'ഈ പ്രസവവും ദിയയുടെ കണ്ടന്റാണ്, പിന്നാലെ കൈയ്യടിയും ആർപ്പുവിളിയും, ഒപ്പം പണത്തിന്റെ ചാകരയും'; ആലപ്പി അഷ്‌റഫ്
അടുത്തിടെ യൂട്യൂബിൽ വലിയ രീതിയിൽ തരംഗമായി മാറിയ വീഡിയോ ആയിരുന്നു ദിയ കൃഷ്‌ണയുടെ പ്രസവം. വ്‌ളോഗർ കൂടിയായ ദിയ നേരത്തെ തന്നെ തന്റെ വേറിട്ട കണ്ടന്റുകൾ കൊണ്ട് കൈയ്യടി നേടിയ താരമായിരുന്നു. നേരത്തെ തന്റെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദിയയുടെ പേര് വലിച്ചിഴക്കപ്പെട്ടെങ്കിലും അതിനൊന്നും അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ദിയയുടെ പ്രസവ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് എല്ലാവരും.
നിരവധി പേരാണ് ഇതിനെ പുകഴ്ത്തി രംഗത്ത് വന്നത്. പലരും ദിയയുടെ ധൈര്യത്തെയും മറ്റും പ്രശംസിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ അഭിപ്രായം പങ്കുവച്ചത്. പ്രസവവും ദിയ കൃഷ്‌ണയുടെ കണ്ടന്റ് ആണെന്നായിരുന്നു ആലപ്പി അഷ്‌റഫ് പറഞ്ഞത്.

നമ്മുടെയൊക്കെ അമ്മമാരോട് നീതി പുലർത്താൻ കഴിഞ്ഞിരുന്നോ എന്ന് ചിന്തിക്കാൻ ഒരു അവസരം കൂടി ദിയ നമുക്ക് തന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പ്രസവത്തിനോടൊപ്പം കയ്യടിയും ആർപ്പുവിളിയും മാത്രമല്ല കോമഡി ഷോയും ഡാൻസും പാട്ടും താള മേളാദികളും ഒക്കെ നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പണ്ട് നമ്മുടെ വീടുകളിൽ ഒന്നോ രണ്ടോ റൂമുകൾ മതി, അഞ്ചും പത്തും പേർ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇന്നാണെങ്കിൽ അഞ്ചും ആറും റൂമുകൾ ഉള്ള വീടുകളിൽ താമസിക്കാൻ രണ്ടോ മൂന്നോ പേർ മാത്രമാണ്. അന്നൊക്കെ സംസാരവും പങ്കുവയ്ക്കലും ഒക്കെ ഉള്ള ഇടമായിരുന്നു വീട്. ഇന്ന് ഏറ്റവും കുറച്ചു സംസാരിക്കുന്നത് അച്ഛനും അമ്മയും മക്കളും ഒക്കെ തമ്മിലാണ്. എല്ലാവരും മൊബൈൽ യുഗത്തിലാണുള്ളത്.
കഴിഞ്ഞ ആഴ്‌ചകളിലായി ഏതാണ്ട് മൂന്ന് പ്രസവ വിഡിയോകൾ യൂട്യൂബിൽ റിലീസ് ചെയ്‌തു. അതിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയി ഓടിയ പ്രസവം നടൻ കൃഷ്‌ണകുമാറിന്റെ മകൾ ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്‌ണയുടേതായിരുന്നു. അതിന്റെ പ്രേക്ഷകർ ഏതാണ്ട് ഒരു കോടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
പിറന്നുവീണപ്പോൾ തന്നെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിലൂടെ ആ കുട്ടി ലക്ഷാധിപതിയായി മാറി. ഇപ്പോഴുള്ള തലമുറയിലെ പെൺകുട്ടികൾ പറയുന്നത് കല്യാണം വേണ്ട ലിവിംഗ് ടുഗദർ മതി കുട്ടികൾ വേണ്ട, പ്രസവിക്കാൻ വയ്യ എന്നൊക്കെയാണ്. എന്നാൽ അതിനൊക്കെ ഒരു അപവാദമായി ദിയ കൃഷ്‌ണ മാറിയിരിക്കുകയാണ്.
