഭിക്കാൻ ഒരു നിർദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല' ചിന്മയി ചൂണ്ടിക്കാട്ടി.
അതേസമയം, മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മനസിലാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ജസ്‌റ്റിസ് ഹേമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അടുത്തിടെയായിരുന്നു ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ തമിഴ് സിനിമയിൽ ഉൾപ്പെടെ സമാനമായ ഒരു സംവിധാനം വേണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു.












Click it and Unblock the Notifications