കൃഷ്‌ണകുമാറും കുടുംബവും കണ്ടന്റ് ക്രിയേറ്റേഴ്‌സാണ്. അവർ മറ്റാരുടെയും കണ്ടന്റുകൾ എടുക്കാറില്ല. അവരുടെ വീടും ജീവിതവും ഒക്കെയായി ബന്ധപ്പെട്ട കണ്ടന്റുകളാണ് ചെയ്യുന്നത്. അതിനൊക്കെ അവർക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്‌സുമുണ്ട്. ഈ പ്രസവവും ഓസിയുടെ ഒരു കണ്ടന്റാണ്. കാലം മാറുന്നതനുസരിച്ച് ലോകവും മാറിക്കൊണ്ടിരിക്കും, ആ മാറ്റത്തിനോടൊപ്പം സഞ്ചരിക്കാൻ നാം നിർബന്ധിതരാവുകയും ചെയ്യും.
ദിയയ്ക്ക് സൗകര്യങ്ങൾ ഒരുക്കിയിരുന്നത് തിരുവനന്തപുരത്തെ ആശുപത്രിയിലുള്ള അത്യാധുനിക സൗകര്യമുള്ള സ്യൂട്ട് റൂമിൽ ആയിരുന്നു. പ്രസവ സമയത്ത് ഡോക്‌ടർമാരും നഴ്‌സുമാരും കൂടാതെ മാതാപിതാക്കളും സഹോദരിമാരും ആശ്വാസം പകരാനും പ്രോത്സാഹനം കൊടുക്കുവാനും അവിടെ ഉണ്ടായിരുന്നു. പ്രസവത്തിൽ കുടുംബത്തോടൊടൊപ്പം പങ്കുചേരുവാനുള്ള സുവർണാവസരം ദിയ തന്റെ യൂട്യൂബ് പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി.
2009ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രമായ ;ത്രീ ഇഡിയറ്റ്സ്' എന്ന ആമിർ ഖാൻ ചിത്രത്തിൽ ഒരു പ്രസവരംഗമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ പ്രസവം കുറച്ച് എഞ്ചിനീയറിംഗ് വിദ്യാർഥികൾ ചേർന്നെടുക്കുന്നതാണ് അത്. ആ പ്രസവരംഗം ശ്വാസം അടക്കിപ്പിടിച്ചേ നമുക്ക് കാണുവാൻ കഴിയൂ. അന്നത്തെ കാലത്ത് 400 കോടിയാണ് ആ ചിത്രത്തിലൂടെ നിർമ്മാതാവിന് നേടിക്കൊടുത്തത്.
രണ്ട് പ്രസവങ്ങളും ബോക്‌സ് ഓഫിസിൽ സൂപ്പർ ഹിറ്റ്, പണത്തിന്റെ ചാകരയും. ദിയയ്ക്ക് അനുമോദനങ്ങളും ആശംസകളുമായി ലക്ഷക്കണക്കിന് ആളുകൾ എത്തി. അപ്പോഴും നിശിതമായി വിമർശിച്ചുകൊണ്ടും ചിലർ രംഗത്ത് വന്നു. ദിയ കാണിച്ച പല കാര്യങ്ങളും ഫേക്ക് ആണെന്നാണ് യൂട്യൂബറായ സ്ത്രീ പറയുന്നത്.
പ്രസവത്തിന് മുൻപ് മേക്കപ്പ് ചെയ്‌തു വന്നതിനെ കുറിച്ചും വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. അതൊരുപക്ഷേ പ്രസവം ഷൂട്ട് ചെയ്യുന്നത് കൊണ്ടായിരിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുസമൂഹത്തിൽ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും ദിയയ്ക്ക് പിന്തുണയുമായി അണിനിരക്കുകയാണ് ചെയ്‌തത്.
അമ്മമാരെ അനാഥാലയങ്ങളിലും അമ്പലനടയിലും ഉപേക്ഷിക്കുന്നവർക്ക് ഇത് തിരിച്ചറിവിനുള്ള ഒരു അവസരം കൂടിയാകട്ടെ. നമ്മുടെയൊക്കെ അമ്മമാരോട് നീതി പുലർത്താൻ കഴിഞ്ഞിരുന്നോ എന്ന് ചിന്തിക്കാൻ ഒരു അവസരം കൂടി ദിയ നമുക്ക് തന്നിരിക്കുകയാണ്. കാലചക്രം തിരിയുമ്പോൾ മാറ്റങ്ങൾ ഇനിയും വന്നുകൂടാതില്ല. പ്രസവത്തിനോടൊപ്പം കൈയ്യടിയും ആർപ്പുവിളിയും മാത്രമല്ല കോമഡി ഷോയും ഡാൻസും പാട്ടും താള മേളാദികളും ഒക്കെ പ്രതീക്ഷിക്കാം.












Click it and Unblock the Notifications